പീഡനക്കേസ്സിൽ ജാമ്യത്തിലിറങ്ങിയ എംഡി ഫാർമേഴ്സ് ബാങ്കിലെത്തി

സ്റ്റാഫ് ലേഖകൻ

ചെറുവത്തൂർ: ലൈംഗിക പീഡനക്കേസ്സിൽ ജാമ്യത്തിലിറങ്ങിയ ഫാർമേഴ്സ് ബാങ്ക് മാനേജിംഗ് ഡയറക്ടർ പി.കെ. വിനയകുമാർ ബാങ്കിന്റെ ചെറുവത്തൂർ ശാഖയിൽ ജോലിയിൽ കയറി. ചെറുവത്തൂർ സ്വദേശിനിയായ നാൽപ്പതുകാരിയെ ഫാർമേഴ്സ് ബാങ്കിലുള്ള എംഡിയുടെ സ്വകാര്യ കാബിനകത്ത് ലൈംഗികാവശ്യത്തിന് ക്ഷണിച്ചുവെന്ന പരാതിയിലാണ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായ പി.കെ. വിനയകുമാറിനെതിരെ ചന്തേര പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.

ഒളിവിലായിരുന്ന വിനയകുമാർ ഹൈക്കോടതിയിൽ നിന്ന് സമ്പാദിച്ച മുൻകൂർ ജാമ്യ ഉത്തരമായി ചന്തേര പോലീസിൽ ഹാജരാവുകയും, പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തതിന് ശേഷമാണ് വിനയകുമാർ ഇന്നലെ രാവിലെ ബാങ്കിൽ ജോലിക്കെത്തിയത്. കുറ്റം ചെയ്തുവെന്ന് പോലീസുദ്യോഗസ്ഥന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിനയകുമാറിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തതും, പിന്നീട് ഹൈക്കോടതി നിർദ്ദേശിച്ച വ്യവസ്ഥയനുസരിച്ച് ജാമ്യത്തിൽ വിട്ടയച്ചതും.

രാജ്യം വിട്ടുപോകരുതെന്നും, കേസ്സന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നുമുള്ള ഉപാധികളോടെയാണ് വിനയകുമാറിന് ഹൈക്കോടതി ജാമ്യമനുവദിച്ചത്. 2023 മാർച്ചിൽ സർവ്വീസിൽ നിന്ന് പിരിയാനിരിക്കുന്ന വിനയകുമാറിനെ കേസ്സിലുൾപ്പെട്ടതിനാൽ, ഫാർമേഴ്സ് ബാങ്ക് ഭരണസമിതി അഞ്ച് ദിവസത്തേക്ക് സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്ത സംഭവം ചെറുവത്തൂരിൽ വലിയ ചർച്ചയാണ്.

ലൈംഗിക പീഡനക്കേസ്സിലുൾപ്പെട്ട ഒരു ജീവനക്കാരനെ വെറും അഞ്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുന്ന രീതി സഹകരണ മേഖലയിൽ തന്നെ ഇതാദ്യമാണ്. തന്റെ കാബിനകത്ത് നിരീക്ഷണ ക്യാമറയുണ്ടെന്നും, പീഡനം ആരോപിച്ച യുവതി കാബിനിൽ വന്നതും പോയതും കാബിനകത്ത് നടന്ന ദൃശ്യങ്ങളും നിരീക്ഷണ ക്യാമറയിൽ ഉണ്ടാകുമെന്നും, അറസ്റ്റിന് മുമ്പ്  വിനയകുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ഇതനുസരിച്ച് പി.കെ. വിനയകുമാറിന്റെ കാബിൻ ബാങ്ക് ഭരണസമിതി നിയോഗിച്ച സ്ത്രീയടക്കമുള്ള അഞ്ചംഗ ഡയറക്ടർമാർ പരിശോധിച്ചപ്പോൾ, ബാങ്കിനകത്തും പുറത്തും നിരവധി നിരീക്ഷണ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും, എംഡിയുടെ കാബിനിൽ മാത്രം നിരീക്ഷണ ക്യാമറകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

LatestDaily

Read Previous

പുതിയ ചിത്രം പ്രഖ്യാപിച്ച് ‘ദി കശ്‍മിര്‍ ഫയല്‍സ്’ സംവിധായകൻ

Read Next

5600 കേസ്സുകൾ കെട്ടിക്കിടക്കുന്നുഹോസ്ദുർഗിൽ മജിസ്ട്രേറ്റ് നിയമനം നീളുന്നു