കുണ്ടംകുഴി ജിബിജി പിരിച്ചത് 1000 കോടി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : കുണ്ടംകുഴിയിൽ ഒരുവർഷത്തിൽ ഏറെയായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനം ഇടപാടുകാരിൽ നിന്ന് പിരിച്ചത് 1000 കോടിക്ക് മുകളിലുള്ള പണം. കാസർകോട് ജില്ലയിൽ നിന്നും , കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്ക് വരെയുള്ള പ്രദേശങ്ങളിൽ നിന്നുമാണ് ജിബിജി കമ്പനി വ്യാപകമായി മോഹ പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചത്.

ഇൗ കമ്പനി ഇന്ത്യയിലൊരിടത്തും നിയമപരമായി റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, കമ്പനി പുറത്തുവിട്ട രേഖകളിൽ കമ്പനിക്ക് ബംഗളൂരു പട്ടണത്തിൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം തീർത്തും അസത്യവും തട്ടിപ്പുമാണ്. നിക്ഷേപകരെ ആകർഷിക്കാനും കൂടുതൽ പണം ജനങ്ങളിൽ നിന്ന് തട്ടിയെടുക്കാനുമുള്ള  വൻ തട്ടിപ്പിന്റെ ഭാഗമായാണ് ജിബിജി കറക്കു കമ്പനി ഇത്തരം കള്ളത്തരങ്ങൾ നിരത്തി ജനങ്ങളെ വഞ്ചിച്ചത്.

800 കോടി രൂപ കമ്പനി നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ചെയർമാൻ എന്ന് അവകാശപ്പെടുന്ന വിനോദ്കുമാർ സമ്മതിക്കുന്നുണ്ടെങ്കിലും, കമ്പനിയുടെ മോഹപ്പലിശ വാഗ്ദാനത്തിൽ വീണുപോയ ഇടപാടുകാരിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് ഇൗ തട്ടിപ്പ് കമ്പനി 1000 കോടിക്ക് മുകളിൽ പണം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

ജിബിജി പണമിടപാട് കമ്പനിയെ  ആർക്കും ഒരും ചുക്കും ചെയ്യാനാകില്ലെന്ന് ഇടയ്ക്കിടെ ചേരുന്ന നിക്ഷേപകരുടെ യോഗത്തിൽ കമ്പനി ചെയർമാൻ വിനോദ്കുമാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും.  ഇപ്പോൾ ചെയർമാൻ വിനോദ്കുമാറിനെ ഒന്നാംപ്രതി ചേർത്ത് ബേഡകം പോലീസ് ജാമ്യമില്ലാ കേസ് റജിസ്റ്റർ ചെയ്തതോടെ വിനോദ്കുമാർ നിക്ഷേപകർക്ക് നൽകിയ സകല ഉറപ്പുകളും പച്ചക്കള്ളമാണെന്നും, തനി തട്ടിപ്പാണെന്നും ബോധ്യപ്പെട്ടു കഴിഞ്ഞു.

പലിശ കിട്ടിയില്ലെങ്കിലും കമ്പനിയിൽ മുടക്കിയ പണം എത്രയും പെട്ടെന്ന്  തിരിച്ചു പിടിക്കാനുള്ള നീക്കങ്ങൾ നിക്ഷേപകരുടെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടുണ്ട്. പണം നൽകിയ ഇടപാടുകാർ അതാത് പ്രദേശത്തുള്ള ഇടനിലക്കാരായ ജിബിജിയുടെ ഏജന്റുമാരെ സമീപിച്ച് മുടക്കിയ പണം തിരികെ ആവശ്യപ്പെട്ടുകഴിഞ്ഞു.

ഇടനിലക്കാർ പലരും നിക്ഷേപകരിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കാൻ തുടങ്ങിയതോടെ നിക്ഷേപകർ പണം നൽകിയ ഇടനിലക്കാരായ ഏജന്റുമാരുടെ വീടുകളിലെത്താൻ തുടങ്ങിയിട്ടുണ്ട്. കരിവെള്ളൂർ- പെരളം പഞ്ചായത്ത് , പുല്ലൂർ -പെരിയ പഞ്ചായത്ത്, പള്ളിക്കര ഗ്രാമപഞ്ചായത്ത്, ചെമ്മനാട് പഞ്ചായത്ത്, ഉദുമ പഞ്ചായത്തുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം നിക്ഷേപമായി ജിബിജി തട്ടിപ്പുകമ്പനിയിലേക്ക് ഒഴുകിയിട്ടുള്ളത്.

LatestDaily

Read Previous

ഷാരോണ്‍ കൊലക്കേസ് അന്വേഷണം കേരളത്തില്‍ തന്നെ; ഉറപ്പ് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്

Read Next

ജീവൻ വെടിഞ്ഞ ബിരുദ വിദ്യാർത്ഥിനി നന്ദയുടെ കാമുകൻ അറസ്റ്റിൽ