കണ്ടക്ടർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടർ ചവിട്ടിയ സംഭവം യൂണിയൻ ഇടപെട്ട് ഒത്തുതീർപ്പാക്കിയതിനെതിരെ പ്രതിഷേധമുയരുന്നു. കണ്ടക്ടറുടെ ചവിട്ടേറ്റ യാത്രക്കാരൻ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും, യൂണിയൻ പ്രവർത്തകരുടെ സമ്മർദ്ദത്തെ തുടർന്നാണ് കേസ് ഒത്തു തീർപ്പാക്കിയത്.

കണ്ണൂരിൽ നിന്നും കാസർകോട്ടേക്ക് സർവ്വീസ് നടത്തുന്ന ഹിൽപാലസ് എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് ബസ്സിൽ കുടുംബസമേതം യാത്ര ചെയ്ത കൊവ്വൽസ്റ്റോറിലെ അപ്പച്ചൻ എന്നയാളെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ചവിട്ടിയത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹൃദ്രോഗിയെയാണ് സ്വകാര്യ ബസ് കണ്ടക്ടർ നെഞ്ചത്ത് ചവിട്ടിയത്.

യാത്രക്കാരന്റെ ജീവൻ തന്നെ നഷ്ടമായേക്കുമായിരുന്ന സംഭവത്തെയാണ് യൂണിയൻ നേതാക്കൾ ലഘൂകരിച്ച് കുറ്റാരോപിതനെ നിയമ നടപടിയിൽ നിന്നൊഴിവാക്കി രക്ഷിച്ചത്. ഗുരുതരമായ ക്രിമിനൽക്കുറ്റം ചെയ്ത സ്വകാര്യ ബസ് കണ്ടക്ടറെ കേസ്സിൽ നിന്നും രക്ഷിച്ചെടുക്കാൻ നടത്തിയ യൂണിയൻ നീക്കത്തെ പോലീസും പിന്തുണച്ചു. 65 വയസ് കഴിഞ്ഞയാളെയാണ് പ്രായത്തിന്റെ പരിഗണന പോലും നൽകാതെ സ്വകാര്യ ബസ് കണ്ടക്ടർ നെഞ്ചത്ത് ചവിട്ടിയത്.

സ്റ്റോപ്പിൽ ഇറക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് കാഞ്ഞങ്ങാട് സൗത്തിൽ ഹിൽ പാലസ് ബസ് കണ്ടക്ടർ ഹൃദ്രോഗിയെ ബസ്സിൽ നിന്നും ചവിട്ടിയിറക്കിയത്. ബസ്സിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്ത യാത്രക്കാരനെ കണ്ടക്ടർ ചവിട്ടിയിറക്കിയതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു.

ഗുണ്ടാശൈലിയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്വകാര്യ ബസ് ജീവനക്കാരെ നിലയ്ക്ക്  നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഹൃദ്രോഗിയായ യാത്രക്കാരനെ ചവിട്ടിയ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Read Previous

യുവതിയെ മർദ്ദിച്ചു

Read Next

പയ്യന്നൂർ സ്വദേശി എംഡിഎംഏയുമായി ബേക്കലിൽ പിടിയിൽ