കനകപ്പള്ളി വാഹനാപകടം: ഡ്രൈവർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

പരപ്പ: സ്കൂട്ടിയിൽ ലോറിയിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇന്നലെ സന്ധ്യയ്ക്ക് പരപ്പ കനകപ്പള്ളിയിലാണ് സ്കൂട്ടിയും പാർസൽ ലോറിയുമിടിച്ച് രണ്ടുപേർ മരിച്ചത്.

കനകപ്പള്ളി തുമ്പയിലെ പരേതനായ അമ്പാടി -അമ്മാളു ദമ്പതികളുടെ മകൻ മണികണ്ഠൻ 17, കുറ്റിയാട്ടെ നാരായണൻ- ശാരദ ദമ്പതികളുടെ മകൻ ഉമേഷ് 22, എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. മണികണ്ഠൻ മാലോം വള്ളിക്കടവ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. ഉമേശൻ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. ഉമേശൻ ഓടിച്ചിരുന്ന കെ.എൽ. 79 ഏ 3869 നമ്പർ സ്കൂട്ടിയിൽ കെ. എൽ. 07 സി.എസ്. 1039 ലോറിയിടിച്ചാണ് അപകടം.

വെള്ളരിക്കുണ്ട് നിന്നും പരപ്പ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടിയിൽ എതിരെ വന്ന പാർസൽ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ യുവാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് മരിച്ചത്.

വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹങ്ങൾ ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി ബന്ധുക്കൾക്ക് കൈമാറി. ഉണ്ണികൃഷ്ണൻ, ഉണ്ണിമായ, മനു എന്നിവരാണ് ഉമേഷിന്റെ സഹോദരങ്ങൾ. അനിതയും അനീഷുമാണ് മണികണ്ഠന്റെ സഹോദരങ്ങൾ.

Read Previous

ഹിമാചൽ പ്രദേശ് ഹോട്ട് സീറ്റിൽ ‘ചായക്കടക്കാരന്’ അവസരം നൽകി ബിജെപി

Read Next

ബി.ജെ.പി പോപ്പുലർ ഫ്രണ്ട് സംഘർഷം ; നശിപ്പിച്ച  സ്വത്തുക്കളുടെ നഷ്ടം കെട്ടിവെക്കണം