ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : വീട്ടുജോലിക്കാരായ യുവതിയെ യുവാക്കൾ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പരാതി. രാവണീശ്വരം നാട്ടാങ്കല്ലിലെ എം. ചിത്രയാണ് 46, തന്നെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ വനിതാ സെല്ലിലും ഹോസ്ദുർഗ്ഗ് ഡിവൈഎസ്പിക്കും പരാതി നൽകിയത്. നാട്ടാങ്കല്ലിലെ രാഘവന്റെ മക്കളായ രാഹുലും രാജീവും ചേർന്ന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് ചിത്രയുടെ പരാതി.
മാർച്ച് 23-ന് ഇരുവരും ചേർന്ന് ചിത്രയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഇവരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് ബേക്കൽ പോലീസ് സ്ഥലത്തെത്തിയതോടെ ഇരുവരും രക്ഷപ്പെടുകയായിരുന്നു. പ്രസ്തുത സംഭവത്തിൽ ചിത്ര ബേക്കൽ പോലീസിൽ നൽകിയ പരാതി പോലീസ് സ്റ്റേഷനിൽ ഒത്തുതീർത്തിരുന്നു. രണ്ട് ദിവസം മുമ്പ് ജോലി കഴിഞ്ഞ് തിരികെ വരികയായിരുന്ന ചിത്രയെ രാഹുലും രാജീവും ചേർന്ന് വീണ്ടും ഭീഷണിപ്പെടുത്തിയെന്നാണ് ഇവരുടെ പരാതി. ഭർത്താവുമായി അകന്ന് കഴിയുന്ന ചിത്രയുടെ രണ്ട് മക്കൾ പയ്യന്നൂരിലാണ് പഠിക്കുന്നത്.
രാഹുലും രാജീവും ഗോവയിൽ നിന്നും മദ്യം കൊണ്ടുവന്ന് നാട്ടാങ്കല്ലിൽ അനധികൃത മദ്യക്കച്ചവടം നടത്തുന്നവരാണെന്നാണ് ചിത്രയുടെ ആരോപണം. മദ്യം കൊണ്ടുവരുന്നത് മൊബൈലിൽ പകർത്താൻ ശ്രമിച്ചതിന്റെ പേരിൽ ഇരുവർക്കും തന്നോടുണ്ടായ വൈരാഗ്യമാണ് നിരന്തരമായുള്ള ആക്രമണ ഭീഷണിക്ക് പിന്നിലെന്നാണ് ചിത്ര അവകാശപ്പെടുന്നത്.
ഫോണിലും നേരിട്ടും തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും, വേട്ടയാടുകയും ചെയ്യുന്ന യുവാക്കളിൽ നിന്നും സംരക്ഷണമാവശ്യപ്പെട്ടാണ് ചിത്ര ഡിവൈഎസ്പിക്കും വനിതാ സെല്ലിലും പരാതി നൽകിയത്. മക്കൾ പയ്യന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്നവരായതിനാൽ ഇവർ മിക്കപ്പോഴും വീട്ടിൽ ഒറ്റയ്ക്കാണ്.
രാഹുലിന്റെയും രാജീവന്റെയും പിതാവ് രാഘവനോടൊപ്പം ചിത്ര 5 വർഷം ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് രാഘവൻ ഇവരെ ഒപ്പം കൊണ്ടു നടന്നത്. രാഘവൻ ഒടുവിൽ തന്നെ വഞ്ചിച്ചുവെന്നും ചിത്ര ആരോപിക്കുന്നു.