പാണ്ഡുവിന്റെ പിഗ്മിക്ക് നാലരപ്പതിറ്റാണ്ട്

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : പാണ്ഡുവിനെ അറിയാത്തവർ കാഞ്ഞങ്ങാട് നഗരത്തിൽ വിരളമായിരിക്കും. 44 വർഷമായി പാണ്ഡു കാഞ്ഞങ്ങാട് നഗരത്തിൽ സദാ ചുറ്റിക്കറങ്ങുന്നുണ്ട്. ചവിട്ടുന്ന സൈക്കിളിൽ 1987 -ലാണ് കോട്ടച്ചേരി കുന്നുമ്മൽ സ്വദേശി പാണ്ഡുരംഗ ഷെണായ് കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ പിഗ്മി പിരിവുകാരന്റെ ജോലി ഏറ്റെടുത്തത്.

പിതാവ് പുരുഷോത്തമ ഷെണായിക്ക് കുന്നുമ്മൽ ദീപാ ആശുപത്രി നിലനിൽക്കുന്ന സ്ഥലത്ത് അന്ന് ഹോട്ടൽ കച്ചവടമായിരുന്നു. കുന്നുമ്മൽ ബാങ്കിന്റെ അന്നത്തെ പ്രസിഡണ്ടായിരുന്ന എം.കെ. നമ്പ്യാരും,  പാണ്ഡുവിന്റെ പിതാവ് പുരുഷോത്തമ ഷെണായിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിലാണ് 1978-ൽ പാണ്ഡുവിന് ബാങ്കിന്റെ പിഗ്മി പിരിവുകാരനായി ജോലി ലഭിച്ചത്.

ആദ്യകാലത്ത് സൈക്കിളിൽ കാഞ്ഞങ്ങാട്, മാവുങ്കാൽ, വെള്ളിക്കോത്ത് എന്നിവിടങ്ങളിലെത്തി ഇടപാടുകാരെ കണ്ട് പാണ്ഡു നേരിട്ട് പണം പിരിക്കും. അന്ന് ഒരു രൂപ മുതൽ അഞ്ചു രൂപ വരെ ആൾക്കാർ പിഗ്മിയിൽ ദൈനംദിനം നിക്ഷേപിക്കുമായിരുന്നു. കാലമേറെ കഴിഞ്ഞതോടെ ദിവസമുള്ള നിക്ഷേപം നൂറുമുതൽ 500 രൂപ വരെ ആയി ഉയർന്നു. ഒരുദിവസം ചുരുങ്ങിയത് 70 പേരെ  പാണ്ഡു പിഗ്മി കലക്ഷൻ പണത്തിന് നേരിൽക്കാണും.

അതാതുദിവസം പിരിച്ചെടുക്കുന്ന പണം പിറ്റേദിവസം കൃത്യമായി ബാങ്കിന്റെ അക്കൗണ്ടിലടക്കും. 3 ശതമാനമാണ് അന്നും ഇന്നും പാണ്ഡുവിന് ബാങ്ക് നൽകുന്ന കമ്മീഷൻ. ഒരു ദിവസം ചുരുങ്ങിയത് 25 കിലോ മീറ്റർ സൈക്കിളിൽ സഞ്ചരിച്ചാണ് പാണ്ഡു ഇടപാടുകാരെ നേരിൽക്കാണുന്നത്.

കുടുംബ വീട് മേലാങ്കോട്ട് എസ്എസ് കലാമന്ദിരത്തിന് തൊട്ടടുത്താണ്.  രണ്ട് സഹോദരന്മാരിൽ മൂത്ത ചേട്ടൻ മരിച്ചുപോയി. ശേഷിച്ച നാലുപേരിൽ ഒരാൾ നാരായണ ഷെണായ് കോട്ടച്ചേരി ബാങ്കിൽ സിക്രട്ടറിയായി റിട്ടയർ ചെയ്ത ശേഷം, മകന്റെ ജോലി സ്ഥലമായ ബംഗളൂരുവിലാണ് താമസം. രണ്ടു സഹോദരിമാരിൽ ഒരാൾ സാവിത്രി പുത്തൂരിലും, മറ്റൊരു സഹോദരി സുമിത്ര ബംഗളൂരുവിലാണ്.

നിത്യവും 25 കിലോ മീറ്റർ സൈക്കിളിൽ സഞ്ചരിക്കുന്നതുകൊണ്ടാകാമെന്ന് പാണ്ഡു പറയുന്നു ഷുഗർ, പ്രഷർ, പനി തുടങ്ങിയ രോഗങ്ങളൊന്നും അറുപത്തിനാലാം വയസ്സിലും പാണ്ഡുവിനെ ആക്രമിച്ചിട്ടില്ല. കോവിഡും പിടിപെട്ടിട്ടില്ല.

ഭാര്യ പ്രസന്ന കുന്താപുരം ബൈന്ദൂർ സ്വദേശിനി. രണ്ട് ആൺമക്കളാണ് പാണ്ഡുവിന്. മൂത്തയാൾ രാംനാഥ് ഷെണായ്, ഇസാഫ് ബാങ്കിന്റെ കാസർകോട് ശാഖയിൽ അസി. മാനേജർ. രണ്ടാമൻ രാംദാസ് ഷെണായ്, ശ്രീറാം ഫിനാൻസ് കമ്പനിയുടെ ചെറുവത്തൂർ ശാഖയിൽ അക്കൗണ്ടന്റാണ്.

LatestDaily

Read Previous

ഇർഫാന വന്നു; പെൺസുഹൃത്തിനൊപ്പം പോയി

Read Next

വിദേശ ഭാഷാ പഠന കേന്ദ്രം കാസർകോട്ട്