കലോത്സവം പത്രങ്ങൾ ബഹിഷ്കരിച്ചു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടന്നു വരുന്ന ഹോസ്ദുർഗ് ഉപജില്ലാ കലോത്സവം കാഞ്ഞങ്ങാട്ടെ പ്രാദേശിക പത്രങ്ങൾ പാടെ ബഹിഷ്കരിച്ചു. ഹോസ്ദുർഗ് യുബിഎംസി സ്കൂൾ കേന്ദ്രീകരിച്ചാണ് ഉപജില്ലാ കലോത്സവം നടന്നു വരുന്നത്.

ഉപജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണത്തിനും, മറ്റു യോഗങ്ങൾക്കൊന്നും  കാഞ്ഞങ്ങാട്ടെ പത്രപ്രതിനിധികളെ കലോത്സവം നടത്തിപ്പുകാർ ക്ഷണിച്ചിരുന്നില്ല. കലോത്സവം സംബന്ധിച്ച് യാതൊരു ക്ഷണക്കത്തും പരിപാടികൾ ഉൾക്കൊള്ളിച്ച ബ്രോഷറും പത്രങ്ങൾക്ക് നൽകിയതുമില്ല.

യുബിഎംസി സ്കൂളിലും, നഗരസഭ ടൗൺഹാളിലും, ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലുമാണ് കലോത്സവം നടന്നു വരുന്നത്. യുബിഎംസി സ്കൂൾ  പിടിഎ പ്രസിഡണ്ട് പി.കെ. നിഷാന്തിന്റെ  നേതൃത്വത്തിലാണ് സംഘാടക സമിതി രൂപീകരിച്ചത്.

നിഷാന്തിനെ വിമർശിച്ചുകൊണ്ട് പത്രങ്ങളിൽ വന്ന ചില വാർത്തകളിൽ അസഹിഷ്ണുത പ്രകടിപ്പിച്ച നിഷാന്ത് തന്റെ ഉപജില്ലാ കലോത്സവത്തിന് പത്രക്കാർ ആരും വരേണ്ടെന്ന നിലപാട് സ്വീകരിച്ചതാണ് മുഖ്യധാരാ   പത്രങ്ങളടക്കം നിഷാന്തിന്റെ കലോത്സവത്തോട് പുറം തിരിഞ്ഞു നിൽക്കാൻ പത്രങ്ങളെ പ്രേരിപ്പിച്ചത്.

സംഘാടക സമിതി രൂപീകരണത്തിന്റെ ഒരു ക്ഷണക്കത്ത് വാട്ട്സാപ്പിൽ പോലും  നിഷാന്ത് പത്രങ്ങൾക്ക് നൽകിയിരുന്നില്ല. സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് മുറിയനാവിയിൽ താമസിക്കുന്ന പി.കെ. നിഷാന്ത്.

LatestDaily

Read Previous

പൂട്ടിയ കുണ്ടംങ്കുഴി ചിട്ടി ഓഫീസ് വീണ്ടും തുറന്നു

Read Next

തപാൽ ഉരുപ്പടി വന്ന ചാക്കിൽ പാമ്പ്