കാന്തപുരം കോടിയേരിയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു

സ്വന്തം ലേഖകൻ

തലശ്ശേരി: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വസതി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയുമുണ്ടായി.

കേരള രാഷ്ട്രീയത്തിൽ വ്യക്തിപരമായി ഏറ്റവും അടുപ്പമുള്ള നേതാക്കളിൽ ഒരാളാണ് കോടിയേരി ബാലകൃഷ്ണൻ എന്നും സുന്നി പ്രസ്ഥാനം രാഷ്ട്രീയപരമായ ചില പ്രതിസന്ധികൾ അഭിമുഖീകരിച്ച സമയങ്ങളിൽ അദ്ദേഹത്തിന്റെ പിന്തുണയും സാന്നിധ്യവും സഹായകമായീട്ടുണ്ടെന്നും കാന്തപുരം അനുസ്മരിച്ചു. 

കമ്യൂണിസ്റ്റ് പാർട്ടിക്കും സുന്നി പ്രസ്ഥാനത്തിനുമിടയിൽ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽപോലും അതൊന്നും തടസ്സമാവാതെ ആരോഗ്യപരമായ ബന്ധം അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചു. രാഷ്ട്രീയത്തിന് അതീതമായി എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കാനും എല്ലാവർക്കും നന്മ ചെയ്യാനും അദ്ദേഹം  മുൻകൈയ്യെടുത്ത്  പ്രവർത്തിച്ചു എന്നും കാന്തപുരം

പറഞ്ഞു. മക്കളായ ബിനോയ്, ബിനീഷ്, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ യൂസുഫ് ഹൈദർ സന്നിഹിതരായിരുന്നു.

Read Previous

യുവാവ് കാറിൽ മരിച്ച നിലയിൽ 

Read Next

വ്യാപാരിയുടെ ബാഗ് തട്ടിപ്പറിച്ച സംഘത്തെക്കുറിച്ച് അന്വേഷണം ഉൗർജ്ജിതം