പാർട്ടി നേതാവിന്റെ മകൾ പഠിക്കുന്ന സ്വകാര്യ സ്കൂളിന് കാഞ്ഞങ്ങാട് നഗരസഭ 15 ലക്ഷം നൽകി

മുസ്ലിം ലീഗും ബിജെപിയും മിണ്ടിയില്ല

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: സിപിഎ ജില്ലാ കമ്മിറ്റിയംഗം കാഞ്ഞങ്ങാട്ടെ പി.കെ. നിഷാന്തിന്റെ മകൾ പഠിക്കുന്ന സ്വകര്യ സ്കൂളിന് കാഞ്ഞങ്ങാട് നഗരസഭ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചു. പുതിയകോട്ടയിൽ പ്രവർത്തിക്കുന്ന യുബിഎംസി സ്കൂളിനാണ് നഗരസഭ തനതുഫണ്ടിൽ നിന്ന് ഒറ്റയടിക്ക് 15 ലക്ഷം രൂപ കൈമാറിയത്.

യുബിഎംസി സ്കൂളിലെ ശുചിമുറികൾ നന്നാക്കാൻ എന്ന പേരിലാണ് ലക്ഷങ്ങൾ നഗരസഭ സ്കൂളിന് കൈമാറിയത്.  ഈ പണം ഒരിക്കലും നഗരസഭയ്ക്ക് തിരിച്ചുകിട്ടില്ല. പാർട്ടി ജില്ലാ കമ്മിറ്റിയംഗം മുറിയനാവിയിലെ പി.കെ. നിഷാന്തിന്റെ മകൾ അലീദ,  യുബിഎംസി സ്കൂളിലെ വിദ്യാർത്ഥിനിയും, നിഷാന്ത് ഈ സ്കൂളിന്റെ പിടിഏ  പ്രസിഡണ്ടുമാണ്.

പിടിഏ പ്രസിഡണ്ട് നിഷാന്ത് നഗരസഭ അധ്യക്ഷ കെ.വി. സുജാതയിൽ സ്വാധീനം ചെലുത്തിയാണ് മകൾ പഠിക്കുന്ന സ്വകാര്യ സ്കൂളിന് ശുചിമുറി നന്നാക്കാനെന്ന പേരിൽ 15 ലക്ഷം രൂപ അനുവദിച്ചത്. യുബിഎംസി സ്കൂളിൽ ശുചിമുറി സ്ഥാപിക്കാൻ പതിനഞ്ചു ലക്ഷം രൂപ അധിക തുകയാണ്. ഒരു ശുചിമുറി നല്ല നിലയിൽ സ്ഥാപിക്കാൻ ചിലവ് എത്ര കൂടിയാൽ പോലും 2 ലക്ഷം രൂപ മതിയാകുമെന്നിരിക്കെയാണ്,  മൂന്ന് ശുചിമുറികൾക്ക് 15 ലക്ഷം രൂപ നഗരസഭ കണ്ണടച്ച് പാസ്സാക്കിക്കൊടുത്തത്.

യുബിഎംസി സ്കൂൾ മംഗളൂരുവിലുള്ള സ്വകാര്യ മാനേജ്മെന്റിന്റെ കൈയ്യിലുള്ള സ്കൂളാണ്.  ശുചിമുറി നന്നാക്കേണ്ട ചുമതല സ്കൂൾ മാനേജ്മെന്റിനാണ്. സ്കൂളിന് ശുചിമുറി നന്നാക്കാൻ 15 ലക്ഷം രൂപ അനുവദിക്കുന്ന വിഷയം നഗരസഭ കൗൺസിൽ അജണ്ടയിൽ  ഉൾപ്പെടുത്തി കൗൺസിൽ മുമ്പാകെ വന്നിരുന്നുവെങ്കിലും, മുസ്്ലീം ലീഗും, കോൺഗ്രസ്സും, ബിജെപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ യോഗത്തിൽ ഒന്നും മിണ്ടിയില്ല.

സർക്കാർ സ്കൂളുകളുടെ ന്യായമായ ആവശ്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം നൽകാറുണ്ടെങ്കിലും, എയ്ഡഡ് സ്കൂളായാലും, സ്വകാര്യ മാനേജ്മെന്റിന് കീഴിലുള്ള  സ്കൂളുകൾക്ക് തദ്ദേശ സ്ഥാപന ഫണ്ട് നൽകാറില്ല. നഗരസഭയുടെ നികുതിപ്പണം സ്വകാര്യാ സ്കൂളിന്  ശുചിമുറിയുടെ പേരിൽ കൈമാറിയ നഗര ഭരണത്തിനെതിരെ ജനങ്ങളിൽ പ്രതിഷേധം ഉയരാനിടയുണ്ട്.

LatestDaily

Read Previous

ലോകത്തെ മികച്ച എയര്‍ലൈനുകളുടെ പട്ടികയിൽ ഇന്ത്യയില്‍ നിന്ന് വിസ്താര

Read Next

കയ്യേറ്റം സമ്മതിച്ച് ലീഗ് പഞ്ചായത്തംഗം മയക്കുമരുന്നുമായി ബന്ധമില്ലെന്ന്