തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് രണ്ടുമരണം

കാസർകോട്: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് രണ്ടുപേർ മരിച്ചു. കല്യാശ്ശേരി സെൻട്രൽ കരിക്കാട്ട് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ ക്ഷീരകർഷകൻ കണ്ണാടിയൻ കുഞ്ഞിരാമൻ 78, പുല്ലൂർ ഉദയനഗർ ഗവ. യു.പി. സ്കൂളിന് സമീപത്തെ കെ. എസ്.എഫ്.ഇ. മുൻ മാനേജർ എ.പി.ഗോവിന്ദൻ നായർ 84, എന്നിവരാണ് മരിച്ചത്.

പായ്‌തേനീച്ചയുടെ കുത്തേറ്റാണ്‌ കുഞ്ഞിരാമൻ മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. വീടിന് സമീപത്തെ വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. കുഞ്ഞിരാമൻ പശുവിന്റെ സമീപത്തേക്ക് നീങ്ങുന്നതിനിടെ തെങ്ങിന് മുകളിലുണ്ടായ തേനീച്ചക്കൂടിന്റെ ഒരുഭാഗം ദേഹത്തേക്ക്‌  വീഴുകയായിരുന്നു.

പരുന്തിന്റെ ആക്രമണത്തിലാണ് തേനീച്ചക്കൂട് വീണതെന്ന് കതുതുന്നു. അവശനായി വീണ കുഞ്ഞിരാമനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാപ്പിനിശ്ശേരിയിലെ പഴയ പി.ജി. പ്ലൈവുഡ് തൊഴിലാളിയാണ് കുഞ്ഞിരാമൻ. ഭാര്യ: ലളിത. മക്കൾ: സുരേന്ദ്രൻ (ബലിയപട്ടം ടൈൽ വർക്സ്), സുമ. മരുമക്കൾ: പ്രിയ, മോഹനൻ. സഹോദരൻ: പരേതനായ ഗോപാലൻ.

വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് പുല്ലൂരിലെ  ഗോവിന്ദൻ നായർക്ക് കുത്തേറ്റത്. വണ്ണാർവയലിലെ പറമ്പിലേക്ക് നടന്നുപോകുന്നതിനിടെ ഉദയനഗർ കമ്യൂണിറ്റി ഹാൾ പരിസരത്താണ് സംഭവം. തലയ്ക്കും മുഖത്തും കുത്തേറ്റ ഗോവിന്ദൻ നായരെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിസയ്ക്കിടെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.ഭാര്യ: പി.മാനസി. മക്കൾ: ഡോ. എം.മായ, എം.മോഹൻ. മരുമക്കൾ: ഡോ. പ്രശാന്ത് (വാഴയൂർ), ദീപ്തി (അധ്യാപിക, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പരേതരായ പി.ചാത്തുകുട്ടി നായർ, എ.പി.നാരായണൻ നായർ, പി.കുമാരൻ നായർ.

Read Previous

കേന്ദ്രം സംസ്ഥാനത്തിന്റെ മെക്കിട്ടുകേറുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Read Next

കളിയാവേശം വാനോളം, നാടും നഗരവും ലോകകപ്പ് ലഹരിയിൽ