ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍ : പയ്യന്നൂർ എം.എൽ.ഏ, ടി.ഐ. മധുസൂദനനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയെ പയ്യന്നൂർ പോലീസ് കോട്ടയത്ത് പിടികൂടി. ചെറുതാഴം കൊവ്വല്‍കോളനിയിലെ പി വിജേഷ് കുമാറിനെയാണ് 38, പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. പയ്യന്നൂർ ഡിവൈ.എസ്.പി., കെ.ഇ. പ്രേമചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഇൻസ്പെക്ടർ മഹേഷ്. കെ.നായരുടെ നേതൃത്വത്തിലുള്ളസം ഘം കോട്ടയം മുണ്ടക്കയം വെള്ളനാടി ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപത്താണ് പ്രതിയെ പിടികൂടിയത്. ക്ഷേത്ര ഭാരവാഹികളെ തെറ്റിദ്ധരിപ്പിച്ച് ഇയാൾ ക്ഷേത്രത്തിലെ താത്കാലിക പൂജാരിയായി ജോലി ചെയ്തു വരികയായിരുന്നു.
ഈ മാസം അഞ്ചിന് വൈകുന്നേരം 7.51 നാണ് എം.എൽ.ഏ.യുടെ ഫോണിൽഭീഷണി വിളി എത്തിയത്. ക്രമസമാധാനം തകര്‍ക്കുംവിധത്തില്‍ ലഹളയുണ്ടാക്കാനും അപകീര്‍ത്തിപ്പെടുത്താനുമുദ്ദേശിച്ച് അശ്ലീല വാക്കുകളുപയോഗിച്ചാണ് ഫോണില്‍ വിളിച്ചതെന്ന എംഎല്‍എയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് പ്രതിയെ പിടികൂടിയത്.
ബ്രഹ്‌മചാരി വിജേഷ് ചൈതന്യ എന്ന പേരില്‍ സന്യാസിമാർക്കൊപ്പം ഫോട്ടോയെടുത്ത് പ്രചരിപ്പിച്ച് ദൽഹി സ്വദേശിയെന്ന് തെറ്റിദ്ധരിപ്പിച്ച് മുണ്ടക്കയം വെള്ളനാടി ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിൽ മേല്‍ശാന്തിയായി ജോലി ചെയ്യുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. 2016 – ൽ സമാനമായ കേസില്‍ പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിവരുന്നതിനിടയിലാണ് ഈ മാസം 5 ന് പുതിയ ഭീഷണി.
2018-ൽ മൊബൈല്‍ ഫോണിലും പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ഫോണിലും വിളിച്ച് വധഭീഷണി മുഴക്കിയ സംഭവത്തില്‍ പയ്യന്നൂർ പോലീസിൽ ലഭിച്ച പരാതിയിൽ വിജേഷ്കുമാറിനെതിരെ കേസെടുത്തിരുന്നു.
മുഖ്യമന്ത്രിയെ വധിക്കുമെന്നും സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ കൈവെട്ടുമെന്നും, ഫോണിലൂടെ ഭീഷണി മുഴക്കിയ കേസില്‍ കോഴിക്കോട് കൊളത്തൂരില്‍ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി മുമ്പ് റിമാന്റ് ചെയ്ത സംഭവവുമുണ്ടായിരുന്നു. വളപട്ടണത്തും, കണ്ണൂർ ടൗൺ സ്റ്റേഷനിലും കേസെടുത്തിരുന്നു .പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി ബിജെപി പ്രവർത്തകനാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.