വ്യാപാരിയുടെ ബാഗ് തട്ടിപ്പറിച്ച സംഘത്തെക്കുറിച്ച് അന്വേഷണം ഉൗർജ്ജിതം

സ്വന്തം ലേഖകൻ

അമ്പലത്തറ : പുല്ലൂർ പൊള്ളക്കടയിൽ വ്യാപാരിയുടെ ബാഗ് തട്ടിയെടുത്ത് പണം മോഷ്ടിച്ച  സംഘത്തിന് വേണ്ടി പോലീസ് തെരച്ചിൽ ശക്തമാക്കി. സംഭവ സ്ഥലത്തിന്  സമീപത്തെ നിരീക്ഷണ ക്യാമറകളിൽ നിന്നും ശേഖരിച്ച ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.

ഒക്ടോബർ 4-ന് രാത്രി 10-30 മണിയോടെയാണ് പുല്ലൂർ പൊള്ളക്കടയിലെ വ്യാപാരി ഗോവിന്ദന്റെ കടയിലെത്തിയ രണ്ടംഗസംഘം അദ്ദേഹത്തിന്റെ ബാഗുമായി രക്ഷപ്പെട്ടത്. കടയടച്ച് വീട്ടിൽ പോകാൻ ഒരുങ്ങുന്നതിനിടെ പഴമാവശ്യപ്പെട്ട് ഒരാൾ കടയിലെത്തിയിരുന്നു. അടച്ച കട വീണ്ടും തുറന്ന് പഴം തൂക്കുന്നതിനിടെയാണ് അജ്ഞാതൻ ഗോവിന്ദന്റെ ബാഗുമായി ഓടി രക്ഷപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിൽ.

ഗോവിന്ദന്റെ മോഷ്ടിക്കപ്പെട്ട ബാഗ് മോഷ്ടാക്കൾ തന്നെ ഇന്നലെ കടയിൽ തിരിച്ച് വെച്ചിരുന്നു. കടയുടമ ഇന്നലെ രാവിലെ  കട തുറക്കാനെത്തിയപ്പോഴാണ് വരാന്തയിൽ ബാഗ് കണ്ടത്. ബാഗിനകത്തുണ്ടായിരുന്ന 5000 രൂപ എടുത്ത ശേഷമാണ് തിരികെ കൊണ്ടുവെച്ചത്. ഗോവിന്ദന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത അമ്പലത്തറ പോലീസ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം തുടരുകയാണ്.

Read Previous

കാന്തപുരം കോടിയേരിയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു

Read Next

വടക്കഞ്ചേരി ബസപകടം; ഡ്രൈവർക്കെതിരെ മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റം