കെഎസ്ആർടിസി കണ്ടക്ടറെ ആക്രമിച്ച  സ്വകാര്യ ബസ്  ജീവനക്കാർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

സ്വന്തം ലേഖകൻ

ബേഡകം : ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കെഎസ്ആർടിസി ബസ്സ് കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ ബേഡകം പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. ഇന്നലെ ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊളത്തൂർ അഞ്ചാംമൈലിലാണ് കെഎസ്ആർടിസി കണ്ടക്ടറെ സ്വകാര്യ ബസ്സ് ജീവനക്കാർ ബസ് തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്തത്.

ബന്തടുക്ക കാസർകോട് റൂട്ടിലോടുന്ന കെഎസ്ആർടിസി 514-ാം നമ്പർ കെഎസ്ആർടിസി ബസ്സിന്റെ കണ്ടക്ടർ കരിവേടകം മണ്ണട്ട ഹൗസിൽ ലിബിൻ വർഗ്ഗീസാണ് 34, അക്രമത്തിനിരയായത്. ഇതേ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിന്റെ കണ്ടക്ടറും, ഡ്രൈവറുമായ കുണ്ടംകുഴിയിലെ ബിജു 50, മകൻ സുജിത്ത് 25, എന്നിവരാണ് കെഎസ്ആർടിസി ബസ്സിന് കുറുകെ സ്വകാര്യ ബസ്സ് നിർത്തിയിട്ട് കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തത്.

ബിജുവാണ് മൂർച്ചയുള്ള ആയുധമുപയോഗിച്ച് ലിബിൻ വർഗ്ഗീസിനെ കുത്തിയത്. ലിബിൻ വർഗ്ഗീസിന്റെ പരാതിയിൽ സ്വകാര്യ ബസ്സ് ജീവനക്കാർക്കെതിരെ നരഹത്യാശ്രമം, പൊതുമുതൽ നശിപ്പിക്കൽ മുതലായ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ബേഡകം പോലീസ് കേസെടുത്തത്. ട്രിപ്പ് മുടങ്ങിയത് മൂലം കെഎസ്ആർടിസിക്ക് 18,000 രൂപ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു.

LatestDaily

Read Previous

പൂജ്യം വില്ലനായി എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ഓണത്തിനും പെൻഷൻ കിട്ടിയില്ല

Read Next

‘ഓപ്പറേഷന്‍ സരള്‍ രാസ്ത’; സംസ്ഥാനത്തെ റോഡുകളില്‍ വ്യാപക പരിശോധന