കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാട്: എം.വി. ഗോവിന്ദൻ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകൾ മൂലമാണ് കോൺഗ്രസിൽനിന്ന് നേതാക്കൾ ബിജഎപിയിലേക്ക് പോവുന്നതെന്ന് സിപിഎം സംസ്ഥാന സിക്രട്ടറി എം.വി ഗോവിന്ദൻ. എന്നാൽ ഒരു കോൺഗ്രസ് നേതാവ് സിപിഎമ്മിലേക്ക് വരുന്നത് വിപ്ലവകരമായ നിലപാടാണെന്ന് കോൺഗ്രസ് നേതാവ് സി.കെ. ശ്രീധരനെ സിപിഎമ്മിലേക്ക് സ്വഗതം ചെയ്ത് കൊണ്ട് സിപിഎം  സംസ്ഥാന സിക്രട്ടറി പറഞ്ഞു.

ബിജെപിയുടെ ഹിന്ദുത്വ സമീപനവും കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളും രാജ്യത്തിന്റെ  മതേതര സങ്കൽപ്പങ്ങൾക്ക് ഭീഷണിയായിരിക്കുന്നു. 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് ഭരണത്തുടർച്ച ലഭിച്ചാൽ ഇന്ത്യയുടെ  മതേതരത്വം അപകടത്തിലാവും.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ബിജെപി ആർ എസ് എസ്  നീക്കങ്ങൾക്ക് തടയിടാൻ മതേതര പാർട്ടികളും, ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം. കോൺഗ്രസിനെ ഹിന്ദു പാർട്ടിയാക്കാൻ കഴിയില്ലെന്ന ബോധ്യത്തിലാണ് ഹിന്ദുത്വവാദികളായ കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉള്ളത് ഉള്ളതു പോലെ കാണാൻ കഴിയണം അമ്പലത്തിൽ പോകുന്നവർക്ക് അമ്പലത്തിൽ പോവാനും, പള്ളിയിൽ പോകുന്നവർക്ക് പള്ളിയിൽ പോകാനും കഴിയണം. ഇത്തരം വിഷയത്തിൽ യുക്തിപരമായ നിലപാട് സിപിഎമ്മിനില്ലെന്നും എല്ലാ മതവിശ്വാസികൾക്കും  അവരവരുടെ വിശ്വാസത്തിൽ ഊന്നി നിൽക്കാൻ കഴിയുന്നതിലൂടെ മാത്രമേ  മതേതരത്വം യാഥാർത്ഥ്യമാവുകയുള്ളു.

ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമമാണ് കേരള ഗവർണ്ണറെ ഉപയോഗപ്പെടുത്തി ബിജെപിയും ആർഎസ്എസും നടത്തുന്നത്. സുന്ദരമായ മുഖം മൂടി ധരിച്ചെത്തുന്ന വർഗ്ഗീയവാദികൾ നാടിനെ ഫാസിസത്തിലേക്ക് കൊണ്ടു പോകാൻ നടത്തുന്ന നീക്കങ്ങളെ തിരിച്ചറിഞ്ഞ് ചെറുത്ത് തോൽപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും  യോജിക്കണമെന്ന് സിപിഎം സംസ്ഥാന സിക്രട്ടറി ആവശ്യപ്പെട്ടു.

LatestDaily

Read Previous

അമ്മയ്ക്കും മകൾക്കും കടന്നൽ കുത്തേറ്റു, മാതാവ് തീവ്രപരിചരണത്തിൽ

Read Next

കെപിസിസി പ്രസിഡണ്ടിന്റെ കസേരയിലിരിക്കാൻ സുധാകരൻ യോഗ്യനല്ല: സി.കെ. ശ്രീധരൻ