ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : അന്ധവിശ്വാസ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിൽ ആത്മീയ ധ്യാന കേന്ദ്രത്തിന്റെ പത്രം വിതരണം നടത്തി. കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രിയിലെ വാർഡുകളിൽ ആലപ്പുഴയിലെ ധ്യാന കേന്ദ്രത്തിന്റെ പേരിൽ അച്ചടിക്കുന്ന പത്രം വിതരണം ചെയ്തത്.
ആലപ്പുഴ കലവൂർ ചുങ്കം കേന്ദ്രമായി പ്രവർത്തിക്കുന്ന കൃപാസനം മരിയൻ ധ്യാന കേന്ദ്രത്തിൽ നിന്നും അച്ചടിച്ച് പുറത്തിറക്കുന്ന കൃപാസനം പത്രമാണ് രോഗികൾക്കിടയിൽ വ്യാപകമായി വിതരണം ചെയ്തത്. അത്ഭുതരോഗ ശാന്തിക്ക് പ്രയോജനപ്പെടുമെന്ന് വിശ്വാസികൾ കരുതുന്ന പത്രമാണ് ആശുപത്രി വാർഡിലെ രോഗികൾക്കിടയിൽ വിതരണം ചെയ്തത്.
കേട്ടാൽ തല മരവിക്കുന്ന അന്ധവിശ്വാസങ്ങളാണ് കൃപാസനം പത്രത്തെചുറ്റിപ്പറ്റി പ്രചരിക്കുന്നത്. ജലദോഷം മുതൽ രക്താർബ്ബുദം വരെ മാറ്റാൻ കൃപാസനം മതിയാകുമെന്നാണ് അന്ധവിശ്വാസം. കൃപാസനത്തിന്റെ അത്ഭുത പ്രവൃത്തികളെക്കുറിച്ചുള്ള വാർത്തകൾ വിശ്വസിച്ച് പെട്രോൾ തീർന്ന ഇരുചക്ര വാഹനത്തിന്റെ ഇന്ധന ടാങ്കിൽ കൃപാസനം പത്രം കീറിയിട്ട വിശ്വാസിക്ക് അടുത്ത കാലത്ത് എട്ടിന്റെ പണികിട്ടിയിരുന്നു.
ഇന്ധനത്തിന് പകരം കൃപാസനം പത്രം കീറിയിട്ടാൽ വാഹനമോടുമെന്ന് കരുതിയാണ് നിഷ്ക്കളങ്കനായ വിശ്വാസി ഇന്ധന ടാങ്കിൽ കൃപാസനം പത്രം കീറിയിട്ടത്. മംഗല്യ ഭാഗ്യമുണ്ടാകാനായി കൃപാസനം പത്രം ദോശയിലും ചമ്മന്തിയിലും അരച്ച് ചേർത്ത് കഴിച്ച യുവതി ആശുപത്രിയിലായത് രണ്ട് വർഷം മുമ്പാണ്.
കോവിഡ് കാലത്ത് അടച്ചുപൂട്ടി മാളത്തിലൊളിച്ച കൃപാസനം പത്രം കോവിഡിന് ശേഷമാണ് വീണ്ടും പുറത്തിറങ്ങാൻ തുടങ്ങിയത്. അത്ഭുത രോഗ ശാന്തി ലഭിക്കുമെന്നവകാശപ്പെടുന്ന കൃപാസനം പത്രം അച്ചടിച്ച് പുറത്തിറക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.
അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന കൃപാസനം പത്രം ജില്ലാ ആശുപത്രി വാർഡിലെ രോഗികൾക്കിടയിൽ വിതരണം ചെയ്യുന്നതിന് അനുമതി നൽകിയത് ആരാണെന്ന് വ്യക്തമല്ല. സ്ത്രീകളടങ്ങുന്ന സംഘമാണ് ജില്ലാ ആശുപത്രിയിലെ സ്ത്രീവാർഡിൽ പത്രപ്രചാരണത്തിനെത്തിയത്. തീരദേശ മേഖല, മലയോരങ്ങൾ ഇവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മരിയൻ ധ്യാന കേന്ദ്രം സ്ഥാപിച്ചത് വി.പി. അച്ചൻ എന്നറിയപ്പെടുന്ന ഫാ. വി.പി. ജോസഫാണ്. തീരദേശ പാരമ്പര്യകലകളെ പരിപോഷിപ്പിക്കാനെന്ന പേരിൽ 1989-ൽ ആരംഭിച്ച സ്ഥാപനമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ആത്മീയ തട്ടിപ്പ് കേന്ദ്രമായി മാറിയത്.