മടിക്കൈയിൽ സിപിഎം പ്രവർത്തകൻ വീട്ടിൽ ബിജെപി പതാക ഉയർത്തി

സ്റ്റാഫ് ലേഖകൻ

നീലേശ്വരം:  സിപിഎം പ്രവർത്തകൻ സ്വന്തം വീടിന് ബിജെപി പതാക കെട്ടിയ സംഭവം മടിക്കൈ പാർട്ടിയിൽ പുകഞ്ഞു തുടങ്ങി. പാർട്ടി എൽസി അംഗവും തേപ്പുതൊഴിലാളിയുമായ  മലപ്പച്ചേരിയിലെ കെ.വി. പ്രശാന്തന്റെ സഹോദരൻ കെ.വി. രമേശനാണ് ഇക്കഴിഞ്ഞ രാത്രി സ്വന്തം വീടിന് ബിജെപി പതാക കെട്ടി സിപിഎമ്മിനെ വെല്ലുവിളിച്ചത്.

മലപ്പച്ചേരിയിലുള്ള വി. എസ്. ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനായ രമേശൻ കാഞ്ഞങ്ങാട്ട് ചെന്നപ്പോൾ, അവിടെ ഏതോ ഒരു സ്ഥാപനത്തിൽ പാർട്ടി പ്രവർത്തകരായ ചില യുവാക്കൾ ജോലി ചെയ്യുന്നത് കണ്ടിരുന്നു. യുവാക്കൾക്ക് സ്ഥാപനത്തിൽ ജോലി നൽകിയത് മടിക്കൈ സിപിഎം നേതൃത്വമാണെന്ന് തെറ്റിദ്ധരിച്ച രമേശൻ നാട്ടിലെത്തിയ ഉടൻ പാർട്ടി നേതാക്കളെ ഫോണിൽ വിളിച്ച് പ്രതിഷേധമറിയിക്കുകയും, താൻ ബിജെപിയിൽ ചേരുമെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

സന്ധ്യയോടെ രമേശൻ സ്വന്തം വീടിന് മുന്നിൽ ബിജെപി പതാക കെട്ടുകയും പതാകയുടെ പടമെടുത്ത്  സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് മലപ്പച്ചേരിയിലെ ഏതാനും ഡിവൈഎഫ്ഐ പ്രവർത്തകർ രാത്രിയിൽ വീട്ടിലെത്തി രമേശനെ ചോദ്യം ചെയ്യുകയും ഉന്തും തള്ളും നടക്കുകയും ചെയ്തു. വീട്ടിൽക്കയറിയ ഡിവൈഎഫ്ഐ പ്രവർത്തകർ  തന്നെ മർദ്ദിച്ചുവെന്ന് കാണിച്ച് രമേശൻ നീലേശ്വരം പോലീസിൽ പരാതി നൽകിയതിനാൽ ഡിവൈഎഫ്ഐ  പ്രവർത്തകരെ പോലീസ് ഇന്ന് വിളിപ്പിച്ചിട്ടുണ്ട്.

ഡിവൈഎഫ്ഐ പ്രവർത്തകർ രാത്രിയിൽ രമേശന്റെ വീട്ടിലെത്തിയപ്പോൾ, തൊട്ടടുത്ത വീട്ടിൽ നിന്ന് പുറത്തുവന്ന രമേശന്റെ സഹോദരൻ മലപ്പച്ചേരി എൽസിയംഗമായ കെ.വി. പ്രശാന്തൻ മദ്യ ലഹരിയിലായിരുന്നു. പാർട്ടി എൽസിയംഗം തന്നെ മദ്യപിച്ചതായി കണ്ടെത്തിയ വിഷയം പാർട്ടിയിൽ മറ്റൊരു ചർച്ചയായി മാറുകയും, മദ്യപിച്ച എൽസിയംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Read Previous

മലങ്കര സഭാ തർക്കം പരിഹരിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി

Read Next

നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു