ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: പ്രമാദമായ ആയിരം കോടി രൂപയുടെ കുണ്ടങ്കുഴി ജിബിജി നിക്ഷേപത്തട്ടിപ്പ് കേസ്സ് താമസിയാതെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. കണ്ണൂർ ക്രൈംബ്രാഞ്ചിൽ സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കാൻ മാത്രമായുള്ള ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക വിംഗ് ആയിരിക്കും ജിബിജി പണം തട്ടിപ്പുകേസ്സ് ഏറ്റെടുക്കുക.
തട്ടിപ്പുകാരൻ വിനോദ്കുമാർ ഇടപാടുകാരെ കബളിപ്പിച്ച് തട്ടിയെടുത്ത കോടികൾ കാസർകോട് ജില്ലയ്ക്ക് പുറമെ കർണ്ണാടകയിലെ ബാങ്കുകളിൽ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെർക്കള ശാഖയിൽ 7 കോടി രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. ഈ 7 കോടി രൂപ പോലീസ് മരവിപ്പിച്ചു കഴിഞ്ഞു.
കേസ്സ് കോടതിയിലെത്തി വിധി വരുന്നതുവരെ ഇനി ഈ 7 കോടി രൂപ ആർക്കും ലഭിക്കില്ല. കർണ്ണാടക ഹാസ്സൻ ടൗണിലുള്ള ആക്സിസ് ബാങ്കിൽ ചുരുങ്ങിയത് പത്തുകോടി രൂപയെങ്കിലും വിനോദ് ഡിപ്പോസിറ്റ് ചെയ്തിരിക്കുമെന്ന് കരുതുന്നു. അയൽസംസ്ഥാനമായതിനാൽ ചിലപ്പോൾ ഹാസൻ ആക്സിസ് ബാങ്കിൽ നിക്ഷേപ തുക പത്തുകോടിയിലും കൂടുതലാകാനാണ് സാധ്യത.
ഐസിഐസിഐ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിലും, ആക്സിസ് ബാങ്കിന്റെ ഇതര ശാഖകളിലും, ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിലും, ചുരുങ്ങിയത് പത്തുകോടിക്ക് മുകളിലുള്ള പണം വിനോദ്കുമാർ നിക്ഷേപിച്ചിരിക്കുമെന്ന് പോലീസ് അന്വേഷണ സംഘം കരുതുന്നു. ഈ ബാങ്കുകൾക്കെല്ലാം നിക്ഷേപം വെളിപ്പെടുത്താൻ പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
ഒരു ലക്ഷം രൂപ ജിബിജിയിൽ നിക്ഷേപിക്കുന്ന ആൾക്ക് പത്തുമാസം കഴിഞ്ഞാൽ 80,000 രൂപ നൽകുമെന്നാണ് കുണ്ടങ്കുഴി ജിബിജിയുടെ മോഹ പ്പലിശ വാഗ്ദനം. 80,000 രൂപ പലിശ നൽകുമ്പോൾ, മുതലായ ഒരു ലക്ഷം രൂപ കമ്പനിയിൽ തന്നെ ഉണ്ടെന്ന് നിക്ഷേപകരെ പറഞ്ഞ് ബോധ്യപ്പെടുത്തുമെങ്കിലും, യഥാർത്ഥത്തിൽ 80,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
ഈ 80,000 രൂപ നിക്ഷേപിച്ചവരുടെ ബാങ്ക് അക്കൗണ്ടിൽ ഡിപ്പോസിറ്റ് ചെയ്ത ശേഷം, നിക്ഷേപകരിൽ നിന്ന് ഈ പണം പിൻവലിക്കാനുള്ള ബാങ്ക് സ്ലിപ്പ് ഇവരറിയാതെ ഒപ്പിട്ടുവാങ്ങിയ ശേഷം, ഈ 80,000 രൂപ ജിബിജി അക്കൗണ്ടിൽ നിന്ന് ബിഗ് പ്ലസിന്റെ അക്കൗണ്ടിലേക്ക് മാറ്റി നിക്ഷേപിക്കുന്ന പട്ടാപ്പകൽ തട്ടിപ്പാണ് വിനോദിന്റെ ജിബിജി നിധി.
ഇത്തരം പണം കൈമാറ്റങ്ങൾ കുറ്റകരമാണ്. പണം ജിബിജിയിൽ കുന്നു കൂടിയാൽ നിക്ഷേപകന്റെ അനുവാദമില്ലാതെ തന്നെ തുക സ്വന്തമായി വിനേദിന് മറ്റു മാർഗ്ഗങ്ങളിൽ വിനിയോഗിക്കാം. നിക്ഷേപകന് പിന്നീട് ഈ പണത്തിൽ യാതൊരു അവകാശവും ഉന്നയിക്കാനാവില്ല. ഇതാണ് ജിബിജിയുടെ പണം തട്ടിപ്പുരഹസ്യം. നിലവിൽ ജിബിജി 3500 ഷെയർ ഹോൾഡർമാരെ കമ്പനിയിൽ അംഗങ്ങളാക്കിയിട്ടുണ്ട്. ഒരു ഷെയറിന് 500 രൂപ എന്ന നിരക്കിലാണ് നിക്ഷേപകർ നൽകിയ പണം ഷെയറിൽ മുടക്കിയിട്ടുള്ളത്.
കമ്പനിക്ക് മറ്റ് ഏഴു ഡയരക്ടർമാർ കൂടിയുണ്ട്. ഇവർ ഏഴുപേരും കേസ്സിൽ പ്രതികളാണ്. തട്ടിപ്പുകേസ്സിൽ ബേഡകം പോലീസാണ് വിനോദിനെയും ഡയരക്ടർമാരെയും പ്രതി ചേർത്ത് ക്രിമിനൽ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ മാത്രം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക വിംഗ് ജിബിജി തട്ടിപ്പുകൾ നിരീക്ഷിച്ചു വരികയാണ്.