ഡോക്ടറുടെ ആത്മഹത്യ : ലീഗ് നേതാക്കളടക്കം 5 പേർ റിമാന്റിൽ

സ്വന്തം ലേഖകൻ

ബദിയടുക്ക : ബദിയഡുക്കയിലെ ദന്ത ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബദിയഡുക്ക പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രാദേശിക ലീഗ് നേതാക്കളടക്കമുള്ള അഞ്ചംഗ സംഘം റിമാന്റിൽ. ബദിയടുക്ക മീത്തലെ ബസാറിൽ താമസിക്കുന്ന ഡോ. കൃഷ്ണമൂർത്തി 56, ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിലാണ് ലീഗ് പ്രാദേശിക നേതാക്കളക്കമുള്ള അഞ്ചംഗ സംഘത്തനെതിരെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്.

ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ യുവതിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് അഞ്ചംഗ സംഘം ഡോക്ടറെ ഭീഷണിപ്പെടുത്തിയത്. ഇതേത്തുടർന്ന് ഡോക്ടറെ നവമ്പർ 8-ാം തീയ്യതി മുതൽ വീട്ടിൽ നിന്നും കാണാതായിരുന്നു. ഡോക്ടറെ കാണാതായതിന്റെ പേരിൽ ഭാര്യ പ്രീതി.കെ. മൂർത്തി 49, ബദിയഡുക്ക പോലീസിൽ പരാതി നൽകി.

പ്രസ്തുത പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ  കർണ്ണാടക ഉഡുപ്പിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ബദിയഡുക്ക പഞ്ചായത്ത് മുൻ അംഗവും ലീഗ് നേതാവുമായ അൻവർ ഓസോൺ, ലീഗ് നേതാവ് അലി തുപ്പക്കൽ, അഷ്റഫ്, ഷിഹാബുദ്ദീൻ, ഫാറൂഖ് എന്നിവർ ചേർന്നാണ് ഡോക്ടറെ ക്ലിനിക്കിലെത്തി ഭീഷണിപ്പെടുത്തിയത്.

ഇതേത്തുടർന്നുണ്ടായ അപമാനത്തിലും, മനോ സംഘർഷത്തിലുമാണ് ഡോക്ടർ ജീവനൊടുക്കിയത്. ഡോക്ടറെ ഭീഷണിപ്പെടുത്തിയവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ബദിയടുക്ക എസ്ഐ, കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റിൽ വെക്കാൻ ഉത്തരവിട്ടതിനെത്തുടർന്ന് 5 പേരും റിമാന്റിലായി.

LatestDaily

Read Previous

അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: നിർമ്മല സീതാരാമൻ

Read Next

അപകടത്തിൽപ്പെട്ട സ്കൂട്ടിയിൽ കഞ്ചാവ്