ഭാരത് ജോഡോയിൽ പണി കിട്ടിയത് കോൺഗ്രസ് നേതാക്കൾക്ക്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ഭാരത് ജോഡോ യാത്ര വഴി രാഹുൽ ഗാന്ധി കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കൊടുത്തത് എട്ടിന്റെ പണി. ഇസ്തിരി ഉടയാതെയും തടിയനങ്ങാതെയുമുള്ള രാഷ്ട്രീയ പ്രവർത്തനം മാത്രം പരിചയമുള്ള കോൺഗ്രസ് നേതാക്കളെ കേരളത്തിൽ തെക്ക് വടക്ക് നടത്തിച്ച് കോൺഗ്രസിനെ ബാധിച്ച ദുർമ്മേദസ് ഇല്ലാതാക്കാൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പ്രയോജനപ്പെടുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അടുത്ത കാലത്തൊന്നും ഇത്രയ്ക്ക് വിയർത്തിരിക്കാൻ സാധ്യതയില്ല. പാർട്ടിയിലെ അടിത്തട്ടുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗവും. ഇസ്തിരി ഉടയാത്ത രാഷ്ട്രീയ പ്രവർത്തനം ശീലിച്ച കോൺഗ്രസ് നേതാക്കളെ ഒറ്റയടിക്ക് പൊതുജനങ്ങളുടെ മദ്ധ്യത്തിലേക്കിറക്കാൻ സാധിച്ചുവെന്നതാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഏറ്റവും വലിയ ഗുണം.

നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്ന് തരിപ്പണമായ കോൺഗ്രസ് കേരള ഘടകത്തിന് പുതിയ ഉണർവ്വുണ്ടാക്കാൻ ഭാരത് ജോഡോ യാത്ര ഉപകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കേരളത്തിൽ 18 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്തെ എല്ലാ ഡി.സി.സികളെയും ചലനാത്മകമാക്കിയിട്ടുണ്ട്. കന്യാകുമാരി മുതൽ കാശ്മീർ വരെ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ റൂട്ടിനെക്കുറിച്ച് വിമർശനമുണ്ടെങ്കിലും ചത്തു കിടക്കുന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഭാരത് ജോഡോ യാത്ര ഉൗർജ്ജം പകരുമെന്ന് തന്നെയാണ് വിലയിരുത്തൽ.

ബിജെപിക്കെതിരെ ജനങ്ങളെ അണി നിരത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഭാരത് ജോഡോ യാത്രയിൽ നിന്നും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ ഒഴിവാക്കിയതിൽ വിമർശനമുണ്ട്. ബിജെപി ശക്തമല്ലാത്ത കേരളത്തിൽ 18 ദിവസമാണ് ഭാരത് ജോഡോ യാത്ര. ബിജെപി ശക്തി കേന്ദ്രമായ ഉത്തർപ്രദേശിൽ 5 ദിവസം മാത്രമാണ് യാത്ര. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും ഹിമാചൽ പ്രദേശിലും യാത്ര കടന്നിരുന്നുവെങ്കിൽ കോൺഗ്രസിന് നേട്ടമുണ്ടാകുമായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.

ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര  ആൾക്കൂട്ടങ്ങളുടെ ആരവങ്ങളിൽ നിന്നൊഴിഞ്ഞ് അടിസ്ഥാന വിഭാഗങ്ങളുടെ ഇടയിൽക്കൂടി കടന്നു പോയിരുന്നുവെങ്കിൽ കോൺഗ്രസിന് കൂടുതൽ ഗുണം ലഭിക്കുമായിരുന്നുെവന്നാണ് വിലയിരുത്തുന്നത്. പട്ടിണിയും ദാരിദ്രവും തൊഴിലില്ലായ്മയും വർദിച്ചുവരുന്ന സാഹചര്യത്തിൽ പട്ടിണിപ്പാവങ്ങളായ അടിസ്ഥാന ജനവിഭാഗങ്ങളെ തേടിയുള്ള യാത്രകൾ കോൺഗ്രസിന് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുമായിരുന്നു.

ഭാരത് ജോഡോ യാത്ര മൂലം കോൺഗ്രസ് കേരള ഘടകത്തിന് പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാകാൻ സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു. ഗ്രൂപ്പ് കളി രൂക്ഷമായ സംസ്ഥാനത്ത് ഭാരത് ജോഡോ പരസ്യ ഫ്ലക്സ് ബോർഡുകളെച്ചൊല്ലി പോലും തമ്മിലടി നടക്കുന്നുണ്ട്. ഭാരത് ജോഡോ യാത്രയുടെ ചെലവിനായി പ്രത്യേക ഫണ്ട് പിരിക്കാൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തിട്ടില്ലെങ്കിലും, സംസ്ഥാനത്ത് പല ജില്ലകളിലും പരിപാടിക്ക് വേണ്ടി നിർബ്ബന്ധിത പണപ്പിരിവ് നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിൽ ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവനയാവശ്യപ്പെട്ടെത്തിയ പ്രാദേശിക കോൺഗ്രസ് നേതാവ്, ആവശ്യപ്പെട്ട തുക ലഭിക്കാത്തതിൽ കുപിതനായി പച്ചക്കറി വ്യാപാരികളുടെ സാധനങ്ങൾ നശിപ്പിച്ച സംഭവം കോൺഗ്രസിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

LatestDaily

Read Previous

സിനിമ മേഖലയിൽ ഒന്നിക്കാൻ തയ്യാറെടുത്ത് ഇന്ത്യയും സൗദിയും

Read Next

നായ്ക്കൾക്കെതിരെ തോക്കേന്തിയ യുവാവിനെതിരെ കേസ്