ചിട്ടി തട്ടിപ്പ് കേസ് പ്രതി ലോകകപ്പ് യാത്രയിൽ പിടിയില്‍

കാസര്‍കോട്: എട്ട് കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ് കാണാന്‍ പോകുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ എ.എം. നികേഷിനെയാണ് 32, സുരക്ഷാ വിഭാഗം തടഞ്ഞുവെച്ച്‌ പൊലീസിനെ ഏല്‍പിച്ചത്.

2013 മുതല്‍ കാസര്‍കോട് ചന്ദ്രഗിരി ചിട്ടി ഫണ്ട്സ് എന്ന പേരില്‍ ചിട്ടി നടത്തി 300ഓളം ആളുകളില്‍നിന്ന് എട്ടു കോടിയോളം രൂപ തട്ടിയെടുത്ത് നികേഷ് ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം മുങ്ങിയെന്നാണ് പരാതി. കാസര്‍കോട് ബാങ്ക് റോഡിലെ എസ്.എം.എസ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.

മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ രജിത് കുമാര്‍, ദീപേഷ്, ഉണ്ണി കുളങ്ങര, ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നികേഷ്, ശ്രീജിത് എന്നിവരാണ് കേസിലെ പ്രതികള്‍. കരിവേടകം പുളുവഞ്ചിമൂലയിലെ ഗോപാലന്റെ മകന്‍ ടി.എം. രജിയുടെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. മാസത്തവണകളായി ചിട്ടി അടച്ചവരും ഇവരുടെ വാക്ക് വിശ്വസിച്ച്‌ പല തരത്തിലുള്ള നിക്ഷേപം നടത്തിയവരുമാണ് വഞ്ചിക്കപ്പെട്ടത്.

നിക്ഷേപത്തിന് സെക്യൂരിറ്റിയായി എഗ്രിമെന്റും ബാങ്ക് ചെക് ലീഫുകളും വാങ്ങിയിരുന്നതായി ഇടപാടുകാര്‍ പരാതിപ്പെട്ടിരുന്നു. പലരുടെയും കൈയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയിരുന്നതായും പരാതി ഉയര്‍ന്നിരുന്നു.

LatestDaily

Read Previous

എംഡിഎംഏയുമായി 2 പേർ പിടിയിൽ 

Read Next

കരീന കപൂറിൻ്റെ മര്‍ഡര്‍ മിസ്റ്ററി ചിത്രത്തിന്റെ ലണ്ടൻ ഷെഡ്യൂള്‍ പൂര്‍ത്തിയായി