ലഹരിമാഫിയ ലീഗ് പഞ്ചായത്ത് അംഗത്തിന്റെ തലക്കടിച്ചു, ലീഗ് നേതൃത്വം ഇടപെട്ട് മർദ്ദനം ഒതുക്കി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് കൊത്തിക്കാൽ വാർഡ് മെമ്പർ ആവിക്കൽ ഇബ്രാഹിമിനെ 63, ലഹരി മാഫിയ തലയ്ക്കടിച്ചു. ലഹരിമുക്ത കൂട്ടായ്മയിൽ സഹകരിച്ച് പ്രവർത്തിച്ചുവെന്നതിനാണ് ഇബ്രാഹിമിനെ രാത്രിയുടെ മറവിൽ  യൂത്ത് ലിഗ് നേതാവിന്റെ നേതൃത്വത്തിൽ തലയ്ക്കടിച്ചത്.

പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നതിനിടയിൽ കൊത്തിക്കാലിൽ രാത്രി സംശയകരമായ സാഹചര്യത്തിൽ മൂന്ന് യുവാക്കളെ കണ്ടെത്തുകയും, ഇവർ സഞ്ചരിച്ച നമ്പർ പ്ലേറ്റ് മറച്ച മോട്ടോർ സൈക്കിൾ പോലീസ് പിടികൂടി, ബൈക്ക് ഉടമയായ യുവാവിനെ സ്റ്റേഷനിൽ കൊണ്ടുപോവുകയും ചെയ്തിരുന്നു.

പോലീസ് സ്റ്റേഷനിലെത്തിച്ച യുവാവ് സ്ഥലത്തെ യൂത്ത് ലീഗ് നേതാവിന്റെ മാതൃസഹോദരീ പുത്രനാണെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് നേതാവിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ ഇബ്രാഹിമിനെ ഒരു സംഘം തലയ്ക്കടിച്ചത്. ലഹരി വിൽപ്പന നടത്താനെത്തിയ മോട്ടോർ സൈക്കിളിന്റെ മുൻഭാഗം നമ്പർ പ്ലേറ്റുണ്ടായിരുന്നില്ല. പിൻഭാഗം നമ്പർ പ്ലേറ്റ് ചെളി വാരിത്തേച്ചിരുന്നു.

ഇരുളിന്റെ മറവിലാണ് അക്രമി സംഘം വാർഡ് മെമ്പറുടെ തലയ്ക്കടിച്ചത്. ഇടതുഭാഗം ചെവിക്ക് താഴെ ശക്തമായി അടിയേറ്റ മെമ്പറെ സ്വകാര്യാശുപത്രിയിലെത്തിച്ച്  ചികിത്സ നൽകിയെങ്കിലും, യൂത്ത് ലീഗ് നേതൃത്വം  ഇടപെട്ട് മെമ്പറെ  ഭീഷണിപ്പെടുത്തുകയും അടിയേറ്റ സംഭവത്തിൽ പരാതിയില്ലെന്ന് പറയാൻ നിർബന്ധിക്കുകയുമായിരുന്നു.

കൊത്തിക്കാൽ പ്രദേശത്ത് കഞ്ചാവും എംഡിഎംഏ മയക്കുമരുന്നും വ്യാപകമായിട്ടുണ്ട്. യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ പ്രദേശത്ത് മയക്കുമരുന്ന് സംഘം തടിച്ചുകൊഴുക്കുന്നത്. മെമ്പറെ മർദ്ദിച്ച യൂത്ത് ലീഗ് നേതാവിന് ലീഗ് നേതൃത്വം പിന്തുണ പ്രഖ്യാപിച്ചതിലാണ് നാട്ടുകാർക്ക് അൽഭുതം.

LatestDaily

Read Previous

ഹിജാബ് ഇല്ലെങ്കിൽ ഇസ്ലാമിക വിശ്വാസം മാറുമെന്ന് പറയാനാവില്ല: കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Read Next

മലങ്കര സഭാ തർക്കം പരിഹരിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി