കൈയ്യേറ്റമാരോപിച്ച് പഞ്ചായത്തധികൃതർ ഉപദ്രവിക്കുന്നു

സ്വന്തം ലേഖകൻ

ഉദുമ: ഉദുമയിൽ കൂൾബാർ നടത്തുന്ന പടന്നക്കാട് സ്വദേശിയെയും പാലക്കുന്ന് സ്വദേശിയെയും ഉദുമ പഞ്ചായത്തധികൃതർ നിരന്തരം ദ്രോഹിക്കുന്നതായി പരാതി. പടന്നക്കാട്ടെ യൂനുസും കൂട്ടാളി പാലക്കുന്ന് അങ്കക്കളരി സ്വദേശിയും നടത്തുന്ന സ്ഥാപനത്തിനെതിരെയാണ് പഞ്ചായത്തധികൃതർ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നത്.

കൂൾബാറിന്റെ ബോർഡ് സ്ഥാപിച്ചത് മുതൽ പഞ്ചായത്തധികൃതർ ഉപദ്രവമാരംഭിച്ചിരുന്നു. സ്ഥാപനത്തിന്റെ ബോർഡ് സ്ഥാപിച്ചത് പൊതുസ്ഥലം കയ്യേറിയാണെന്നാരോപിച്ചാണ് പഞ്ചായത്തധികൃതർ പ്രശ്നമുണ്ടാക്കിയത്. പാലക്കുന്ന് മുതൽ ഉദുമ വരെ പൊതുസ്ഥലം കയ്യേറി നിരവധി തട്ടുകടകളും സ്ഥാപനങ്ങളും ദീർഘകാലമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, യൂനുസിന്റെ സ്ഥാപനം മാത്രമാണ് പഞ്ചായത്തധികൃതരുടെ കണ്ണിൽപ്പെട്ടത്.

യൂനുസ് കച്ചവടം നടത്തുന്ന കെട്ടിടത്തിന് സമീപത്തെ കെട്ടിട നിർമ്മാണത്തിൽ നടന്ന നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ അധികൃതർ കീഴടങ്ങുകയായിരുന്നു. ഏറ്റവുമൊടുവിൽ യൂനുസിന്റെ കൂട്ടാളി ഉദുമയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥലമുടമയുടെ അനുവാദത്തോടെ സ്ഥാപിച്ച ഫ്രൂട്ട്സ്റ്റാളിനെതിരെ തിരിഞ്ഞിരിക്കുകയാണ് പഞ്ചായത്തധികൃതർ.

ഫ്രൂട്ട് സ്റ്റാൾ അനധികൃതമാണെന്നാരോപിച്ച് പഞ്ചായത്തധികൃതർ കഴിഞ്ഞ ദിവസം കടയിൽ നോട്ടീസ് പതിച്ചിരുന്നു. ഫ്രൂട്ട് സ്റ്റാൾ പൊളിച്ചു നീക്കണമെന്നാണ് പഞ്ചായത്ത് നിർദ്ദേശിച്ചിരിക്കുന്നത്. അനധികൃത കയ്യേറ്റത്തിന്റെ പേരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച സ്റ്റാൾ നീക്കണമെന്ന് വാശി പിടിക്കുന്ന പഞ്ചായത്തധികൃതർ പാലക്കുന്ന് ടൗണിലും ഉദുമയിലുമുള്ള അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

പഞ്ചായത്തിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കുറ്റകരമായ മൗനമവലംബിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും അധികൃതരും സ്വകാര്യവ്യക്തിയുടെ സ്ഥലത്താരംഭിച്ച ഫ്രൂട്ട്സ്റ്റാൾ പൊളിക്കാനാവശ്യപ്പെട്ടത് വിവാദമായിട്ടുണ്ട്.

LatestDaily

Read Previous

കേബിൾ മോഷ്ടിച്ച അസം യുവാക്കൾ പിടിയിൽ

Read Next

ഭാരത് ജോഡോ യാത്ര 1000 കിലോമീറ്റർ പിന്നിട്ടു