കുഞ്ഞികൃഷ്ണൻ, പ്രിയദർശൻ സിനിമയിൽ

ന്നാ -താൻ കേസ്സ് കൊട് എന്ന സിനിമയിലെ ശ്രദ്ധേയ അഭിനയത്തിലൂടെ മലയാള സിനിമയിൽ വേരുറപ്പിക്കുകയാണ് ഉദിനൂർ സ്വദേശി പി.പി. കുഞ്ഞികൃഷ്ണൻ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൊറോണ പേപ്പഴ്സിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പി.പി. കുഞ്ഞികൃഷ്ണൻ അഭ്രപാളികളിലെത്തുന്നത്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കൊച്ചി അമ്പലമേട് ഫാക്ട് പരിസരത്ത് നടന്നു. നാലുദിവസത്തെ ചിത്രീകരണത്തിൽ സജീവമായ ശേഷം കുഞ്ഞികൃഷ്ണൻ തിരിച്ചെത്തിയത് അടുത്ത ചിത്രീകരണത്തിനുള്ള പ്രിയദർശന്റെ വിളിക്ക് കാതോർത്തുകൊണ്ടാണ്. കൊറോണ പേപ്പേർസ് കുഞ്ഞികൃഷ്ണന്റെ നാലാമത്തെ സിനിമയാണ്.

രണ്ടാമത്തെ ചിത്രം മദനോത്സവത്തിന്റെ ചിത്രീകരണം കാസർകോട് ജില്ലയിലെ ബളാലിൽ പൂർത്തിയാകാറായി. സുധീഷാണ് ഇൗ ചിത്രത്തിന്റെ സംവിധായകൻ. മൃദുൽ എസ്. നായർ സംവിധാനം ചെയ്യുന്ന കാസർഗോൾഡ്, കണ്ണൂർ-കാസർകോട് ജില്ലകളിൽ ചിത്രീകരണം നടന്നുവരുന്നു. ഇൗ ചിത്രത്തിലും മോശമല്ലാത്ത അഭിനയം കുഞ്ഞികൃഷ്ണനുണ്ട്.

കൊറോണ പേപ്പേഴ്സിൽ മുൻനിര താരങ്ങളായ സിദ്ദിഖ്, മണിയൻപിള്ള രാജു, ഷൈൻ നിഗം, ഗായത്രി ശങ്കർ എന്നിവരാണ് താരങ്ങൾ. പേരിടാത്ത മറ്റു രണ്ടുസിനിമകളിലും കുഞ്ഞികൃഷ്ണന് അവസരമുണ്ട്. ഇതിൽ ഒരു ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടിൽ ഫിബ്രവരിയിൽ ആരംഭിക്കും.

നടൻ ഉണ്ണിരാജയാണ് ന്നാ-താൻ കേസ്സ് കൊട് എന്ന സിനിമയുടെ ഓഡിഷന് അപേക്ഷിക്കാൻ കുഞ്ഞികൃഷ്ണന് പ്രേരണയായത്. ഇൗ ചിത്രം റിലീസ് ചെയ്തശേഷം പടം കണ്ട നോവലിസ്റ്റ് ബെന്യാമിൻ, നടന്മാരായ ജയസൂര്യ, ഉണ്ണിമുകുന്ദൻ, എന്നിവരും സംവിധായകൻ പ്രിയദർശനും വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. റിട്ടയേർഡ് അധ്യാപകനായ പി.പി. കുഞ്ഞികൃഷ്ണൻ പടന്ന ഗ്രാമ പഞ്ചായത്തംഗമാണ്.

LatestDaily

Read Previous

കുവൈത്തിൽ കാറ്റും മഴയും തുടരാൻ സാധ്യത; ജാഗ്രത നിർദേശം നൽകി

Read Next

കരട് ഡേറ്റ സംരക്ഷണ ബിൽ-2022 പുറത്തുവിട്ട് കേന്ദ്രം: പിഴ 500 കോടി രൂപ വരെ