ഡോക്ടറുടെ ആത്മഹത്യ: 5 പേർ കസ്റ്റഡിയിൽ

ബദിയഡുക്ക: ഉഡുപ്പിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് ബദിയഡുക്കയില്‍ നിന്നും കാണാതായ ദന്ത ഡോക്ടർ. ഡോക്ടറുടെ അടുത്ത ബന്ധുവും അദ്ദേഹം നടത്തിവന്ന ക്ലിനിക്കിലെ കമ്പൗണ്ടറും ഉഡുപ്പിയിലെത്തിയാണ് മൃതദേഹം ഡോക്ടറുടേതാണെന്ന് തിരിച്ചറിഞ്ഞത്.

ഛിന്നഭിന്നമായ മൃതദേഹത്തിൽ ധരിച്ചിരുന്ന വസ്ത്രങ്ങളും  ശരീരത്തിലെ പൂണൂലും കണ്ടാണ് മരിച്ചത് ബദിയടുക്ക മീത്തലെ ബസാറിലെ ദന്ത ഡോക്ടര്‍ എസ്. കൃഷ്ണമൂര്‍ത്തി യാണെന്ന് 57, തിരിച്ചറിഞ്ഞത്.  എംബിബിഎസ് വിദ്യാര്‍ഥിനിയായ മകള്‍ കൂടി ഉഡുപ്പിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡോക്ടറെ കാണാതായത്.

ബദിയഡുക്ക ടൗണില്‍ ദന്തല്‍ ക്ലിനിക് നടത്തിയിരുന്ന കൃഷ്ണമൂര്‍ത്തി  ക്ലിനിക്കില്‍ ദന്ത ചികിത്സയ്ക്കെത്തിയ 32 കാരിയായ യുവതിയോട് ചികിത്സയ്ക്കിടെ  മോശമായി  പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ക്ലിനിക്കിലെത്തി ക്ഷമാപണം നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു.  ആലോചിച്ച് പറയാമെന്നായിരുന്നു ഡോക്ടറുടെ മറുപടി.ക്ഷമാപണം നടത്താന്‍ തയ്യാറായില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് യുവതിയുടെ  ബന്ധുക്കള്‍ ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇതേതുടർന്ന്  ഡോക്ടര്‍ ബൈക്കുമെടുത്ത് പോയതെന്ന്  പോലീസ് പറഞ്ഞു. ഡോക്ടറുടെ ബൈക്ക് കുമ്പള ടൗണില്‍ പോലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ മാനഹാനിക്കും  ഡോക്ടറുടെ ഭാര്യയുടെ പരാതിയില്‍ ഡോക്ടറെ കാണാതായതിനും ബദിയടുക്ക പോലീസ് കേസെടുത്തിരുന്നു. അതിനിടെ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ അഞ്ചു പേരെ ബദിയഡുക്ക പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

LatestDaily

Read Previous

കൂട്ട ബലാത്സംഗം: ഒരാൾ അറസ്റ്റിൽ

Read Next

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം; ഇന്ത്യയുടെ പുരോഗതിയെ ലോകം അഭിനന്ദിക്കുന്നെന്ന് പ്രധാനമന്ത്രി