കെഎസ്ആർടിസി  നന്നാക്കാൻ കേരളം കർണ്ണാടകയെ പഠിക്കുന്നു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : റിപ്പോർട്ടുകൾ പലതും നടപ്പാക്കിയിട്ടും നഷ്ടത്തിൽ നിന്ന് കരകയറാൻ കഴിയാത്ത കെഎസ്ആർടിസി കർണ്ണാടകയെ കണ്ട് പഠിക്കാൻ ഒരുങ്ങുന്നു. കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നതെങ്ങനെയെന്ന് പഠിക്കാനാണ് പുതിയ നീക്കം. പ്ലാനിംഗ് ബോർഡ് അംഗം വി. നമശിവായം അധ്യക്ഷനായ സമിതിയെ കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനെ പഠിച്ച് റിപ്പോർട്ട് നൽകാൻ നേരത്തെ ധനമന്ത്രി നിയോഗിച്ചിരുന്നു.

ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നപ്പോൾ തന്നെ കർണ്ണാടക മോഡൽ നടപ്പാക്കാൻ പ്ലാനിംഗ് ബോർഡ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് കേരള ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ പ്രതിസന്ധി മൂർഛിച്ചപ്പോൾ പഠന റിപ്പോർട്ട് നൽകാൻ ധനമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.

ഗ്രാമ-നഗര സർവ്വീസുകൾ, ടിക്കറ്റ് നിരക്കുകൾ, കോർപ്പറേഷൻ മാനേജ്മെന്റ് രീതി എന്നിവയാണ് കർണ്ണാടകയിൽ നിന്ന് പഠിക്കുന്നത്. റിപ്പോർട്ട് എത്രയും വേഗം ധനവകുപ്പിന് സമർപ്പിക്കുമെന്നറിയുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് പ്രൊഫ. സുശീൽ ഖന്നയെ കെഎസ്ആർടിസിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിച്ചത്. സുശീൽ ഖന്ന നൽകിയ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കി വരുന്നതിനിടയിലാണ് കർണ്ണാടകയെക്കുറിച്ച് പഠിക്കാനുള്ള തീരുമാനം.

LatestDaily

Read Previous

പള്ളിനിർമ്മാണ അഴിമതി: ലീഗ് സംസ്ഥാന സിക്രട്ടറി മുൻകൂർ ജാമ്യത്തിന്

Read Next

ആംബുലൻസ് കാറിനിടിച്ച് യുവതിക്ക് പരിക്ക്