മരണപ്പെട്ട അജാനൂർ  ഭർതൃമതിയുടെ ആശുപത്രി ബില്ല് 10.20 ലക്ഷം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: അജാനൂർ അതിഞ്ഞാലിലെ സ്വാകാര്യാശുപത്രിയിൽ പ്രസവാനന്തരമുണ്ടായ രക്തസ്രാവത്തെതുടർന്ന്, കണ്ണൂരിലെ സൂപ്പർ സ്പെഷ്യാലിറ്റി  ആശുപത്രിയിൽ  ചികിത്സ തേടുകയും  പന്ത്രണ്ടു ദിവസം ആശുപത്രിയിൽ കിടക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്ത യുവ ഭർതൃമതി ജാസ്മിന്റെ ബന്ധുക്കളിൽ നിന്ന് കണ്ണൂർ സ്വകാര്യാശുപത്രി ഈടാക്കിയ ഫീസ് എട്ടുലക്ഷം രൂപ.

ആശുപത്രി യുവതിയുടെ ബന്ധുക്കൾക്ക് നൽകിയ ബിൽ തുക 10.02 ലക്ഷം രൂപയയാണ്. പിന്നീട് 2.20 ലക്ഷം രൂപ ബില്ലിൽ കുറച്ചു കൊടുക്കുകയായിരുന്നു. ഭർതൃമതിയുടെ ചികിത്സ പത്തുലക്ഷം രൂപ ചിലവഴിച്ചിട്ടും,  യുവതിയുടെ ജീവൻ തിരിച്ചുകിട്ടാത്തതിലാണ്  വീട്ടുകാർക്കും നാട്ടുകാർക്കും അൽഭുതം.

കോവിഡ് കാലത്ത് കർണ്ണാടകയിലെ ആശുപത്രികളിലേക്ക് പോകുന്ന രോഗികൾക്ക് നേരെ തലപ്പാടിയിൽ കർണ്ണാടക പോലീസ് ചെക്ക് പോസ്റ്റുകൾ അടച്ചിട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇപ്പോഴും കണ്ണൂരിലുള്ള ചില പുതുപുത്തൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപ്രത്രികളെയാണ് കാസർകോട് ജില്ലയിലുള്ള രോഗികൾ രോഗ നിവാരണത്തിന് ആശ്രയിച്ചു വരുന്നത്.

ഈ പരാശ്രയം മുതലെടുത്താണ് ചികിത്സയ്ക്ക് കണ്ണൂരിലുള്ള വമ്പൻ സ്വകാര്യാശുപത്രികൾ രോഗികളുടെ കഴുത്തറുക്കുന്ന ഫീസ് ഈടാക്കി വരുന്നത്. കണ്ണൂരിൽ ഇതര സ്വകാര്യാശുപത്രികളിൽ കോവിഡിന്  തൊട്ടു മുമ്പ് സേവനമനുഷ്ടിച്ചു വരികയായിരുന്ന ഡോക്ടർമാർ പലരെയും ലക്ഷങ്ങൾ വരുന്ന തുക ശമ്പളം നിശ്ചയിച്ച് ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സേവനത്തിന് ആകർഷിച്ചിരുന്നു.

ഈ ആതുരാലയമാണ് ഇപ്പോൾ ആശുപത്രിയുടെ നിലനിൽപ്പിന്  രോഗികളുടെ  കഴുത്തിന് കത്തിവെക്കുന്ന ചികിത്സാ തുക അടിച്ചേൽപ്പിക്കുന്നത്. ലക്ഷങ്ങൾക്ക് താഴെയുള്ള ചികിത്സ പ്രതീക്ഷിച്ച് ഒരു  രോഗിയേയും  ഈ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

മരണപ്പെട്ട അതിഞ്ഞാൽ ഭർതൃമതി  ജാസ്മിന്റെ മൂന്നാമത്തെ പ്രസവമായിരുന്നു. ആദ്യ രണ്ടു പ്രസവങ്ങളും സുഖ പ്രസവമായിരുന്നു. ആദ്യ പ്രസവം ഡോ. കുഞ്ഞാമദും രണ്ടാമത്തേത് ഡോ. സബീനയും എടുത്തു. മൂന്നാമത്തെ പ്രസവം സിസേറിയൻ നടത്തിയാണ് അതിഞ്ഞാൽ ഗർഭാശയ രോഗ വിദഗ്ധ സബീന ആൺകുഞ്ഞിനെ പുറത്തെടുത്തത്.

വൈകുന്നേരം 6-30 മണിക്കായിരുന്നു പ്രസവം. അന്നുതന്നെ പുലർച്ചെ 3-30 മണിക്ക് ഡോക്ടർ സബീന വിളിക്കുകയും, ജാസ്മിന്റെ  നില മോശമാണെന്നും മൂത്രത്തിൽ രക്തം പോകുന്നോതായും ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ ആംബുലൻസിൽ ഉടൻ യുവതിയെ കണ്ണൂരിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

യുവതിയുടെ ഭർത്താവ് ഫസലിന്  ഭാര്യയെ മംഗളൂരുവിൽ കൊണ്ടുപോകനായിരുന്നു താൽപ്പര്യമെങ്കിലും ഡോ. സബീനയുടെ നിർദ്ദേശമനുസരിച്ചാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കണ്ണൂരിൽ 12 ദിവസം യുവതി വെന്റിലേറ്ററിലായിരുന്നു. 13-ാം ദിവസമാണ് ഓർക്കാപ്പുറത്ത് ജാസ്മിൻ ലോകത്തോട് വിട പറഞ്ഞത്. . സജ്ജീകരണങ്ങൾ ഏറെയുള്ള ആശുപത്രിയാണെങ്കിലും  പരിചയസമ്പന്നരായ ഡോക്ടർമാർ ആരെയും കണ്ണൂർ ആശുപത്രിയിൽ കണ്ടില്ലെന്ന്  ഭർത്താവ് ഫസൽ പറഞ്ഞു.

LatestDaily

Read Previous

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സു’മായി വിനീത് ശ്രീനിവാസൻ

Read Next

മഹാലാഭമേള നഗരസഭ ഉത്തരവിന് പുല്ലുവില