ഡിഡിഎഫ് -കോൺഗ്രസ് ലയനം അനിശ്ചിതത്വത്തിൽ

സ്വന്തം ലേഖകൻ

ചിറ്റാരിക്കാൽ: കോൺഗ്രസ്സിലേക്ക് തിരിച്ചുപോയ ഡിഡിഎഫ് നേതാവ് ജയിംസ് പന്താമാക്കലിനെതിരെ മലയോരത്തെ കോൺഗ്രസ്സിൽ എതിർപ്പ്  രൂക്ഷമായതിനെ തുടർന്ന് ഡിഡിഎഫ് കോൺഗ്രസ് ലയന സമ്മേളനത്തിൽ അനിശ്ചിതത്വം. മാതൃ സംഘടനയെ വെല്ലുവിളിച്ച് പുറത്തേക്ക് പോയി ഡിഡിഎഫ് എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ച ജയിംസ് പന്തമാക്കലിനെതിരെ കോൺഗ്രസ്സിലെ  ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്.

പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെത്തുടർന്നാണ് ജയിംസ് പന്തമാക്കൽ സ്വന്തമായി രാഷ്ട്രീയ കക്ഷിയുണ്ടാക്കിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്ത് ജയിംസ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ  വരെ ഞെട്ടിച്ചിരുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രമായ ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ഭരണം ജയിംസ് പന്തമാക്കൽ പോരാടി നേടിയെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു.

കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാൻ പല തവണ നീക്കങ്ങളുണ്ടായെങ്കിലും നടന്നില്ല. കെ. സുധാകരന്റെ ഇടപെടലിലൂടെയാണ് ജയിംസ് കോൺഗ്രസ്സിലേക്ക് തിരിച്ചുവരുന്നത്. ഡിഡിഎഫും കോൺഗ്രസ്സും തമ്മിലുള്ള ലയന സമ്മേളനം നവംബർ 20-ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, ലയന സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ചിറ്റാരിക്കാലിലെ കോൺഗ്രസ് ഔദ്യോഗിക നേതൃത്വം കെപിസിസി പ്രസിഡണ്ടിന് കത്തയച്ചിട്ടുണ്ട്.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതിക്കഥകൾ പുറത്തായത് ജയിംസ് പന്താമാക്കനിലൂടെയാണ്. ചിറ്റാരിക്കാലിലെ കോൺഗ്രസ് നേതാക്കൾക്ക് ഇക്കാര്യത്തിൽ ജയിംസിനോട് വിദ്വേഷമുണ്ട്. കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കിയ ജയിംസിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിൽ ഭൂരിപക്ഷം കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്.

ഡിഡിഎഫ് – കോൺഗ്രസ് ബാന്ധവം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ചിറ്റാരിക്കാലിൽ അടി നടന്നു. ഈസ്റ്റ് എളേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കയ്യാങ്കളിയിൽ കോൺഗ്രസ് ഔദ്യോഗിക വിഭാഗx ജയിംസിനെ കയ്യേറ്റം ചെയ്യുകയും ഉടുമുണ്ട് ഉരിയുകയും ചെയ്തു. ജെയിംസ് പന്തമാക്കലിന്റെ  തിരിച്ചുവരവ് എതിർക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ശാന്തമ്മ ഫിലിപ്പ്, സെബാസ്റ്റ്യൻ പതാലിൽ മുതലായ  മുതിർന്ന കോൺഗ്രസ് നേതാക്കളാണ്.

ജയിംസ് പന്തമാക്കലിന്റെ പാർട്ടിയായ ഡിഡിഎഫ് കോൺഗ്രസ്സിലേക്ക് ലയിക്കാൻ തീരുമാനിച്ചതോടെ സിപിഎം പിന്തുണ പിൻവലിച്ചിട്ടുണ്ടെങ്കിലും, ഭൂരിപക്ഷമുള്ളതിനാൽ ജെയിംസിന് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട്  പദവി രാജി വെക്കേണ്ടി വരില്ല. ഡിഡിഎഫ് കോൺഗ്രസ്സിൽ ലയിക്കുന്നതോടെ ഈസ്റ്റ് എളേരിയിൽ കോൺഗ്രസ്സിനുള്ളിൽ ആഭ്യന്തര സംഘർഷം മൂർച്ഛിക്കും.

LatestDaily

Read Previous

യുവാവിനെ കാണാതായി

Read Next

മാണിയാട്ട് നാടകമേളയ്ക്ക് സ്ത്രീകളുടെ തള്ളിക്കയറ്റം