ബാങ്ക് ലൈംഗിക പീഡനം ഒതുക്കാൻ കോൺ. നേതാക്കൾ ഇരയെ വീട്ടിൽ കണ്ടു

സ്റ്റാഫ് ലേഖകൻ

ചന്തേര : ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൽ എംഡിയുടെ കാബിനകത്ത് ലൈംഗിക പീഡനത്തിനിരയായ ഇരയുടെ വീട്ടിൽ കോൺഗ്രസ് നേതാക്കൾ കേസ്സ് ഒതുക്കാൻ എത്തിയ സംഭവം കോൺഗ്രസ് പാർട്ടിൽ പുകയുന്നു. ഫാർമേഴ്സ് ബാങ്ക് ഭരണ സമിതി പ്രസിഡണ്ട് വി. കൃഷ്ണൻ, കോൺഗ്രസ് ചെറുവത്തൂർ മണ്ഡലം മുൻ പ്രസിഡണ്ട്, നാരായണൻ, പിലിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഏ.വി. ചന്ദ്രൻ എന്നിവരാണ് ഫാർമേഴ്സ് ബാങ്ക് എം.ഡി.,  പി.കെ. വിനയകുമാർ പ്രതിയായ ലൈംഗിക പീഡനക്കേസ്സിലെ ഇരയുടെ വീട്ടിൽ കേസ് ഒതുക്കാൻ പണവുമായെത്തിയത്.

ഫാർമേഴ്സ് ബാങ്ക് പ്രസിഡണ്ട് വി. കൃഷ്ണൻ റിട്ട. എ.ഇ.ഒ. ആണ്. പിലിക്കോട് പ്രദേശത്ത് ചെന്ന് ഇരയെ കാണുകയും കേസ്സ് ഒതുക്കാൻ പണവും, പുറമെ ഇര ആവശ്യപ്പെട്ട തുക വായ്പയും അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത മൂന്നുപേരും ഇരയുടെ വീട്ടിൽ ചെല്ലുന്ന കാര്യം പിലിക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് നവീൻ ബാബുവിനെ അറിയിച്ചിരുന്നില്ല.

നവീൻബാബു പിലിക്കോട് ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി കൂടിയാണ്. മണ്ഡലം പ്രസിഡണ്ടിനെ അറിയിക്കാതെ അതിരഹസ്യമായാണ് പ്രതിക്ക് വേണ്ടി മൂന്നംഗ കോൺഗ്രസ് നേതാക്കൾ ഇരയെ കണ്ടതാണ് കോൺഗ്രസിൽ ഇപ്പോൾ കത്തിപ്പടരുന്നത്. പിലിക്കോട് ബാങ്ക് പ്രസിഡണ്ടായ ഏ.വി. ചന്ദ്രൻ, ചെറുവത്തൂർ ഫാർമേഴ്സ് ബാങ്കിൽ നടന്ന ലൈംഗിക പീഡനം ഒതുക്കാൻ പോയത് എന്തിനാണെന്ന് കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം ചോദിക്കുന്നു.

പി. കെ. വിനയകുമാറിനെ പ്രതി ചേർത്ത് ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസ്സന്വേഷണം തുഴയില്ലാത്ത തോണി പോലെയായിട്ടുണ്ട്. ഇൗ പീഡന സംഭവത്തിൽ ആദ്യം തന്നെ പരാതിയുമായി പോലീസിലെത്തിയ യുവതിെയ പിന്നീട് വരണമെന്ന് പറഞ്ഞ് വീട്ടിലേക്കയച്ച പോലീസ് ലൈംഗിക പീഡനം ഒതുക്കാൻ മൂന്ന് കോൺഗ്രസ് ഭാരവാഹികൾക്ക് സമയനുവദിക്കുകയും, യുവതി വഴങ്ങില്ലെന്ന് വന്നപ്പോൾ, മൂന്നുനാൾ വൈകി ഇരയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി എഫ്ഐആർ റജിസ്റ്റർ ചെയ്ത സംഭവത്തിന് പിന്നിലുള്ള കളി ഇതോടെ മറ നീക്കി പുറത്തുവന്നു.

ചന്തേര പോലീസ് പരിധിയിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളോട് പോലീസിന് പ്രത്യേക മമതയുണ്ട്. കാരണം ഒരുവർഷം മുമ്പ് പോലീസ് സ്റ്റേഷൻ കെട്ടിടം നവീകരിക്കുന്നതിന് ഫാർമേഴ്സ് ബാങ്കടക്കമുള്ള ബാങ്കുകൾ അരലക്ഷത്തിൽ കുറയാത്ത പണം നിലവിലുള്ള ഇൻസ്പെക്ടറുടെ മേശപ്പുറത്ത് എത്തിച്ചതാണ്.

സിപിഎം ഭരിക്കുന്ന ബാങ്കുകളോട് പോലീസ് സ്റ്റേഷൻ നവീകരണത്തിന് അരലക്ഷം രൂപ വീതം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, സിപിഎം ബാങ്കുകൾ പത്തായിരം രൂപ മാത്രമാണ് അന്ന് നൽകിയത്. ചെറുവത്തൂരിലും തൃക്കരിപ്പൂരിലും പടന്നയിലുമുള്ള സഹകരണ ബാങ്കുകൾ പോലീസിന് അരലക്ഷം രൂപ വീതം സ്റ്റേഷൻ കെട്ടിടം നവീകരണത്തിന് വാരിക്കോരി കൊടുത്തതിനുള്ള പ്രത്യുപകാരമാണ് ഫാർമേഴ്സ് ബാങ്ക് എംഡിയുടെ ലൈംഗിക പീഡനക്കേസ്സിൽ പോലീസ് ഇപ്പോൾ കാണിക്കുന്ന മൃദു സമീപനം.

LatestDaily

Read Previous

ഗുജറാത്തിൽ ഇസുദാന്‍ ഗഢ്‌വി എഎപി മുഖ്യമന്ത്രി സ്ഥാനാർത്ഥി

Read Next

കാമുകന്റെ ഫോണിൽ നന്ദയുടെ സ്വകാര്യ ചിത്രങ്ങൾ