ചൊവ്വാദോഷം ഹിന്ദു പെൺകുട്ടിക്ക് മാത്രം

അന്ധവിശ്വാസത്തിനെതിരെ നിയമ നിർമ്മാണം നടത്താനുള്ള ഒരുക്കങ്ങൾ കേരള സർക്കാർ അണിയറയിൽ നടത്തിവരികയാണ്. മുമ്പ് ഉത്തരേന്ത്യയിൽ മാത്രം അരങ്ങേറിയിരുന്ന നരബലികളും മനുഷ്യക്കുരുതികളും കേരളത്തിലും നടമാടിയപ്പോഴാണ് അന്ധവിശ്വാസത്തിന്റെ വ്യാപ്തി കേരളത്തിലും എത്ര കണ്ട് ശക്തമായി വേരോടിയിട്ടുണ്ടെന്ന് കമ്മ്യൂണിസ്റ്റ് സർക്കാറിന് ബോധ്യപ്പെട്ടത്.

കേരളം സുന്ദരവും സുരക്ഷിതവുമെന്ന് കേരളീയ ജനത വിശ്വസിച്ചുവരുന്നതിനിടയിലാണ് പച്ച മനുഷ്യരുടെ തലയറുത്ത് രക്തം ചിതറി വീണ ഹോമകുണ്ഡങ്ങൾ ആർത്തു രസിച്ചത്. നരബലി മാത്രമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും, കേരളത്തിൽ അന്ധവിശ്വാസങ്ങൾക്ക് പഞ്ഞമൊന്നുമില്ല. മനുഷ്യമനസ്സുകളിൽ പറ്റിപ്പിടിച്ചു നിൽക്കുന്ന മായ്ച്ചാലും തേച്ചാലും പോകാത്ത അന്ധമായ വിശ്വാസങ്ങൾ സൂപ്പർസോണിക് യുഗത്തിലും, കേരളക്കരയിൽ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ സമൂഹത്തെ വേട്ടയാടുകയാണ്.

എന്തു തുടങ്ങുമ്പോഴും പൂജകളാണ് കേരളത്തിൽ നടമാടുന്ന മുഖ്യ അന്ധവിശ്വാസം. ഈ അന്ധമായ പൂജകൾ സിനിമാരംഗത്തു പോലും കാലങ്ങളായി തുടർന്നുവരികയാണ്.  നാലു തിരിയിട്ട  നിലവിളക്കിൽ തിരികൊളുത്തി പ്രാർത്ഥിച്ചു നിന്നുകൊണ്ട് സകല വിഘ്നങ്ങളും ഓടിയൊളിക്കണമെന്ന് പറയുന്ന സിനിമാ പൂജാ രീതികൾ കാലങ്ങളായി ആവർത്തിച്ചു വരുന്നു.

ആഴ്ചകളിൽ നല്ല ദിവസങ്ങൾ തിരഞ്ഞെടുക്കുന്ന രീതികൾ മറ്റൊരു അന്ധവിശ്വാസമാണ്. ജീവിതത്തിൽ നമുക്ക് ലഭിച്ചിരിക്കുന്ന എല്ലാ ദിവസങ്ങളും നല്ല ദിവസങ്ങൾ മാത്രമായി മാറുമ്പോഴാണ്, ചില ദിവസങ്ങളിൽ വൃഥാ ദോഷം കലർത്തി ജ്യോതിഷികൾ കല്ല്യാണവും ഗൃഹപ്രവേശനവും തീരുമാനിക്കുന്നത്. ഗർഭിണിയെ പ്രസവത്തീയതിക്ക് മുമ്പ് നല്ല ദിവസം നോക്കി ഉദരം കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന  അന്ധവിശ്വാസം വടക്കെ ഇന്ത്യക്കാരിൽ ഇന്നും നടന്നു വരുന്നുണ്ട്.

കേരളത്തിൽ ജോലി നോക്കുന്ന ഐപിഎസ്സുകാരായ പോലീസുദ്യോഗസ്ഥർ അവരുടെ ഭാര്യമാരുടെ കുഞ്ഞിനെ ഈ രീതിയിൽ നല്ല നാൾ കണ്ടെത്തി ഉദരം കീറി പുറത്തെടുത്ത സംഭവങ്ങൾ കേരളത്തിൽ അരങ്ങേറിയിട്ടുണ്ട്. എന്തിനും, ഏതിനും ഒന്നുവെച്ചു നോക്കുന്ന അന്ധത അഭ്യസ്തവിദ്യരായ മലയാളിക്ക് മാത്രമല്ല, പുറത്ത് പുരോഗമനവാദമുന്നയിക്കുന്ന അന്ധവിശ്വാസികൾ അവസരം വരുമ്പോൾ, തികഞ്ഞ അന്ധവിശ്വാസി തന്നെയായി മാറുന്നു.

എം. മുകുന്ദൻ മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനാണ്. ഏറെക്കാലം അദ്ദേഹം ദൽഹിയിലായിരുന്നു. പ്രായം എൺപതു തികഞ്ഞ സാഹിത്യകാരൻ ഗുരുവായൂരപ്പനെ തൊഴുതു വണങ്ങിയ അന്ധവിശ്വാസം നാമെല്ലാം കണ്ടതാണ്.  കെ. കരുണാകരനെ ഗുരുവായൂരപ്പൻ ചേർത്ത് കളിയാക്കിയ പുരോഗമനവാദികളാരും മുകുന്ദന്  ജയ്ഗുരുവായൂരപ്പൻ വിളിച്ചില്ല.

ജ്യോതിഷം ശാസ്ത്രത്തിനപ്പുറത്തുള്ള കപട ശാസ്ത്രമാണെന്ന് എത്ര പേർക്കറിയാം. എല്ലാം അറിഞ്ഞും കണ്ടും കേട്ടുകൊണ്ട് ചൊവ്വാദോഷമുള്ള പെൺകുട്ടികൾ ചൊവ്വയിൽ തന്നെ ദോഷമുള്ള പുരുഷനെ കാത്തിരിക്കുന്നു. ഹിന്ദു പെൺകുട്ടികൾക്ക് മാത്രമാണ് ചൊവ്വാദോഷം കുത്തിവെച്ചിട്ടുള്ളതെന്ന് ഇനിയും പുതുതലമുറ മനസ്സിലാക്കിയിട്ടില്ല. മുസ്ലിം – ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവർ മനുഷ്യർ തന്നെയെന്ന സത്യം മാറ്റിവെക്കാൻ കഴിയാതെ വരുമ്പോൾ ചൊവ്വയും ബുധനും അവർക്ക് ഒരു ദോഷവും വരുത്തുന്നില്ല.

ലോകത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നന്നെ അസ്തമിച്ചു കഴിഞ്ഞു. യൂറോപ്പിൽ പള്ളികളും അമ്പലങ്ങളും തുറക്കുന്നതു തന്നെ വിരളമാണ്. അവിടെയൊക്കെ ജനങ്ങൾക്ക് ജോലി ചെയ്യാനും, നല്ല നിലയിൽ ജീവിക്കാനുമാണ് താൽപ്പര്യം. ആരാധനാലയങ്ങൾ അവർക്ക് മുന്നിൽ തുറന്നു കിടക്കുന്നേയില്ല.

കേരളം ശ്രീനാരായണഗുരു ദേവനെ ആദരിക്കുന്ന നാടാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുവചനങ്ങൾ എല്ലാവരും ഉയർത്തിപ്പിടിക്കുമ്പോഴും, അന്ധവിശ്വാസങ്ങളിലൂന്നി നിൽക്കുന്ന ജനതയുടെ മുന്നിൽ ആദ്യം പുറത്തേക്ക് തള്ളി നിൽക്കുന്ന ഭീകരമായ അന്ധത ജാതിയും മതവും ദൈവവും തന്നെയാണ്. പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് സർക്കാർ അന്ധവിശ്വാസങ്ങൾക്കെതിരെ കൊണ്ടുവരുന്ന നിയമം ലോകത്തു തന്നെ വലിയ മാറ്റങ്ങൾക്ക് ഉതകുന്നതായി തീരുമെന്ന് കരുതുന്നു.

അന്ധവിശ്വാസികളല്ലാത്ത പരസ്പര സ്നേഹത്തിൽ മാത്രം അധിഷ്ഠിതമായി  ജീവിക്കുന്ന മന്ത്രച്ചരടുകളും പൂജിച്ച സ്റ്റീൽ വളകളും ധനം വന്നു ചേരാനുള്ള ആറ്റുകാൽ പൊങ്കാലകളും നിയമം മൂലം നിരോധിക്കാൻ കഴിഞ്ഞാൽ തന്നെ അത് വരും തലമുറയ്ക്ക് സർക്കാർ ചെയ്യുന്ന അങ്ങേയറ്റത്തെ നന്മകളായി ഇന്നല്ലെങ്കിൽ നാളെ ലോകം വാഴ്ത്തപ്പെടുക തന്നെ ചെയ്യും.

LatestDaily

Read Previous

സ്പീക്കറുടെ സഹോദരനെ കോഴിക്കോട് കോര്‍പറേഷന്‍ വഴിവിട്ട് സഹായിച്ചതായി പരാതി

Read Next

വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ നടപടി; തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി