തെരുവുനായയെ തല്ലിക്കൊന്നതിന് കേസ്

പയ്യന്നൂര്‍: തെരുവുനായയെ ഒരു കൂട്ടം ആളുകൾ തല്ലിക്കൊന്നുവെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. മൃഗസംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന തൃശ്ശൂരിലെ വാക്കിങ്ങ് ഐ ഫൗണ്ടേഷന്‍ ഫോർ അനിമൽ ഭാരവാഹി വിവേക് വിശ്വനാഥിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകള്‍ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.

ഈമാസം 13നാണ് പരാതിക്കാസ്പദമായ സംഭവം. പയ്യന്നൂര്‍ എന്‍സിസി റോഡ്, സെന്‍ട്രല്‍ ബസാര്‍, കരിഞ്ചാമുണ്ടി ക്ഷേത്ര സമീപം, മാവിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലായി തെരുവുനായയുടെ ആക്രമണത്തില്‍ ഒന്‍പതുപേര്‍ക്ക് കടിയേറ്റിരുന്നു. രാവിലെ നടക്കാനിറങ്ങിയവരും സ്‌കൂളിലേക്കും കോളേജിലേക്കും പോകുന്ന വിദ്യാര്‍ത്ഥിനികളും ജോലിക്ക് പോകുന്നവരുമാണ് നായ്ക്കളുടെ ആക്രമണത്തിനിരയായത്.പലര്‍ക്കും കൈകള്‍ക്കും കാലുകള്‍ക്കുമായാണ് കടിയേറ്റത്.

ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായയുടെ ആക്രമണം ഭീതിപരത്തിയ സാഹചര്യമായിരുന്നു. ഇതിനിടയില്‍ ചിലര്‍ചേര്‍ന്ന് നായയെ തല്ലിക്കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഈ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. വീഡിയോ ദൃശ്യങ്ങളില്‍നിന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പയ്യന്നൂർ പോലീസ്.

LatestDaily

Read Previous

വീട്ടിൽ മയക്കുമരുന്ന് പാർട്ടി: ആറു പേർ പിടിയിൽ

Read Next

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി