പി. കെ. നിഷാന്തിന്റെ ഭാര്യയ്ക്ക് ബാങ്കിൽ ജോലി കൊടുക്കാനുള്ള നീക്കം പാർട്ടിയിൽ പുകയുന്നു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: അടുത്തിടെ സിപിഎം ജില്ലാ കമ്മിറ്റിയിലെത്തിയ കാഞ്ഞങ്ങാട്ടെ പി.കെ. നിഷാന്തിന്റെ ഭാര്യ അദൃഷ്ടയ്ക്ക് കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ ജോലി കൊടുക്കാനുള്ള നീക്കം കാഞ്ഞങ്ങാട് പാർട്ടിയിൽ പുകഞ്ഞു കത്താൻ തുടങ്ങി. നഗരസഭ കൗൺസിലർ പുതുക്കൈയിലെ പള്ളിക്കൈ രാധാകൃഷ്ണന്റെ മകനെ പുതുക്കൈ സഹകരണ സൊസൈറ്റിയിൽ അറ്റൻഡർ തസ്തികയിൽ നിയമിക്കാനുള്ള പാർട്ടി നീക്കം കത്തുന്നതിനിടയിലാണ് പാർട്ടി പ്രവർത്തകയല്ലാത്ത നിഷാന്തിന്റെ ഭാര്യ അദൃഷ്ടയ്ക്ക്  കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ അറ്റൻഡർ ജോലി നൽകാൻ പാർട്ടി ഏരിയാ നേതൃത്വം പട്ടിക തയ്യാറാക്കിയത്.

അദൃഷ്ടയ്ക്ക് പുറമെ ഏരിയ കമ്മിറ്റിയംഗം കെ.വി. രാഘവന്റെ മകൻ രഞ്ജിത്തിനും, പാർട്ടി  കാഞ്ഞങ്ങാട് ഏസി ഓഫീസ് സിക്രട്ടറി, അജാനൂർ സെക്കൻഡ് എൽസിയംഗം കിഴക്കുംകരയിലെ മേഹനനുമടക്കം നാലുപേർക്ക് കോട്ടച്ചേരി ബാങ്കിൽ ജോലി നൽകാനുള്ള പട്ടികയാണ് ഏസി നേതൃത്വം മൂന്ന് നാൾ മുമ്പ് തയ്യാറാക്കിയിട്ടുള്ളത്.

തൽസമയം, ഡിവൈഎഫ്ഐ ബ്ലോക്ക് സിക്രട്ടറിയും സജീവ പാർട്ടി പ്രവർത്തകനുമായ വെള്ളിക്കോത്തെ ജിനീഷിനും, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷിന്റെ  ഭാര്യയ്ക്കും, ആയ കാലമത്രയും പാർട്ടി പ്രവർത്തനത്തിലുള്ള ഇട്ടമ്മൽ പി.കെ. കണ്ണന്റെ  മകനും, ആറുപതിറ്റാണ്ടുകാലം പാർട്ടിക്ക് വേണ്ടി പണിയെടുത്ത മണലിൽ രാമന്റെ മകനും ബാങ്കിൽ ജോലി കൊടുക്കണമെന്ന പാർട്ടി പ്രവർത്തകരുടെ  ന്യായമായ നിർദ്ദേശം പാടെ മറികടന്നു കൊണ്ടാണ് പി.കെ. നിഷാന്തിന്റെ ഭാ

ര്യയടക്കമുള്ള നാലുപേർക്ക് ബാങ്കിൽ അറ്റൻഡർ തസ്തികയിൽ ജോലി നൽകാനുള്ള രഹസ്യ നിർദ്ദേശ പട്ടിക സിപിഎം കാഞ്ഞങ്ങാട് ഏരിയാ നേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. പി.കെ. നിഷാന്ത് 2012-ൽ പാർട്ടി അംഗത്വമെടുത്ത ആളാണ്. നിഷാന്ത് ആദ്യമായി പങ്കെടുത്ത ഏരിയാ സമ്മേളനത്തിൽ തന്നെ ഏരിയാ കമ്മിറ്റിയംഗമാവുകയും, ആദ്യമായി പങ്കെടുത്ത ജില്ലാ സമ്മേളനത്തിൽ തന്നെ പാർട്ടി ജില്ലാ കമ്മിറ്റി അംഗമായ പ്രവർത്തകരുമാണ്.

ബീഡിത്തൊഴിലാളി മേഖലയിൽ നിന്ന് തുടങ്ങി കഴിഞ്ഞ അര നൂറ്റാണ്ടുകാലം  കാഞ്ഞങ്ങാട്ടെയും, അജാനൂരിലെയും പാർട്ടിക്ക് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച സഖാവാണ് ഇപ്പോൾ എഴുപതിലെത്തിയ മണലിൽ രാമൻ. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാവണീശ്വരത്തെ സബീഷ് സ്കൂൾ കാലംതൊട്ട് പാർട്ടി കൊടി ചുമലിലേറ്റിയ സഖാവാണ്. പി. കെ. കണ്ണനും അരനൂറ്റാണ്ടുകാലം  ബീഡിത്തൊഴിലാളികളെ പാർട്ടി പതാകയ്ക്ക് കീഴിൽ അണി നിരത്തിയ സൗമ്യ വ്യക്തിത്വമാണ്.

ഡിവൈഎഫ്ഐ ബ്ലോക്ക് സിക്രട്ടറി ജിനീഷ് അന്നും ഇന്നും ഡിവൈഎഫ്ഐയുടെ സൗമ്യമുഖമാണ്. പാർട്ടി പ്രവർത്തകർ ബാങ്ക് ജോലിക്ക് നിർദ്ദേശം മുന്നോട്ടുവെച്ച മേൽ നാലുപേരെയും പാടെ തഴഞ്ഞുകൊണ്ടാണ് പി.കെ. നിഷാന്തിന്റെ  കാസർകോട് സ്വദേശിനിയായ ഭാര്യയടക്കമുള്ള നാലുപേരുടെ പട്ടിക സിപിഎം  കാഞ്ഞങ്ങാട് ഏരിയ രഹസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. പാർട്ടി ജോലി അനർഹർക്ക് നൽകിയ  വിഷയത്തെച്ചൊല്ലി ഇന്നലെ ഏസി ഓഫീസിൽ പി.കെ. നിഷാന്തും മുതിർന്ന സിപിഎം പ്രവർത്തകൻ മണലിൽ രാമനും തമ്മിൽ കൊമ്പുകോർത്ത സംഭവവും നടന്നു.

LatestDaily

Read Previous

ഡിസിസി പ്രസിഡണ്ടിന് വോട്ടില്ല

Read Next

നയാബസാർ സമൂഹവിരുദ്ധ താവളം