ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മതങ്ങൾ മതിൽ കെട്ടി വേർതിരിച്ച മനുഷ്യ സമൂഹം ജാതി മത ചിന്തകൾ വലിച്ചെറിഞ്ഞ് കാൽപ്പന്ത് കളിയുടെ ആരവങ്ങളിൽ സ്വയം മറന്നിരിക്കുന്ന സമയത്ത് ഫുട്ബോൾ മത്സരങ്ങളിൽ മതബോധത്തിന്റെ വിഷം കുത്തിക്കയറ്റാൻ ശ്രമിച്ച സമസ്ത നേതാവിന്റെ നിലപാട് നിന്ദ്യവും പരിഹാസ്യവുമാണ്.
ആഗോള ജനത ഏകോദര സഹോദരങ്ങളെപ്പോലെ ഫുട്ബോൾ ഒറ്റ മതമായി സ്വീകരിച്ച് ഖത്തറിലേക്ക് കണ്ണും നട്ടിരിക്കുന്ന സാഹചര്യത്തിൽ സമസ്ത നേതാവിന്റെ പ്രസ്താവന അസ്ഥാനത്തുള്ളതായെന്നതിൽ യാതൊരു സംശയവുമില്ല.
അറേബ്യൻ രാഷ്ട്രമായ ഖത്തറിലാണ് ഇത്തവണത്തെ ഫിഫ ലോക ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്. മത മൂല്യങ്ങൾ കടുകിട തെറ്റാതെ പിന്തുടരുന്ന ഒരു രാഷ്ട്രത്തിൽ ഫുട്ബോൾ മത്സരം നടത്തുന്നതിൽ അനൗചിത്യമൊന്നും കാണാത്ത സംഘാടകർക്കില്ലാത്ത വേവലാതിയാണ് ഭൂഗോളത്തിെല ഏതോ മൂലയ്ക്കിരിക്കുന്ന സമസ്ത നേതാവിനുള്ളത്.
ജീവിത മൂല്യങ്ങളും മത മൂല്യങ്ങളും മുച്ചൂടും നശിച്ചുകൊണ്ടിരിക്കുന്ന കെട്ട കാലത്ത് കേവലം വിനോദമായ ഫുട്ബോൾ മത്സരങ്ങളിൽ പോലും മതചിന്തകൾ കുത്തിക്കയറ്റാനുള്ള ശ്രമം മുഴുത്ത തമാശയല്ലാതെ വേറൊന്നുമില്ല. ഫുട്ബോൾ താരങ്ങളോടുള്ള അന്ധമായ ആരാധനയും ഫുട്ബോൾ മത്സരങ്ങളോടുള്ള യുവാക്കളുടെ അമിത ഭ്രമവുമാണ് സമസ്ത നേതാവിെന വല്ലാതെ വേദനിപ്പിച്ചിരിക്കുന്നത്.
നാല് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ലോക കപ്പ് ഫുട്ബോളിൽ മത്സരിക്കുന്ന ടീമുകളെ യുവാക്കൾ ആരാധിക്കുന്നത് മതപരിഗണനകൾ നോക്കിയല്ല താനും. കേവലം വിനോദം മാത്രമായ ഫുട്ബോൾ മത്സരങ്ങളുടെ ലഹരി കളി തീരുന്നതോടെ അവസാനിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ പ്രേമികളുടെ താരാരാധന മതങ്ങൾക്കും മതബോധങ്ങൾക്കും ആചാരങ്ങൾക്കും ഒരിക്കലും ഭീഷണിയല്ല തന്നെ.
ഫുട്ബോൾ പ്രേമത്തിനെതിരെ വാളെടുക്കുന്നവർ ജീവിതത്തെ മതങ്ങളുടെ കട്ടിക്കണ്ണടയിലൂടെ മാത്രം വീക്ഷിക്കുന്നവരാണ്. കാൽപ്പന്ത് കളിക്കാരെ ആരാധിച്ചാലോ കളിയിൽ അമിത ഭ്രമം കാണിച്ചാലോ ഇല്ലാതാകുന്ന തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല മതമെന്ന് മത നേതാക്കളും പണ്ഡിതരും തിരിച്ചറിയേണ്ടതുണ്ട്.
എഴുതപ്പെട്ട കാലം മുതൽ മതഗ്രന്ഥങ്ങളും മതപൗരോഹിത്യവും മനുഷ്യരെ സന്മാർഗ്ഗം പഠിപ്പിച്ചിട്ടും മനുഷ്യകുലം നന്നായിട്ടില്ലെന്ന യാഥാർത്ഥ്യമെങ്കിലും ഇക്കൂട്ടർ തിരിച്ചറിയണം. ഭൂഖണ്ഡങ്ങളെ ഒന്നിപ്പിച്ച കാൽപ്പന്ത് മത്സരം വിശ്വമാനവികതയുടെ തുയിലുണർത്ത് കൂടിയാണെന്ന യാഥാർത്ഥ്യവും മതം കൊണ്ട് ജീവിതത്തെ വ്യാഖ്യാനിക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട്.
ലഹരി ഉപഭോഗവും അക്രമണോത്സുകതയും വർധിക്കുകയും സ്വന്തം വീടുകളിൽ പോലും പെൺകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന നരക കാലത്ത് സമൂഹത്തെ നന്നാക്കാൻ മതഗ്രന്ഥങ്ങളിൽ പഴുതുകളുണ്ടെങ്കിൽ അവയുപയോഗിച്ച് മെച്ചപ്പെട്ട സമൂഹ പുനഃസൃഷ്ടിക്ക് മുൻകൈയ്യെടുക്കുകയാണ് മത നേതാക്കൾ ചെയ്യേണ്ടത്. അല്ലാതെ വെറുമൊരു കാൽപ്പന്തിൽ മതം തെരയുകയല്ല വേണ്ടത്.