വിദേശ ഭാഷാ പഠന കേന്ദ്രം കാസർകോട്ട്

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : വിദേശ ഭാഷാ പഠന കേന്ദ്രം ഭാഷാ വൈവിധ്യങ്ങളുടെ നാടായ കാസർകോട്ട് സ്ഥാപിക്കാനുള്ള സാധ്യതകൾ കണ്ണൂർ സർവ്വകലാശാല പരിഗണിക്കുന്നു. കാസർകോട് ചാല ക്യാമ്പസാണ് വിദേശ ഭാഷ പഠന കേന്ദ്രത്തിനായി കണ്ടെത്തിയിട്ടുള്ളത്. 

യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ തൊഴിലിനും പഠനത്തിനും പോകുന്നവരെയാണ് വിദേശ പഠന കേന്ദ്രം ലക്ഷ്യമിടുന്നത്. മുൻകാലങ്ങളിൽ കേരളത്തിൽ തൊഴിലെടുക്കാനുള്ള സാഹചര്യം ഇല്ലാത്തവരാണ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതലായി പോയ്ക്കൊണ്ടിരുന്നത്.

എന്നാൽ വിദേശ തൊഴിൽ ലക്ഷ്യമിട്ട് പഠിക്കുന്നവരുടെയും യൂറോപ്പിലേക്കും റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും  കുടിയേറുന്നവർ വർധിച്ച് വരുന്ന സാഹചര്യം കണ ലെടുത്താണ് പുതിയ കോഴ്സുകൾ ആരംഭിക്കാനുള്ള സാധ്യതകൾ കണ്ണൂർ സർവ്വകലാശാല പരിഗണിക്കുന്നത്.

അറബി, ഫ്രഞ്ച്, റഷ്യ, ജർമ്മൻ ഭാഷകളിലെ കോഴ്സുകളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. ഭാഷാ വൈവിധ്യ കേന്ദ്രത്തിന് കണ്ണൂർ സർവ്വകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസാണ് നേരത്തെ പരിഗണിക്കപ്പെട്ടത്. അവിടുത്തെ സ്ഥലപരിമിതി കൂടി കണക്കിലെടുത്താണ് കാസർകോട് ചാല ക്യാമ്പസ് വിദേശ ഭാഷാ പഠന കേന്ദ്രത്തിനായി ഇപ്പോൾ പരിഗണിക്കുന്നത്.

ചാലയിൽ ഇപ്പോൾ ബി. എഡ്. കോഴ്സ് മാത്രമാണുള്ളത്. കാസർകോട്ട് ഭാഷാ വൈവിധ്യവും വിവിധ കോഴ്സുകളും വിദേശ ഭാഷാ കോഴ്സുകളും ഒന്നിച്ചുകൊണ്ടു പോകാനുള്ള ആലോചനകളാണ് നടക്കുന്നത്. ഭാഷാ വൈവിധ്യ പഠന കേന്ദ്രം കാസർകോട്ട് തുടങ്ങുമ്പോൾ അനുബന്ധമായി വിദേശ ഭാഷകൾ ഉൾക്കൊള്ളിച്ചുള്ള ഹൃസ്വകാല കോഴ്സുകളും തുടങ്ങാനാകും. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഇനിയും ആയിട്ടില്ല.

LatestDaily

Read Previous

പാണ്ഡുവിന്റെ പിഗ്മിക്ക് നാലരപ്പതിറ്റാണ്ട്

Read Next

ഹജ്ജ് പുറപ്പെടൽ കേന്ദ്രം : കണ്ണൂരിന് സാധ്യത