സിനിമാ നിർമ്മാതാവിന്റെ പരാതി വ്യാജം, കോഴിക്കോട്ടെ ഫ്ലാറ്റ് കെട്ടിടത്തിന് മുൻകൂർ നൽകിയ 24 ലക്ഷം  രൂപ തിരിച്ചു കിട്ടിയില്ല

സ്വന്തം ലേഖകൻ

കാസർകോട്: സിനിമാ നിർമ്മാതാവും ഹോട്ടലുടമയുമായ തൃശ്ശൂർ ഒല്ലൂർ സ്വദേശി മാർട്ടിനെ ഹോട്ടലിൽ ക്ഷണിച്ചു വരുത്തി ഹണിട്രാപ്പിൽപ്പെടുത്തിയെന്ന ആരോപണത്തിലും കേസ്സിലും തരി പോലും  സത്യമില്ലെന്നും, പരാതിക്കാരന്റെ കൈയ്യിൽ, മേൽ ആരോപണം സംബന്ധിച്ച് യാതൊരു തെളിവുമില്ലെന്നും കാസർകോട്ട് താമസിക്കുന്ന കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി അടുക്കത്തിൽ മൊയ്തീൻ വെളിപ്പെടുത്തി.

കോഴിക്കോട് നഗരത്തിൽ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുന്നിൽ ഒമ്പതു നിലയിലുള്ള 18 ഫ്ലാറ്റുകൾ  വിലയ്ക്ക് വാങ്ങാൻ 24 ലക്ഷം രൂപ താൻ തൃശ്ശൂർ ഒല്ലൂർ സ്വദേശിക്ക് രേഖാമൂലം  അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകിയിരുന്നുവെന്നും, കെട്ടിടം കൈമാറാനുള്ള രേഖകൾ തരപ്പെടുത്തുമ്പോഴാണ് ഈ കെട്ടിടത്തിന് 19 കോടി രൂപ മുംബൈയിലെ ധനകാര്യ സ്ഥാപനമായ ജെഎം ഫിനാൻസിന് കടബാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതെന്നും, ഇതിനാൽ മാർട്ടിൻ എന്നയാൾക്ക്  മുൻകൂർ നൽകിയ 24 ലക്ഷം രൂപ മാർട്ടിൻ തിരിച്ചു തരാതെ വഞ്ചിക്കുകയായിരുന്നുവെന്നും, കെട്ടിടത്തിന് 24 ലക്ഷം  രൂപ മുൻകൂർ നൽകിയ മൊയ്തീൻ അടുക്കത്തിൽ പറഞ്ഞു.

വ്യാപാരത്തിൽ നിന്ന് പിൻവാങ്ങിയിട്ടും മാർട്ടിന് റൊക്കം നൽകിയ 24 ലക്ഷം രൂപ ഇദ്ദേഹം തിരിച്ചു തരാത്ത സാഹചര്യത്തിൽ പണം തരണമെന്നാവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയപ്പോഴാണ്, തന്നെ തൃശ്ശൂരിലെ ഹോട്ടലിൽ ക്ഷണിച്ചുവരുത്തി സ്ത്രീയെ ഉപയോഗിച്ച്  ഹണിട്രാപ്പിൽപ്പെടുത്തിയതെന്ന വ്യാജ പരാതിയുമായി മാർട്ടിൻ രംഗത്തിറങ്ങിയതെന്നും, ഇദ്ദേഹം തൃശ്ശൂർ പോലീസിൽ നൽകിയ പരാതി അന്വേഷിച്ച പോലീസ്, ആ പരാതിയിൽ സത്യമില്ലെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞപ്പോഴാണ് മാർട്ടിൻ കൃത്രിമമായുണ്ടാക്കിയ പരാതിയുമായി ഹൈക്കോടതിയിലെത്തിയതെന്നും അടുക്കത്തിൽ മൊയ്തീൻ പറയുന്നു.

കോഴിക്കോട്ടെ കെട്ടിടം താനറിയാതെ മറ്റൊരു പ്രമുഖന് വിൽപ്പന നടത്തിയതറിഞ്ഞപ്പോൾ, മാർട്ടിനോട് അഡ്വാൻസ് തുക തിരിച്ചു ചോദിച്ചപ്പോഴാണ് , മാർട്ടിനെ ഹണിട്രാപ്പിൽപ്പെടുത്തിയെന്ന് കാണിച്ച് തൃശൂർ ഒല്ലൂർ പോലീസിൽ മാർട്ടിൻ പരാതി നൽകിയത്. ഈ പരാതിയിൽ തരിമ്പും സത്യമില്ലെന്ന് കണ്ടതിനാലാണ് പോലീസ് പരാതി അന്നുതന്നെ തള്ളിക്കളഞ്ഞതെന്നും മൊയ്തീൻ പറഞ്ഞു.

LatestDaily

Read Previous

കൈഞരമ്പുകൾ മുറിച്ച പെൺകുട്ടി തൂങ്ങിമരിച്ചു

Read Next

അശ്വിന്റെ മരണം: നഷ്ടപ്പെട്ടത് കുടുംബത്തിന്റെ അത്താണി