ബ്ലേഡ് മാഫിയ വിലസുന്നു; പോലീസ് നോക്കുകുത്തി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ചെറുകിട വ്യാപാരികളും വ്യവസായികളും തൊഴിലാളികളുമടക്കം സാമ്പത്തിക പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുമ്പോള്‍ ഉടന്‍ ആവശ്യത്തിന് പണം കിട്ടാന്‍ സമീപിക്കുന്നത് നഗരത്തിലെ ബ്ലേഡ് മുതലാളിമാരെയാണ്.

ആദ്യഘട്ടത്തില്‍ ചെറിയ പലിശയ്ക്ക് പണം കൊടുക്കുകയും പിന്നീട് അവരെ ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്ന രീതിയാണ് ബ്ലേഡ് മുതലാളിമാര്‍ സ്വീകരിക്കുന്നത്. ബ്ലേഡുകാരോട് പണം വാങ്ങുന്നത് പലപ്പോഴും ഇരുചെവികള്‍ മാത്രം അറിഞ്ഞിട്ടായിരിക്കും. ഇതാകട്ടെ കൃത്യമായി പലിശയും മുതലും കിട്ടാതെ വരുമ്പോള്‍ ബ്ലേഡ് മുതലാളിമാര്‍ തന്നെ നാലാള്‍ അറിയുന്ന രീതിയില്‍ വിഷയം കൈകാര്യം ചെയ്യും.

ഇതോടെ അങ്കലാപ്പിലാകുന്നത് പണം വാങ്ങിയ സാധാരണക്കാരാണ്. ഗത്യന്തരമില്ലാതെ വരുമ്പോള്‍ ബ്ലേഡുകാരില്‍ നിന്നും പണം കടം വാങ്ങിയവര്‍ പിന്നീട് മറ്റൊരു ബ്ലേഡ് മുതലാളിയെ കാണേണ്ടി വരുന്നു. ഇതോടെ ബ്ലേഡുകാരുടെ ഊരാക്കുടുക്കിലേക്കാണ് ഇടപാടുകാര്‍ വഴുതിവീഴുന്നത്.

ഇത്തരക്കാരുടെ പിരിവുകാര്‍ പലപ്പോഴും കടകളും സ്ഥാപനങ്ങളും കയറി മറ്റുള്ളവരുടെ മുന്നില്‍ കടക്കാരോട് മോശമായ രീതിയില്‍ പെരുമാറുന്നതും. കടകളും സ്ഥാപനങ്ങളും തുറക്കാന്‍ പോലും കഴിയാതെ പ്രയാസപ്പെടുന്നവര്‍ നിരവധിയാണ്. ആത്മഹത്യാമുനമ്പിലെത്തിയവരും നാടുവിടാന്‍ നിര്‍ബന്ധിതരാകുന്നവരും ഇക്കൂട്ടത്തിലുണ്ട്.

രാവിലെ 8000 കൊടുത്ത് വൈകിട്ട് 10000 തിരിച്ച് വാങ്ങുന്ന ഇരുതലമൂര്‍ച്ചയുള്ള അണ്ണാച്ചി ബ്ലേഡുള്‍പ്പെടെ നഗരത്തിലുണ്ട്. പണം നമുക്ക് ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയാല്‍ മോട്ടോര്‍ സൈക്കിളില്‍ വീടുകളിലും സ്ഥാപനങ്ങളിലുമെത്തുന്ന ഇവര്‍ ആദ്യം കാണിക്കുന്ന മര്യാദ വാക്കുകളൊന്നും പിന്നീട് ഉണ്ടാകാറില്ല. ഇത്രയ്ക്കും പരസ്യമായി ബ്ലേഡുകാര്‍ നഗരത്തിലും ഗ്രാമങ്ങളിലും വിലസുമ്പോഴും ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ബന്ധപ്പെട്ട അധികാരികള്‍ക്കാകുന്നില്ല.

അധികാരികളില്‍പ്പെട്ടവര്‍ തന്നെ ബ്ലേഡുമുതലാളിമാര്‍ക്ക് പണം നല്‍കി തങ്ങളുടെ കൈകളിലുള്ള പണം ഇരട്ടിപ്പിക്കുന്നുമുണ്ട്. ഇപ്രകാരം വിവിധയിനം ബ്ലേഡുകാര്‍ വരിഞ്ഞ് കെട്ടിയ തരത്തിലാണ് ബ്ലേഡുകളില്‍ നിന്നും പണമെടുത്തവര്‍. ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ഉത്തരവാദിത്തപ്പെട്ടവര്‍ക്കാകുന്നില്ലെന്ന് മാത്രമമല്ല ബ്ലേഡുകാരെ സഹായിക്കുന്ന തരത്തിലാണ് അധികാരികളുടെ സമീപനം.

LatestDaily

Read Previous

എംഡിഎംഏ കടത്തിയ യുവാക്കൾ റിമാന്റിൽ

Read Next

ഗവർണർക്കെതിരെ ദേശാഭിമാനിയും ജനയു​ഗവും