തരൂർ – ഖാർഗെ; കേരളം ആർക്കൊപ്പം!

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : രണ്ട് പതിറ്റാണ്ടിന് ശേഷം ഏഐസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്ന മത്സരത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായതോടെ കോൺഗ്രസ് കേരള ഘടകം ആരോടൊപ്പമെന്ന കാര്യത്തിൽ അവ്യക്തത നീങ്ങിയില്ല. അഖിലേന്ത്യാ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആർക്കും മത്സരിക്കാമെന്ന് പ്രഖ്യാപിച്ച ഹൈക്കമാന്റ് തന്നെ സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്തിയതോടെ ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ കോൺഗ്രസിൽ അവ്യക്തത തുടരുകയാണ്.

അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഏറെ നാടകീയമായാണ് ഹൈക്കമാന്റ് സ്വന്തം സ്ഥാനാർത്ഥിയായി മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ പ്രഖ്യാപിച്ചത് ന്യൂദൽഹി രാഷ്ട്രീയമുപയോഗിച്ച് കേരളത്തിലേക്ക് ചേക്കേറിയ കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഏ.കെ. ആന്റണി ദൽഹിയിൽ നേരിട്ടെത്തി ഖാർഗെയ്ക്ക് പിന്തുണ അറിയിച്ചതോടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് ഗ്രൂപ്പുകളുണ്ടാകുമെന്നുറപ്പായിട്ടുണ്ട്.

ഖാർഗെയെ പ്രസിഡണ്ടാക്കി കോൺഗ്രസിൽ പിൻസീറ്റ് ഭരണം നടത്താനാണ് സോണിയാഗന്ധിയും രാഹുൽ ഗാന്ധിയും ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിശകലനം.ഹൈക്കമാന്റിന്റെ വിശ്വസ്തനെന്ന് കരുതിയിരുന്ന അശോക് ഗെഹ്്ലോട്ട് തനിനിറം കാട്ടിയതോടെയാണ് ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന ഇദ്ദേഹത്തെ മാറ്റി ഖാർഗെയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

ഒക്ടോബർ 17-ന് നടക്കുന്ന ഏഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശിതരൂരിന് കേരളത്തിൽ നിന്നും പൂർണ്ണ പിന്തുണ കിട്ടില്ലെന്നുറപ്പായിട്ടുണ്ട്. മലയാളിയായ ശശിതൂർ അധ്യക്ഷ സ്ഥാനത്തെത്തുന്നത് തടയാൻ മലയാളികളായ കോൺഗ്രസ് നേതാക്കൾ തന്നെ പാരവെയ്പ്പ് തുടങ്ങിയിട്ടുണ്ട്. നിലവിൽ കോഴിക്കോട് എം. പി., എം.കെ. രാഘവൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരീനാഥ് എന്നിവരടക്കമുള്ളവരുടെ പിന്തുണയാണ് ശശി തരൂരിനുള്ളത്.

കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ശശിതരൂർ മത്സരിക്കുന്നതിനോട് ആദ്യ ഘട്ടത്തിൽ അനുഭാവം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ഹൈക്കമാന്റ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയതോടെ കളം മാറി. എൺപതുകാരനായ മല്ലികാർജ്ജുൻ ഖാർഗെയെക്കാൾ ചെറുപ്പമുള്ളയാളാണ് ശശിതരൂർ. ഇന്ത്യൻ നയതന്ത്ര പ്രതിനിധിയായി വിദേശങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ശശിതരൂർ യുക്തിപൂർവ്വം തീരുമാനമെടുക്കുന്ന അപൂർവ്വം കോൺഗ്രസ് നേതാക്കളിലൊരാളാണ്.

ചേറ്റൂർ ശങ്കരൻ നായർക്ക് ശേഷം ആദ്യമായാണ് ഒരു മലയാളി കോൺഗ്രസ് നേതാവ്  ഏഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഖാർഗെ ഏഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതാണ് സോണിയാ ഗാന്ധിക്കിഷ്ടം. അതിനാൽ തന്നെ നെഹ്റു കുടുംബത്തോട് അന്ധമായ ആരാധന പുലർത്തുന്ന വിഭാഗം സോണിയാ ഗാന്ധിയുടെ ഇഷ്ടക്കാരനായ ഖാർഗെയോടൊപ്പം നിൽക്കുമെന്ന് തീർച്ച.

കൊടിക്കുന്നിൽ സുരേഷ് എം.പി.യടക്കമുള്ളവർ ശശി തരൂരിന് വോട്ട് ചെയ്യില്ലെന്ന് വ്യക്തമായിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ അടുത്തയാളെന്ന നിലയിൽ കെ.സി. വേണുഗോപാലും ഖാർഗെയ്ക്കൊപ്പമായിരിക്കും. 22 വർഷം മുമ്പാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അതിന് ശേഷം ഇന്ത്യയിൽ രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെ മാറി. ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ് സംഘടനാ ദൗർബ്ബല്യം മൂലം തീർത്തും ശോഷിക്കുകയും സംസ്ഥാനങ്ങളിലെ ഭരണമടക്കം നഷ്ടപ്പെടുകയും  ചെയ്തു.

പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അധ്യക്ഷന് കോൺഗ്രസിന്റെ പ്രതാപം വീണ്ടെടുക്കാനാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് പോരുകളെക്കുറിച്ചറിയുന്നവരാരും അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളെല്ലാം ശശിതരൂരിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ല. ഹൈക്കമാന്റ് ഔദ്യോഗിക സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചടങ്ങായി മാത്രം മാറാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്.

LatestDaily

Read Previous

ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി നിരാഹാര സമരം തുടർന്ന് ദയാബായി

Read Next

അംബാനി കുടുംബത്തിന് വധഭീഷണി;ആശുപത്രി കത്തിച്ചു കളയുമെന്ന് സന്ദേശം