പോപ്പുലർ ഫ്രണ്ട് നിരോധനം ചോദിച്ചു വാങ്ങിയത്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ചോദിച്ചുവാങ്ങിയ നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും അപ്രസക്തമായതോടെ സംഘടനയുടെ അടുത്ത നീക്കം എന്തെന്നറിയാൻ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നു. കൈവിട്ട കളികളിലൂടെ പോപ്പുലർ ഫ്രണ്ട് നിരോധനം ചോദിച്ചുവാങ്ങുകയായിരുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

സിമി എന്ന നിരോധിതസംഘടനയുടെ മറ്റൊരു രൂപമാണ് പോപ്പുലർ ഫ്രണ്ട് എന്ന േപരിൽ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നതെന്നത് പരസ്യമായ രഹസ്യമാണ്. ആർ.എസ്.എസ്സിനും ബിജെപിക്കുമെതിരെ പ്രതിരോധിക്കാനെന്ന പേരിൽ രൂപീകരിച്ച സംഘടന അതിര് വിട്ട പ്രവർത്തനങ്ങളിലൂടെയാണ് കേന്ദ്ര സർക്കാരിന്റെ നിരോധനം ഇരന്ന് വാങ്ങിയതെന്നതും ചരിത്രം. ദേശീയ അന്വേഷണ ഏജൻസിയും, ഇന്റലിജൻസ് ബ്യൂറോയുമടക്കം നൽകുന്ന സൂചനകൾ പ്രകാരം പോപ്പുലർ ഫ്രണ്ട് രാജ്യ വിരുദ്ധ ശക്തികളുടെ കൂടാരമാണ്. കേരളത്തിൽ മാത്രം 380 പേരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടുവെന്ന വെളിപ്പെടുത്തൽ സംഘടനയുടെ തീവ്രസ്വഭാവം വ്യക്തമാക്കുന്നതാണ്.

രാഷ്്ട്രീയ എതിരാളികളെ ഒറ്റക്കുത്തിന്  കൊലപ്പെടുത്തുന്ന പോപ്പുലർ ഫ്രണ്ടിന്റെ ശൈലി സംഘടനയുടെ ക്രൂരമുഖം വെളിപ്പെടുത്തു ന്നതുമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവമടക്കം പോപ്പുലർ ഫ്രണ്ടിന്റെ ശവക്കുഴി തോണ്ടുന്ന വിഷയങ്ങളായെന്നാണ് കേന്ദ്ര ഏജൻസി റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. കേരളത്തിൽ വികസന വിരുദ്ധമായ എല്ലാ സമരങ്ങൾക്ക് മുമ്പിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുണ്ടായിരുന്നു. ഗെയിൽ പദ്ധതി, ഹൈവേ വികസനം, സിൽവർ ലൈൻ പദ്ധതി മുതലായ എല്ലാ വികസന പദ്ധതികളെയും കണ്ണും പൂട്ടി എതിർത്തവരാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ.

പിഞ്ചുകുട്ടികളെപ്പോലും വിദ്വേഷ മുദ്രാവാക്യങ്ങൾ പഠിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹിംസാത്മകതയെ പ്രോത്സാഹിക്കുന്ന രാഷ്ട്രീയ സമീപനമാണ് എപ്പോഴും സ്വീകരിച്ചിരുന്നത്. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും പിരിച്ചുവിട്ടെങ്കിലും, സംഘടനയുടെ പുതുരൂപങ്ങൾ പുതിയ പേരുകളിൽ പ്രത്യക്ഷപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ ഇവരുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് തീർച്ച.

ഏറെ വൈകാതെ തന്നെ പോപ്പുർ ഫ്രണ്ട് സംഘടന വേറെ പേരിൽ പ്രത്യക്ഷപ്പെടുമെന്നാണ് സൂചനകൾ. എസ്ഡിപിഐയെന്ന രാഷ്ട്രീയ കക്ഷിയെ നിരോധിക്കാനാകാത്ത സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് രാഷ്ട്രീയ സംഘടനയുടെ മറവിൽ പ്രവർത്തിക്കാനും സ്വാതന്ത്ര്യമുണ്ട്. തീവ്ര വർഗ്ഗീയതയുടെയും ന്യനപക്ഷ വർഗ്ഗീയതയുടെയും നിരന്തരമായുള്ള  ഏറ്റുമുട്ടലിന്റെ സൃഷ്ടികൂടിയാണ് പോപ്പുലർ ഫ്രണ്ട് എന്ന നിരോധിത സംഘടന. ബാബ്റി മസ്ജിദ് തകർച്ചയ്ക്ക് ശേഷം മുസ്്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കുണ്ടായ അരക്ഷിത ബോധമാണ് പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രാശയ സംഘടനകളുടെ രൂപീകരണത്തിന് കാരണമായത്.

സംഘപരിവാർ ആഭിമുഖ്യമുള്ള തീവ്ര ഹിന്ദു സംഘടനകൾ മുസ്്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ സ്വീകരിക്കുന്ന ശത്രുതാപൂർവ്വമായ നിലപാടാണ് ഇന്ത്യയിൽ ന്യൂനപക്ഷ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം രാജ്യ ദ്രോഹ പ്രവർത്തനങ്ങൾ തടയാനുള്ള മറുമരുന്നാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

സംഘടനയെ നിരോധിച്ചെങ്കിലും പ്രവർത്തകരുടെ ഉള്ളിൽ ആളുന്ന തീയണയ്ക്കാൻ കേന്ദ്ര സർക്കാർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിനൊപ്പം തന്നെ തീവ്ര ഹിന്ദു സംഘടനകളെ നിലയ്ക്ക് നിർത്താനും കേന്ദ്ര സർക്കാർ തയ്യാറായാൽ മാത്രമെ നിരോധനത്തിന് ഫലമുണ്ടാകുകയുള്ളുവെന്ന് വിലയിരുത്തപ്പെടുന്നു.

LatestDaily

Read Previous

ദേശീയ ഗെയിംസ്; കേരളത്തിനായി ആദ്യ സ്വര്‍ണം സ്വന്തമാക്കി അഭിജിത്ത്

Read Next

റിസോർട്ട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം: പടന്നക്കാട് യുവാവ് പിടിയിൽ