അരങ്ങ് കീഴടക്കി അച്ഛനും മകളും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : അരങ്ങിൽ അഭിനയ മികവിന്റെ ഇന്ദ്രജാലം സൃഷ്ടിച്ച് അച്ഛനും മകളും. രാവണേശ്വരം ശോഭന ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ 60-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങി നോടനുബന്ധിച്ച് അവതരിപ്പിച്ച നാടകത്തിലാണ് അച്ഛനും മകളും മത്സരിച്ചഭിനയിച്ച് നാടകാസ്വാദകരുടെ മനം കവർന്നത്.

മുംബൈ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് ടി. മാവേലിക്കര രചിച്ച മഞ്ഞ് പെയ്യുന്ന മനസ്സ് എന്ന നാടകത്തിലാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കരുണാകരൻ കുന്നത്തും മകൾ സോയയും അരങ്ങ് നിറഞ്ഞാടിയത്. നാടകത്തിൽ അച്ഛനും മകളുമായിത്തന്നെയാണ് ഇരുവരും വേഷമിട്ടത്. മുംബൈ കലാപത്തിനിടെ വേർപെട്ട് പോയ അച്ഛന്റെയും മകളുടെയും കഥയെ ചുറ്റിപ്പറ്റിയാണ് നാടകം പുരോഗമിക്കുന്നത്.

നാടകത്തിൽ ഫൈസൽ എന്ന കഥാപാത്രമായാണ് കരുണാകരൻ കുന്നത്ത് വേഷമിട്ടത്. ഫൈസലിന്റെ മകൾ റസിയയുടെ വേഷത്തിലാണ് സോയ രംഗത്തെത്തിയത്. കലാപത്തിൽ വീട് ചുട്ടെരിക്കപ്പെട്ട് ഭാര്യ നഷ്ടപ്പെടുകയും മകളുമായി വേർപിരിയുകയും ചെയ്ത ഫൈസൽ വർഷങ്ങൾക്ക് ശേഷം മകളെ കണ്ടെത്തുന്നതാണ് നാടകത്തിന്റെ കാതൽ. അന്യമതസ്ഥന്റെ സംരക്ഷണയിൽ മകളെപ്പോലെ വളർന്ന റസിയ വർഷങ്ങൾക്ക് ശേഷം പിതാവിനെ കണ്ടെത്തുമ്പോഴുള്ള ആത്മ സംഘർഷങ്ങൾ തന്മയത്വത്തോടെ വേദിയിലഭിനയിച്ച സോയയും പിതാവ് കരുണാകരനും നാടക പ്രേമികളുടെ നിറഞ്ഞ കയ്യടികൾക്ക് പാത്രീഭൂതരായി.

പ്രഭാകരൻ ചാലിങ്കാൽ, രാമകൃഷ്ണൻ ചാലിങ്കാൽ  എന്നിവർ ചേർന്ന് സംവിധാനം ചെയ്ത നാടകത്തിൽ ന്നാ താൻ കേസ് കൊട് സിനിമ ഫെയിം കൃഷ്ണൻ, മുരളി.എം., പി. നാരായണൻ, ജനാർദ്ദനൻ, ജിനു ശങ്കർ, വിജേഷ്, ഷീബ അശോകൻ, ഭവാനി ബാലകൃഷ്ണൻ, വസുദേവ് നിയ എന്നിവരും വേഷമിട്ടു.

LatestDaily

Read Previous

വൃദ്ധ മാതാവിനെ മക്കൾ വീട്ടിൽ നിന്നും ഇറക്കി വിട്ടു

Read Next

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ