സി.കെ ശ്രീധരൻ ശ്രദ്ധേയനായ അഭിഭാഷകൻ: മുഖ്യമന്ത്രി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ശ്രദ്ധേയ വ്യക്തിത്വം എന്നതിലുപരി സി.കെ. ശ്രീധരൻ കേരളത്തിൽ തന്നെ അറിയപ്പെടുന്ന ശ്രദ്ധേയനായ ക്രിമിനൽ അഭിഭാഷകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.കെ. ശ്രീധരൻ എഴുതിയ ജീവിതം, നിയമം, നിലപാടുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ ഇന്നലെ കാഞ്ഞങ്ങാട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഭിഭാഷക രംഗത്ത് ശ്രീധരൻ വക്കീൽ അഞ്ചരപ്പതിറ്റാണ്ട് പൂർത്തിയാക്കിയെന്നതു തന്നെ വലിയ ഭാഗ്യമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷകൻ എന്നതിലപ്പുറം ശ്രദ്ധേയനായ രാഷ്ട്രീയ നേതാവ് കൂടിയാണ് സി.കെ. ശ്രീധരനെന്നും, മുഖ്യമന്ത്രി പറഞ്ഞു. പൊതുരംഗത്തും കോടതിയിലും ഒരുപോലെ ശോഭിക്കാൻ കഴിഞ്ഞുവെന്നതാണ് സി.കെ. ശ്രീധരന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

എല്ലാ സത്യങ്ങളും ഇത്തരമൊരു പുസ്തകത്തിൽ പറയാനാവില്ലെങ്കിലും, അപ്രിയസത്യങ്ങൾ പുസ്തത്തിലുണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരൻ വക്കീലിന്റെ പുസ്തകം ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുമെന്ന് ചടങ്ങിൽ ആധ്യക്ഷം വഹിച്ച മുൻമന്ത്രി ഡോ. എം.കെ. മുനീർ പറഞ്ഞു.

ഈ പുസ്തകം വരും കാലങ്ങളിൽ നിയമവിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുമെന്ന് പറഞ്ഞ മുനീർ പിണറായി വിജയന്റെ ജീവിതരേഖ തരികയാണെങ്കിൽ, അതുകൂടി ഒലിവ് പബ്ലിക്കേഷൻസ് പുസ്തകമാക്കാൻ തയ്യാറാണെന്ന് പറഞ്ഞു. മുഖ്യമന്ത്രി തന്നെ പുസ്തക പ്രസാധനത്തിന് നേരിട്ടെത്തിയതിനാൽ സി.കെയ്ക്ക് ഇതിലും വലിയ ഒരാദരം ഇനി ലഭിക്കാനില്ലെന്നും എം.കെ. മുനീർ പറഞ്ഞു.

ഡോ.എം.കെ. മുനീർ ചെയർമാനായ കോഴിക്കോട്ടെ ഒലിവ് പബ്ലിഷേഴ്സാണ് സി.കെ. ശ്രീധരന്റെ പുസ്തകത്തിന്റെ പ്രസാധകർ. ഹൈക്കോടതി അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ് മുഖ്യമന്ത്രിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി. ഉദുമ സ്വദേശിയും സി.കെ. ശ്രീധരൻ വക്കീലിന്റെ ജൂനിയറുമായി കാഞ്ഞങ്ങാട്ട് പ്രാക്ടീസ് ചെയ്തിരുന്ന ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണൻ ആദരഭാഷണം നടത്തി. എഴുത്തുകാരൻ താഹ മാടായി പുസ്തകം പരിചയപ്പെടുത്തി. രാജ്മോഹൻ ഉണ്ണിത്താൻ എംപിയടക്കം നിരവധി പേർ ആശംസ നേർന്നു.

LatestDaily

Read Previous

പ്രണയം നടിച്ച് യുവതിയുടെ 130 പവൻ തട്ടിയെടുത്തു

Read Next

പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മയില്‍ പങ്കെടുത്ത 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ