50 പവന്‍ അപഹരിച്ച കേസില്‍ തളിപ്പറമ്പ് സ്വദേശി അറസ്‌റ്റില്‍

കായംകുളം: പെരിങ്ങാലയിലെ വീട്ടില്‍ നിന്നും 50 പവനും രണ്ടു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ മോഷ്‌ടാവിനെ അറസ്‌റ്റ് ചെയ്‌തു. കണ്ണൂര്‍ തളിപ്പറമ്പ്‌ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഖ്‌ വീട്ടില്‍ ഇസ്‌മായിലിനെയാണ്‌ 30, അറസ്‌റ്റ് ചെയ്‌തത്‌.

കഴിഞ്ഞ നാലിന്‌ പെരിങ്ങാല ചക്കാല കിഴക്കതില്‍ വീട്ടില്‍ ഹരിദാസിന്റെ വീട്ടില്‍ നിന്നുമാണ്‌ 50 പവന്‍ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപയും കവര്‍ന്നത്‌. വീട്ടുകാര്‍ സമീപത്തെ വീട്ടില്‍ ഓണപ്പരിപാടി കാണാന്‍ പോയി തിരികെ വന്നപ്പോഴാണ്‌ മോഷണ വിവരം അറിയുന്നത്‌. വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന്‌ അകത്ത്‌ കയറിയാണ്‌ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും കവര്‍ന്നത്‌.

കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ഇസ്‌മായില്‍ കഴിഞ്ഞ രണ്ടിന്‌ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം മൂന്നിന്‌ പത്തനംതിട്ടയിലുള്ള പെണ്‍ സുഹൃത്തിനെ കാണാനെത്തി. തുടര്‍ന്ന്‌ പത്തനാപുരത്ത്‌ നിന്ന്‌ സ്‌കൂട്ടര്‍ മോഷ്‌ടിച്ച്‌ കായംകുളത്തെത്തി.

ആളില്ലാതിരുന്ന വീട്‌ നോക്കിയാണ്‌ മോഷണം നടത്തിയത്‌. പിന്നീട്‌ അടൂര്‍ ഭാഗത്തേക്ക്‌ പോയ ഇയാള്‍ സ്‌കൂട്ടര്‍ അടൂരില്‍ ഉപേക്ഷിച്ച ശേഷം ബസില്‍ കോഴിക്കോട്ടേക്ക്‌ പോയി. അവിടെ ലോഡ്‌ജില്‍ താമസിച്ചു. പിന്നീട്‌ മോഷണ സ്വര്‍ണ്ണം വില്‍ക്കാന്‍ കണ്ണൂര്‍ ടൗണിലുള്ള ജുവലറിയിലെത്തിയപ്പോഴാണ്‌ ടൗണ്‍ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്‌.

കണ്ണൂരിലുള്ള ഒരു സ്‌ഥാപനത്തില്‍ പണയം വെച്ചതും ഇയാള്‍ താമസിച്ചിരുന്ന ലോഡ്‌ജില്‍ സൂക്ഷിച്ചിരുന്നതുമുള്‍പ്പെടെ മുഴുവന്‍ സ്വർണ്ണവും പണവും പോലീസ്‌ കണ്ടെടുത്തു. പ്രത്യക്ഷ തെളിവുകളോ സി.സി.ടി.വി ദൃശ്യങ്ങളോ ഇല്ലാതിരുന്ന കേസില്‍ അന്വേഷണം നടത്തി വരവെയാണ്‌ ഇസ്‌മായില്‍ പിടിയിലായത്‌. എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ ആദ്യമായാണ്‌ ആലപ്പുഴ ജില്ലയില്‍ മോഷണക്കേസില്‍ പിടിയിലാകുന്നത്‌.

LatestDaily

Read Previous

ബൈക്ക് യാത്രികന്റെ മരണകാരണം പ്രമേഹം; കോടതിയില്‍ ന്യായീകരണവുമായി സര്‍ക്കാർ

Read Next

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പാകിസ്ഥാൻ അനുകൂല സമീപനമെന്ന് കെ. സുരേന്ദ്രൻ