ജില്ലാ സ്കൂൾ കലാമേള സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പുത്തരിയിൽ കല്ലുകടി

ഉണ്ണിത്താന് സർ.. വിളി !  ഇ.ചന്ദ്രശേഖരൻ അവർകൾ-! പോലീസ് ഇൻസ്പെക്ടറെ മാഷ് ഡിവൈഎസ്പിയാക്കി

സ്റ്റാഫ് ലേഖകൻ

നീലേശ്വരം : കാസർകോട് പാർലിമെന്റംഗം രാജ്്മോഹൻ ഉണ്ണിത്താനെ ”സർ” എന്ന് വിളിച്ച് അഭിസംബോധന ചെയ്തപ്പോൾ, ഒരേ വേദിയിൽ തൊട്ടടുത്തിരുന്ന കാഞ്ഞങ്ങാട് എംഎൽഏ, ഇ. ചന്ദ്രശേഖരന് സ്വാഗത ഭാഷകന്റെ അവർകൾ എന്ന സാധാരണ വിളി. ജില്ലാ സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് സ്വാഗത ഭാഷകൻ എംപിയെ സർ എന്ന്  വിളിച്ച് വാനോളം ഉയർത്തിയും എംഎൽഏയെ അവർകൾ എന്ന് വിളിച്ച് വേർതിരിക്കുകയും ചെയ്തത്.

ഇന്നലെ 3 മണിക്ക് കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് ഗവ. ഹയർസെക്കന്ററി സ്കൂളിലാണ് ജില്ലാ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നത്. 2 മണിക്ക് ചേരാൻ സകലർക്കും കത്ത് നൽകി ക്ഷണിച്ച സ്വാഗത സംഘം ഒരു മണിക്കൂർ വൈകി 3 മണിക്കാണ് ആരംഭിച്ചത്. സ്വാഗത ഭാഷകനായ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സ്വാഗത പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ് മൈക്കിലൂടെ മറ്റൊരു മാഷിന്റെ വക രണ്ടുവട്ടം അറിയിപ്പുകൾ വന്നു.

ഇൗ അറിയിപ്പിലും ”കാസർകോടിന്റെ ജനകീയ എംപിയായ രാജ്്മോഹൻ ഉണ്ണിത്താൻ” എന്ന് അൽപ്പം ഘന ഗാംഭീര്യമുള്ള ശബ്ദത്തിൽ ജീൻസ് ധാരിയായ മാഷ് എംപിയെ പുകഴ്്ത്തിയപ്പോൾ, മുൻനിരയിൽ പ്രസംഗ പീഠത്തിന് തൊട്ട് വേദിയിൽ ഇരിക്കുകയായിരുന്ന  ഇ. ചന്ദ്രശേഖരനെ മുൻമന്ത്രി എന്ന് പോലും അഭിസംബോധന ചെയ്തില്ല.

ഉണ്ണിത്താൻ ജനകീയനായ എംപി എന്ന പട്ടം ചാർത്തിക്കൊടുക്കാൻ സർക്കാർ ശമ്പളം പറ്റുന്ന ഹയർ സെക്കണ്ടറി അധ്യാപകർ വൃഥാ തിടുക്കം കാട്ടിയ  രാഷ്ട്രീയം സ്കൂൾ കലോത്സവത്തിന്  തിരിതെളിയും മുമ്പ് തന്നെ അധ്യാപകർ അവരവരുടെ രാഷ്ട്രീയ അധികാരം സംഘടകാ സമിതി യോഗത്തിൽ പ്രകടമാക്കുകയും ചെയ്തു.

വേദിയിലിരിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ഇതര ജനപ്രതിനിധികൾ എന്നിവർക്കെല്ലാം  സ്വാഗത ഭാഷകൻ സ്വന്തം പേരിലും കലാമേള നടക്കുന്ന ചായ്യോത്ത് ഹയർ സെക്കണ്ടറിയുടെ പേരിലും സ്വാഗതമാശംസിച്ച ശേഷം, വേദിയിലിരുന്ന കാക്കിയുടുപ്പിട്ട പോലീസുദ്യോഗസ്ഥൻ ഡിവൈഎസ്പിയാണെന്ന് തെറ്റിദ്ധരിച്ച്, കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർക്കും സ്വാഗതം പറഞ്ഞപ്പോൾ, സദസ്സിൽ നിന്ന് ചെറിയ കൂവൽ വന്നു.

അതുകേട്ട സ്വാഗതഭാഷകൻ വേദിയിലെ മൈക്കിന് മുന്നിൽ മൂർഖനെ ചവിട്ടിയതുപോലെ ഒന്ന് കണ്ണുചിമ്മി ഇളകി തുറന്നപ്പോൾ, വേദിയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ നീലേശ്വരം ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയാണെന്ന് സദസ്സിന്റെ മുൻനിരയിൽ നിന്ന് ഒരു ഖദർധാരിയും താടിക്കാരനായ നീലേശ്വരത്തെ മാധ്യമ പ്രവർത്തകനും വിളിച്ചുപറഞ്ഞിട്ടും ,തെറ്റുപറ്റിയതിൽ ക്ഷമ ചോദിച്ച് വേദിയിലുള്ള പോലീസുദ്യോഗസ്ഥൻ ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയാണെന്ന് തിരുത്താൻ പോലും സ്വാഗത ഭാഷകൻ തയ്യാറായില്ല.

പുത്തരിയിൽ തന്നെ കല്ലുകടി അനുഭവപ്പെട്ട സദസ്സ് അധ്യാപകരുടെ പൊതുവിജ്ഞാനത്തെക്കുറിച്ച് സ്വകാര്യം പറഞ്ഞ് കുലുങ്ങിച്ചിരിക്കുന്നതിനിടയിൽ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപിഎമ്മിലെ ടി.കെ. രവി മൈക്കിന് മുന്നിലെത്തി. പാടിപ്പതിഞ്ഞ നല്ല ഗാംഭീര്യമുള്ള ശബ്ദത്തിൽ പ്രസംഗം തുടങ്ങിയ ടി.കെ. രവി കലാമേളയ്ക്ക് 17 ലക്ഷം രൂപ ചിലവുവരുമെന്നും 2 ലക്ഷം രൂപ മാത്രമാണ് സർക്കാർ തരുന്നതെന്നും പറഞ്ഞ് ബാക്കി 15 ലക്ഷം രൂപയെക്കുറിച്ച് പ്രസംഗത്തിൽ വികാരധീനനായി.

കലാമേള നടത്തേണ്ട ഉത്തരവാദിത്വം സ്വന്തം  പഞ്ചായത്തിൽ ഏറ്റെടുത്ത പ്രസിഡണ്ട് തന്നെ 15 ലക്ഷം രൂപയെക്കുറിച്ച് വികാരധീനനായ സംഭവം ചുരുക്കം ചില പാർട്ടി പ്രവർത്തകരെങ്കിലും, ശ്രദ്ധിച്ചു േകൾക്കുകയും കാണുകയും അടക്കം പറയുകയും ചെയ്തു. ജില്ലാ സ്കൂൾ കലോത്സവ സ്വാഗത സംഘരൂപീകരണത്തിൽ ഇന്നലെ മുഖ്യ ആകർഷണം പഞ്ചസാര ചേർത്ത ചായയും രണ്ടുതരം കടിയുമാണ്.

എൻസിസി കാഡറ്റുകളും സ്കൂൾ യൂണിഫോം ധരിച്ച പ്ലസ്ടു പെൺകുട്ടികളും ചായയുമായി പുഞ്ചിരിച്ചുകൊണ്ട് എയർ ഹോസ്റ്റസുകളെപ്പോലെ, സദസ്സിലെത്തിയെങ്കിലും പഞ്ചസാരയിടാത്ത ”വിത്്ഔട്ട്” ചായ ചിലർ ആവശ്യപ്പെട്ടത് പെൺകുട്ടികൾ പലർക്കും മനസ്സിലായില്ല.

രക്തത്തിൽ പഞ്ചസാരയുടെ അളവുകൂടുതലുള്ള അന്യ സ്കൂളുകളിൽ നിന്നെത്തിയ പ്രതിപക്ഷ പാർട്ടി സഹയാത്രികരായ അമ്പതു കഴിഞ്ഞ ചില മാഷന്മാർ വിത്്ഔട്ട് കിട്ടാത്തിനാൽ ചായ പാടെ ഉപേക്ഷിച്ചു. വിദ്യാർത്ഥിനികൾ രണ്ടുതവണ നല്ല വെളുത്ത പേപ്പർ കപ്പിൽ ആവി പറക്കുന്ന ചായ സദസ്സിലെത്തിച്ചിട്ടും അതിലൊന്നും വിത്ത്ഔട്ട് മാത്രമുണ്ടായിരുന്നില്ല.

LatestDaily

Read Previous

കുണ്ടംകുഴി കമ്പനിയിൽ പണം നിക്ഷേപിച്ചത് ഇടത്തട്ടുകാർ

Read Next

ജിബിജി തട്ടിപ്പ് പാർട്ടി പത്രം മിണ്ടുന്നില്ല