ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മാർക്സിസ്റ്റ് പാർട്ടിക്ക് പ്രസന്നതയുടെ മുഖഭാവം നൽകിയ കൊടിയേരി ബാലകൃഷ്ണൻ ജീവിതത്തിന്റെ കൊടിപ്പടം അഴിച്ചുവെച്ച് പിൻവാങ്ങുമ്പോൾ പാർട്ടിക്ക് നഷ്ടമായത് മാർകിസ്റ്റ് കാർക്കശ്യങ്ങളെ പുഞ്ചിരികൊണ്ട് പൊതിഞ്ഞ നേതാവിനെയാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ നേതാക്കൾ ചിരിക്കരുതെന്ന് എഴുതിവെച്ചിട്ടില്ലെങ്കിലും, മുഖത്ത് മസിലുമായി വെടിക്കെട്ട് പുരയ്ക്ക് കാവൽ നിൽക്കുന്നവരുടെ ഗൗരവം സദാ മേൽവസ്ത്രമാക്കിയണിയുന്ന മാർക്സിറ്റ് നേതാക്കളിൽ നിന്ന് വിഭിന്നനായി പുഞ്ചിരിക്കുന്ന മുഖവുമായാണ് കൊടിയേരി പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്നത്.
മാർക്സിസ്റ്റ് പാർട്ടിയുടെ സംഘടനാ രീതി പ്രകാരം പാർട്ടി സിക്രട്ടറിക്ക് മുഖ്യമന്ത്രിയേക്കാൾ മുകളിലാണ് സ്ഥാനം. പാർട്ടി നിലപാടുകൾ പ്രഖ്യാപിക്കുമ്പോഴും സംഘടനയ്ക്കെതിരെയും വ്യക്തിപരമായും ആക്രമണങ്ങൾ നേരിടുമ്പോഴും അക്ഷോഭ്യനായി പുഞ്ചിരിച്ച മുഖത്തോടെ നേരിട്ടതിലൂടെയാണ് കൊടിയേരി ബാലകൃഷ്ണൻ വ്യത്യസ്തനാകുന്നത്.
പതിനേഴാമത്തെ വയസ്സിൽ മാർക്സിസ്റ്റ് പാർട്ടിയിൽ അംഗത്വം ലഭിച്ചത് മുതൽ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന കൊടിയേരി തന്റെ ചികിത്സയ്ക്കായി അവസാനമായി അപ്പോളോ ആശുപത്രിയിലേക്ക് പോകുന്നത് വരെ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്നു. ഏറ്റവും കൂടുതൽ മാധ്യമ വേട്ടയ്ക്കിരയായ കൊടിയേരി പ്രതിസന്ധികൾക്ക് മുന്നിൽ ഒരിക്കലും തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല.
വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ കൊടിയേരി സ്വീകരിച്ച നിലപാടുകളാണ് കേരള പോലീസിന് ഇന്ന് കാണുന്ന ജനകീയ മുഖം നൽകിയത്. പോലീസ് സേനയും പൊതുജങ്ങളുമായുള്ള അകലം കുറയ്ക്കുന്നതിനായി ആരംഭിച്ച ജനമൈത്രി പോലീസ് സംവിധാനം സംസ്ഥാനത്ത് ഇപ്പോഴും തുടരുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനവും ഇദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താരംഭിച്ചതാണ്.
അടിയന്തരാവസ്ഥകാലത്തെ പോലീസ് ഭീകരവാഴ്ച നേരിട്ട് അനുഭവിച്ച കൊടിയേരി ഒടുവിൽ അതേ ആഭ്യന്തര വകുപ്പിന്റെ മന്ത്രിയായി പോലീസിന് ജനകീയ മുഖം നൽകിയത് ചരിത്രത്തിന്റെ കാവ്യ നീതികൂടിയാണ്. ഇടിയൻ വണ്ടികളെന്ന് കുപ്രസിദ്ധി കേട്ട പോലീസ് വാഹനങ്ങൾക്ക് പകരം പോലീസ് സേനയ്ക്ക് കൂടുതൽ സൗകര്യപ്രദമായ വാഹനങ്ങൾ ലഭിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്.
ഹൈവേകളിൽ പോലീസ് സാന്നിധ്യം ഉറപ്പ് വരുത്തിയ ഹൈവേ പോലീസ് സംവിധാനവും കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ ആരംഭിച്ചതാണ്. ഇടതുമുന്നണി സർക്കാരിന് തുടർ ഭരണം ലഭിക്കുന്നതിൽ പാർട്ടി സിക്രട്ടറിയെന്ന നിലയിൽ നേതൃപരമായ പങ്കുവഹിച്ച നേതാവാണ് അദ്ദേഹം.
അണികൾക്ക് അദ്ദേഹം എത്രമാത്രം സ്വീകാര്യനും പ്രിയപ്പെട്ടവനുമായിരുന്നുവെന്നതിന്റെ ഉദാഹരണമാണ് അന്ത്യദർശനത്തിനെത്തിയ പതിനായിരങ്ങൾ. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും കേരളത്തിന്റെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് അദ്ദേഹം സ്വീകാര്യനാകുന്നത് പ്രസന്ന മധുരമായ അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷകളിലൂടെയാണ്.