ദമ്പതികൾ വിഷം കഴിച്ചു; ഭാര്യ മരിച്ചു ഭർത്താവ് ആശുപത്രിയിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: വിഷം അകത്തുചെന്ന് ഭാര്യ മരിച്ചു. ഭർത്താവിനെ ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആവിക്കര അൽ-നൂർ ക്വാർട്ടേഴ്സിൽ ഏഴു വർഷക്കാലമായി താമസിച്ചു വരുന്ന ദമ്പതികളിൽ രമയെയാണ് വിഷം അകത്തുചെന്ന് മരണപ്പെട്ട നിലയിൽ ഇന്നലെ വൈകുന്നേരം 4 മണിയോടെ ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്.

രമയുടെ ഭർത്താവ് ജയപ്രകാശിനെ 45, വിഷം കഴിച്ച നിലയിലും നാട്ടുകാർ കണ്ടെത്തി. താൻ വിഷം കഴിച്ചിട്ടുണ്ടെന്നും, ആംബുലൻസ്  അയക്കണമെന്നും ജയപ്രകാശാണ് ജില്ലാ ആശുപത്രിയിൽ വിളിച്ചറിയിച്ചത്. ആംബുലൻസിൽ നടന്നു ചെന്നുകയറിയ ജയപ്രകാശിനെ ജില്ലാആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യയാണ് തനിക്ക് വിഷം നൽകിയതെന്ന് ആംബുലൻസിൽ കയറുമ്പോൾ ജയപ്രകാശ് പറഞ്ഞിരുന്നു. വയനാട്ടിലെ പനമരം പോലീസ് പരിധിയിലുള്ള പാലുക്കുന്നാണ് ജയപ്രകാശിന്റെ സ്വദേശം.  ഭാര്യ രമയും വയനാട്ടിലാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നതെങ്കിലും,  രമ പത്തനംതിട്ട ജില്ലക്കാരിയാണെന്നാണ് പുതിയ വിവരം.

ദമ്പതികൾ ഇരുവരും ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് ക്വാർട്ടേഴ്സ് പരിസരവാസികൾ പറഞ്ഞു. കാഞ്ഞങ്ങാട് സൗത്തിലുള്ള ഒറിക്സ് ഹോട്ടലിലാണ് ജയപ്രകാശ് ജോലി ചെയ്യുന്നത്. ഭാര്യയും ജോലിക്ക് പോകാറുണ്ട്. ഒരു മാസം മുമ്പ് ജയപ്രകാശ് പുത്തൻ ആൾട്ടോകാർ വാങ്ങിയിരുന്നു. ഭാര്യ ഇരുചക്ര വാഹനത്തിലാണ് ജോലിക്ക് പോകാറുള്ളത്. ഇരുവർക്കും കുട്ടികളില്ല.

രമയുടെ മൃതദേഹം ജില്ലാആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തുവെങ്കിലും ഇരുവരുടെയും ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം ഹോസ്ദുർഗ് പോലീസ് തുടരുന്നുണ്ട്. ദമ്പതികൾ താമസിച്ചു വരുന്ന ക്വാർട്ടേഴ്സിൽ ഇടയ്ക്കെല്ലാം വന്നു പോകാറുള്ള മൂന്ന് കോളേജ് വിദ്യാർത്ഥികളെ പോലീസ് ഇന്നലെ സ്റ്റേഷനിൽ വിളിപ്പിച്ചുവെങ്കിലും,   വയനാട് സ്വദേശികളാണ് ദമ്പതികൾ എന്നതിൽക്കവിഞ്ഞ് വിദ്യാർത്ഥിനികൾക്ക് കൂടുതലൊന്നും അറിയില്ല.

ജയപ്രകാശ് ഹോട്ടൽ ജോലിയിൽ സമർത്ഥനാണെന്ന് അദ്ദേഹം ജോലി ചെയ്തുവരുന്ന ഒറിക്സ് ഹോട്ടലുടമ മുഹ്സിൻ വെളിപ്പെടുത്തി. ദമ്പതികളുടെ ആത്മഹത്യാശ്രമത്തിൽ കടുത്ത ദുരൂഹതകൾ പരന്നിട്ടുണ്ട്. ഭർത്താവിന് ഭാര്യ തന്നെ  എന്തിനാണ് വിഷം നൽകിയെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് നാട്ടുകാരും  പോലീസധികൃതരും.

LatestDaily

Read Previous

കുണ്ടങ്കുഴി തട്ടിപ്പുകേസ്സ്  ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

Read Next

പെരിയ അടിപ്പാത തകർന്നത് ഇരുമ്പ് തൂണുകളുടെ ശേഷിക്കുറവ് മൂലം