മാതോത്ത് ക്ഷേത്രക്കവർച്ച; പ്രതിയെ തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട് : സംസ്ഥാനപാതയോരത്തെ മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞദിവസം കവർച്ച നടത്തിയയാളെ തിരിച്ചറിഞ്ഞതായി പോലീസ്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പയ്യന്നൂർ സ്വദേശിയാണെന്ന് വ്യക്തമായതായി ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ പറഞ്ഞു. നിരവധി കവർച്ചക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

മോഷ്ടാവ് ക്ഷേത്രത്തിൽ കയറുന്നത് മുതൽ കവർച്ച നടത്തി ഇറങ്ങുന്നത് വരെയുള്ള ദൃശ്യങ്ങൾ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞിരുന്നു. ക്ഷേത്രത്തിന്റെ പിറകിലൂടെ എത്തിയ മോഷ്ടാവ് ചുറ്റമ്പലത്തിന്റെ വടക്കുഭാഗത്തെ വാതിൽ പൊളിച്ചാണ് ഉള്ളിൽ കയറിയത്. അകത്തെ മൂന്ന്‌ ഭണ്ഡാരങ്ങളും മതിൽ കെട്ടിനുള്ളിൽ നടയിൽ സ്ഥാപിച്ച ഭണ്ഡാരമടക്കം നാലെണ്ണമാണ് കുത്തിപ്പൊളിച്ച്‌ കവർച്ച നടത്തിയത്.

പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ വെളിപ്പെടുത്തി. പുലർച്ചെ അഞ്ചോടെ ക്ഷേത്രം മേൽശാന്തി നാരായണൻ എമ്പ്രാന്തിരി നട തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്.

പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എട്ടുവർഷം മുമ്പ് ക്ഷേത്രത്തിൽ നടന്ന സമാനരീതിയിലുള്ള കവർച്ചയിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണമാലയും ഭണ്ഡാരങ്ങളിലെ കാണിക്കയും മോഷണം പോയിരുന്നു.

LatestDaily

Read Previous

ഡിസിസി പ്രസിഡണ്ട് പി. കെ. ഫൈസലിന്റെ ഭൂമി ബാങ്ക് ഏറ്റെടുത്തു

Read Next

ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ്