അശ്വിന്റെ മരണം: നഷ്ടപ്പെട്ടത് കുടുംബത്തിന്റെ അത്താണി

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ചെറുവത്തൂർ കിഴക്കേമുറിയിലെ സൈനികന്റെ അപകട മരണത്തോടെ നഷ്ടപ്പെട്ടത് കുടുംബത്തിന്റെ അത്താണി. കൂലിത്തൊഴിലാളികളായ മാതാപിതാക്കളടങ്ങുന്ന കുടുംബത്തെ ജീവിതത്തിലേക്ക് കര കയറ്റിയ യുവ സൈനികന്റെ മരണം നാട്ടിനും ഞെട്ടലായി.

അരുണാചൽപ്രദേശിലെ അപ്പർസിയാംഗിൽ സൈനിക ഹെലികോപ്റ്റർ തകർന്നാണ് ചെറുവത്തൂർ കിഴക്കേമുറിയിലെ കെ.വി. അശോകൻ – കൗസല്യ ദമ്പതികളുടെ മകൻ കെ.വി. അശ്വിന്റെ 24, ദാരുണാന്ത്യമുണ്ടായത്. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ഇന്നലെ സന്ധ്യയ്ക്ക് 6 മണിക്കാണ് വീട്ടിൽ വിവരമെത്തിയത്. ഇലക്ട്രോണിക്സ് ആന്റ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ എഞ്ചിനീയറായി നാല് വർഷം മുമ്പാണ് അശ്വിൻ സൈനിക സേവനമാരംഭിച്ചത്.

അവധിക്കെത്തിയ യുവാവ് ഒരു മാസം മുമ്പാണ് പട്ടാളത്തിലേക്ക് തിരിച്ചുപോയത്. അശ്വിന്റെ മാതാപിതാക്കൾ കൂലിത്തൊഴിലാളികളാണ്. അശ്വിന് ജോലി ലഭിച്ചതിന് ശേഷമാണ് വീട് നിർമ്മിച്ചത്. വീടിന്റെ ബാക്കിയുള്ള മിനുക്കുപണികൾ ഉടൻ പൂർത്തിയാക്കാമെന്നുറപ്പ് നൽകി യാത്ര പറഞ്ഞ മകന്റെ അപകടമരണവാർത്തയാണ് ഇന്നലെ മാതാപിതാക്കൾക്ക് ലഭിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനെക്കുറിച്ച് സൈന്യത്തിൽ നിന്നുള്ള അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അരുണാചൽപ്രദേശ് ഹെലികോപ്റ്റർ അപകടത്തിൽ അശ്വിനടക്കം 5 സൈനികരാണ് മരിച്ചത്. ഡിവൈഎഫ്ഐ കിഴക്കേമുറി യൂണിറ്റ് സിക്രട്ടറിയായി പ്രവർത്തിച്ചിരുന്ന കെ.വി. അശ്വിൻ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു.

നാട്ടിലെ പൊതുപ്രവർത്തനത്തിലും സജീവമായി പങ്കാളിയായിരുന്നു. യുവാവിന്റെ ദാരുണ മരണം ചെറുവത്തൂർ കിഴക്കേമുറിയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.  അശ്വതി, അനശ്വര എന്നിവരാണ് അശ്വിന്റെ സഹോദരിമാർ.

LatestDaily

Read Previous

സിനിമാ നിർമ്മാതാവിന്റെ പരാതി വ്യാജം, കോഴിക്കോട്ടെ ഫ്ലാറ്റ് കെട്ടിടത്തിന് മുൻകൂർ നൽകിയ 24 ലക്ഷം  രൂപ തിരിച്ചു കിട്ടിയില്ല

Read Next

പന്തൽ അപകടം: 6 പേർ അറസ്റ്റിൽ