വ്യാജ പിരിവ്: യുവതിക്കെതിരെ കേസ്

സ്വന്തം ലേഖകൻ

പടന്ന: അനാഥാലയത്തിന്റെ പേരിൽ വ്യാജ രശീതിയുമായി പിരിവിനിറങ്ങിയ യുവതിയെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിലേൽപ്പിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഇന്നലെ പടന്ന വടക്കേപ്പുറത്താണ് സംഭവം.

അനാഥകുട്ടികളെ സംരക്ഷിക്കാനെന്ന വ്യാജേന പിരിവിനെത്തിയ യുവതിയെയാണ് പടന്നയിൽ നാട്ടുകാർ പിടികൂടിയത്. തിരുവനന്തപുരം  ആസ്ഥാനമായി പ്രവർത്തിക്കുന്ന കുട്ടികളുടെ അനാഥ കേന്ദ്രത്തിന്റേതെന്ന പേരിൽ വ്യാജ രശീതിയുമായാണ് പയ്യന്നൂർ കാങ്കോൽ കുണ്ടയം കൊവ്വൽ സ്വദേശിനിയായ യുവതിയും കൂട്ടാളിയും പടന്നയിലെ വീടുകളിൽ പിരിവിനെത്തിയത്.

വടക്കേപ്പുറത്തെ ടി.പി. ഇബ്രാഹിമിന്റെ വീട്ടിൽ സംഭാവന പിരിക്കാനെത്തിയ യുവതിക്ക് വീട്ടുകാർ സംഭാവന നൽകിയിരുന്നുവെങ്കിലും, സംശയം തോന്നി ടി.പി. ഇബ്രാഹിം രശീതിയിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് അത്തരമൊരു സ്ഥാപനം തിരുവനന്തപുരത്ത് നിലവിലില്ലെന്ന് മനസ്സിലായത്.

തുടർന്ന് വീട്ടുകാർ യുവതിയെ തടഞ്ഞു നിർത്തി ചന്തേര പോലീസിൽ വിവരമറിയിച്ചു. ഇതിനിടെ യുവതിയോടൊപ്പമുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. ചന്തേര പോലീസ് സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുണ്ടയം കൊവ്വൽ കാനത്ത് ഹൗസിൽ ശോഭയാണെന്ന് 35, തിരിച്ചറിഞ്ഞത്. യുവതിയെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം  ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

LatestDaily

Read Previous

സി. കെ. ശ്രീധരൻ സിപിഎമ്മിലേക്ക്

Read Next

ദന്തഡോക്ടറുടെ മരണത്തിനു പിന്നിലെ സ്ത്രീയുടെ ഇടപെടൽ അന്വേഷിക്കണം: ഹിന്ദു ഐക്യവേദി