കേരളത്തിൽ കുപ്പിവെള്ളം വിറ്റ്  ഇതര സംസ്ഥാനങ്ങൾ നേടുന്നത് 230 കോടി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: കേരളത്തിൽ ആകെയുള്ള ജലവിൽപ്പന 50 ലക്ഷം ലിറ്റർ വെള്ളമാണ്. തൽസമയം കേരളത്തിൽ കുപ്പിവെള്ളം വിറ്റ് ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് പ്രതിവർഷം 230 കോടി രൂപ.

ആവശ്യത്തിന് പൊതുജല വിതരണ ശൃംഖലയും കിണറുകളും ഒപ്പം പൊതുമേഖലയിൽ രണ്ട് കുപ്പിവെള്ള യൂണിറ്റുകളുമുണ്ടായിട്ടും, ഓരോ വർഷവും ഇതര സംസ്ഥാനങ്ങളിലെ കുപ്പിവെള്ളക്കമ്പനികൾ കേരളത്തിൽ നിന്ന് കൊണ്ടുപോവുന്നത് 230 കോടി രൂപയുടെ കുപ്പിവെള്ളമാണെന്നത് കേരളത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടുന്ന യാഥാർത്ഥ്യമാണ്.

കേരളത്തിന്റെ ആകെ ജലവിൽപ്പന 50 ലക്ഷം ലിറ്റർ വെള്ളമാണ്. ഇതിൽ നിന്നാണ് നല്ലൊരു പങ്കും ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് കൂലിയുൾപ്പെടെ ഉൽപ്പാദനച്ചിലവ് ഇതര സംസ്ഥാനങ്ങളിൽ കുറവായതിനാൽ, വൻതോതിൽ കുപ്പിവെള്ളം ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നു.

ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന കുപ്പിവെള്ളം കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ വില കുറച്ച് വിൽക്കുകയും ചെയ്യുന്നുണ്ട്. ഇക്കാരണത്താൽ കുപ്പിവെള്ള വിപണിയിൽ മത്സരം നിലനിൽക്കുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78 ശതമാനം പേർക്കും സ്വന്തമായി കിണറുകളുണ്ട്.

മൊത്തം ജനസംഖ്യയിൽ 62 ശതമാനം കിണറുകളെയും 24.5 ശതമാനം പൈപ്പ് വെള്ളത്തെയുമാണ് ആശ്രയിക്കുന്നത്. സ്വകാര്യ കുടിവെള്ളക്കമ്പനികളുടെ ചൂഷണത്തിനും അമിതമായ വിലക്കയറ്റത്തിനും കടിഞ്ഞാണിട്ട് മിതമായ വിലക്ക് കുടിവെള്ളം വിൽക്കാനാണ് സംസ്ഥാന സർക്കാർ കുടിവെള്ള മേഖലയിലേക്കിറങ്ങിയത്.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്പ്മെന്റ് കോർപ്പറേഷന് (കിഡ്ക്) കീഴിൽ തൊടുപുഴ, അരുവിക്കര എന്നിവിടങ്ങളിലാണ് കുപ്പിവെള്ള പ്ലാന്റുകളുള്ളത്. ഫില്ലി അക്വ എന്ന പേരിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്റുകൾ കുപ്പിവെള്ളം വിപണിയിലിറക്കുന്നത്.

ഒരു ലിറ്ററിന്റെയും രണ്ട് ലിറ്ററിന്റെയും കുപ്പികളാണ് ഫില്ലി അക്വ ഉൽപ്പാദിപ്പിക്കുന്നത്. അരുവിക്കര പ്ലാന്റിൽ അരലിറ്റർ, ഒരു ലിറ്റർ, രണ്ട് ലിറ്റർ ബോട്ടിലുകളും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണ് കണക്കുകളെങ്കിലും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളതടക്കം സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളം കേരളത്തിലെത്തുന്നതിന് ഒരു കുറവുമില്ല.

LatestDaily

Read Previous

മുക്കുപണ്ടത്തട്ടിപ്പ്: തൃക്കരിപ്പൂർ സ്വദേശികൾക്കെതിരെ കേസ്

Read Next

കൊലയാളി ഗണേശനെ തേടി പോലീസ് പഴനിയിലെത്തി