കുണ്ടംകുഴി ധനകാര്യ സ്ഥാപനം തട്ടിയെടുത്തത് കോടികൾ

തട്ടിപ്പിന്റെ കേന്ദ്രബുദ്ധി കുണ്ടംകുഴിക്കാരൻ ഡോക്ടർ വിനോദ്കുമാർ എന്ന വിനോദ്

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : കുണ്ടംകുഴിയിൽ രണ്ടുവർഷം മുമ്പ് രഹസ്യ സ്വഭാവത്തോടു കൂടിയാരംഭിച്ച ജിബിജി ധനകാര്യ സ്ഥാപനം ഇടപാടുകാരിൽ നിന്ന് തട്ടിയെടുത്തത് കോടികളുടെ നിക്ഷേപം. ഡോക്ടർ വിനോദ്കുമാർ മാനേജിംഗ് ഡയരക്ടറായി ആരംഭിച്ച ഇൗ തട്ടിപ്പു കമ്പനിക്ക് കുണ്ടംകുഴി ടൗണിൽ ഓഫീസ് തുറന്നിട്ട് വർഷം 2 കഴിഞ്ഞു.

കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള നിക്ഷേപകരെ വൻപലിശ മോഹിപ്പിച്ചാണ് ഇൗ സ്ഥാപനത്തിന്റെ ഏജന്റുമാർ നിക്ഷേപം സ്വീകരിച്ചത്. കരിവെള്ളൂർ പെരളം പഞ്ചായത്തിൽ നിന്ന് മാത്രം ഇൗ  തട്ടിപ്പു കമ്പനിയിലേക്ക് 50 കോടി രൂപയോളം രൂപയുടെ നിക്ഷേപങ്ങൾ വന്നുചേർന്നിട്ടുണ്ട്.

സർവ്വീസിൽ നിന്ന് വിരമിച്ച അധ്യാപകരടക്കം സർക്കാറിൽ നിന്ന് കിട്ടിയ പണം പലിശ മോഹിച്ച് ജിബിജിയിൽ നിക്ഷേപിച്ചത് ഇൗ തട്ടിപ്പു കമ്പനിയുടെ ഇടത്തട്ടുകാരായ ഏജന്റുമാർ മുഖാന്തിരമാണ്. കരിവെള്ളൂർ ആണൂരിൽ ഒരു യുവതിയാണ് ജിബിജി തട്ടിപ്പുകമ്പനിയുടെ ഏജന്റ്. ഇൗ യുവതി വഴി മാത്രം 25 കോടി രൂപയോളം ജിബിജി കമ്പനിയിലെത്തിച്ചിട്ടുണ്ട്.

മാവുങ്കാൽ മൂലക്കണ്ടത്ത് ഒരു അംഗപരിമിതനാണ് കമ്പനിയിൽ ആളെ ചേർക്കുന്നത്. മൂലക്കണ്ടം മാവുങ്കാൽ ഭാഗത്ത് ഇരുന്നൂറോളം പേർ കുണ്ടംകുഴി കമ്പനിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്. പെരിയയിൽ ഒരു ഗംഗാധരൻ നായർ കമ്പനിയുടെ ഡയരക്ടറായി പ്രവർത്തിക്കുന്നുണ്ട്.

തട്ടിപ്പു കമ്പനി ഗംഗാധരൻ നായർക്ക് കാർ സമ്മാനമായി നൽകിയതായി ഗംഗാധരൻ നായർ തന്നെ ഇടപാടുകാരോട് തുറന്നു പറഞ്ഞാണ് നിക്ഷേപകരെ ജിബിജിയിലേക്ക് ആകർഷിക്കുന്നത്. തട്ടിപ്പു കമ്പനിക്ക് രൂപം നൽകിയ കമ്പനിയുടെ കേന്ദ്രബുദ്ധി ഡോ. വിനോദ്കുമാറാണ്. കുണ്ടംകുഴി സ്വദേശിയായ ഇദ്ദേഹം അന്താരാഷ്ട്ര തലത്തിൽ പല പേരുകളിലും അറിയപ്പെടുന്ന അഗ്ര ഗണ്യനാണ്.

ജില്ലയിൽ നിന്ന് തട്ടിയെടുത്ത പണം മുഴുവൻ ഇതര സംസ്ഥാനങ്ങളിലെ വൻകിട ബ്ലേഡ് കമ്പനികളിൽ നിക്ഷേപിച്ചതായി വിവരമുണ്ട്. മാവുങ്കാൽ മൂലക്കണ്ടം മധുരംപാടിയിൽ താമസിക്കുന്ന കെ.പി. മുരളീധരന്റെ പരാതിയിൽ ഒക്ടോബർ 28-ന് ബേഡകം പോലീസ് ജിബിജി സ്ഥാപനത്തിന്റെ എം.ഡി എന്നറിയപ്പെടുന്ന വിനോദ്കുമാറിന്റെ പേരിൽ കേസ്സ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിശ്വാസ വഞ്ചന, ചതി കുറ്റകൃത്യങ്ങൾ ചേർത്താണ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ജിബിജി തട്ടിപ്പു കമ്പനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് കരുതുന്നു.  സമൂഹത്തിൽ ഉന്നത നിലയിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കാൻ  തട്ടിപ്പുകാരൻ വിനോദ് കുമാർ സമയം കണ്ടെത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് രാജ് ഭവനിൽച്ചെന്ന്  കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി വിനോദ് കുമാർ നേരിട്ട് സൗഹൃദം സ്ഥാപിച്ചത്.

LatestDaily

Read Previous

ശ്രീനിവാസന്‍ തിരിച്ചുവരുന്നു; വിനീതിനൊപ്പം ‘കുറുക്കൻ’

Read Next

ജിബിജി നിധിക്കെതിരെ ക്രൈംബ്രാഞ്ച്  അന്വേഷണത്തിന് സാധ്യത