ബിജെപി പ്രവർത്തകന്റെ കാർ എറിഞ്ഞുടച്ച പ്രതികൾ മറയ്ക്കുള്ളിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : അരയിക്കടവ് ബാക്കോട്ടെ ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ വീടും കാറും രാത്രിയിൽ കല്ലെറിഞ്ഞു തകർത്ത കേസ്സിലെ പ്രതികൾ മറയ്ക്കുള്ളിൽ. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച ഉത്തരവു വന്ന രാത്രി സപ്തംബർ 29-ന് പുലർച്ചെയാണ് ആർഎസ്എസ് പ്രവർത്തകൻ കൂടിയായ വാർപ്പു മേസ്ത്രി രഞ്ജിത്തിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന അൾട്ടോ കാറിന്റെ പിൻഭാഗം ചില്ല് എറിഞ്ഞുടച്ചത്.

കല്ലേറിൽ വീടിന്റെ ജാലകത്തിന്റെ ചില്ലും തകർന്നു. 29-ന് പുലർകാലം 1-30 മണിയോടടുത്താണ് വീടും കാറും കല്ലേറിൽ തകർന്നത്. കാറിന്റെ പിൻഭാഗം ചില്ല് ഉടഞ്ഞുവീഴുന്ന ശബ്ദം കേട്ട് വീട്ടിലെ സ്ത്രീകൾ ഉണർന്നിരുന്നുവെങ്കിലും, ഭയം കൊണ്ട് വീട്ടുകാർ പുറത്തിറങ്ങിയിരുന്നില്ല. സംഭവം നടക്കുമ്പോൾ വീട്ടിൽ രഞ്ജിത്തിന് പുറമെ പിതാവ് ബാക്കോട്ട് കുട്ട്യൻ, ഭാര്യ രോഹിണി, രഞ്ജിത്തിന്റെ ഭാര്യ ജിനിഷ, സഹോദരൻ ഗൾഫിലുള്ള രഘുവിന്റെ ഭാര്യ രമ്യ, കുട്ടികൾ എന്നിവരും കിടന്നുറങ്ങുന്നുണ്ടായിരുന്നു.

രാവിലെ 5-15 മണിക്ക് പിതാവ് കുട്ട്യൻ പുറത്തിറങ്ങിയപ്പോഴാണ് മുറ്റത്ത് കിടന്നിരുന്ന കാറിന്റെ പിൻഭാഗം ചില്ല് പാടെ എറിഞ്ഞുടച്ചതായി കണ്ടെത്തിയത്. പോലീസെത്തി കാറും പരിസരവും പരിശോധിച്ചു. കേസ്സ് റജിസ്റ്റർ ചെയ്തു. കാറിന് എറിഞ്ഞ ഒരു സിമന്റ് കട്ടയും വീടിന്റെ ജാലകത്തിന് എറിഞ്ഞ മറ്റൊരു ചെങ്കൽ കട്ടയും സ്ഥലത്ത് നിന്ന് പോലീസ് ശേഖരിച്ചു. സംഭവത്തിൽ രണ്ടുപേർ ഉണ്ടായിരുന്നുവെന്ന് കരുതുന്നു.

വീടിനടുത്ത് രണ്ട് നിരീക്ഷണ ക്യാമറകളുണ്ടെങ്കിലും പോലീസ് ഇവയിൽ ഒന്ന് മാത്രമാണ് പരിശോധിച്ചത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാറിനോടുള്ള ശത്രുത ബിജെപി കാഞ്ഞങ്ങാട് മുൻസിപ്പൽ സിക്രട്ടറി കൂടിയായ ബി. രഞ്ജിത്തിനോട് തീർത്തതാണെന്ന് ഉറപ്പായിട്ടുണ്ട്. ബാക്കോട്ട് ആറങ്ങാടി, പരിസരത്ത് ചില പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ താമസിക്കുന്നുണ്ട്.

LatestDaily

Read Previous

പ്രകൃതി വിരുദ്ധ പീഡനം സ്കൂൾ ബസ് ഡ്രൈവർക്ക് 5 വർഷം തടവ്

Read Next

ഇഡ്ഡലി ഫെസ്റ്റ് ഒരുക്കി കെ.ടി.ഡി.സി