പൂജ്യം വില്ലനായി എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ഓണത്തിനും പെൻഷൻ കിട്ടിയില്ല

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നാല് മാസമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ തുക ഓണത്തിനും കിട്ടിയില്ല. ഓണം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും,  സർക്കാർ അനുവദിച്ച തുക ദുരിത ബാധിതർക്ക് ലഭിക്കുന്നില്ല. തികച്ചും നിരുത്തരവാദപരമായ സമീപനത്തിലുണ്ടായ സാങ്കേതിക തകരാറിലാണ് പെൻഷൻ മുടങ്ങിയത്.

ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐഒബി) തിരുവനന്തപുരം ശാഖ വഴിയാണ് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പെൻഷൻ ലഭിച്ചു വരുന്നത്. ഏറ്റവുമൊടുവിൽ വിഷുവിനാണ് കുടിശ്ശികയുൾപ്പെടെ പെൻഷൻ ദുരിതബാധിതർക്ക് ലഭിച്ചത്. തുടർന്നുള്ള കുടിശ്ശിക ഓണത്തിന് കിട്ടുമെന്ന പ്രതീക്ഷയോടെ ദുരിത ബാധിത കുടുംബങ്ങൾ കാത്തിരിക്കെയാണ് വില്ലനായി പൂജ്യം കടന്നുവരുന്നത്.

അക്കൗണ്ട് നമ്പറിന്റെ തുടക്കത്തിൽ ചേർക്കേണ്ടിയിരുന്ന പൂജ്യം എന്ന അക്കം ചേർക്കാതെ അധികൃതർ പണമയച്ചതിനാൽ ദുരിതബാധിതരുടെ അക്കൗണ്ടിൽ പണമെത്തിയില്ല. ഒാണം കഴിഞ്ഞിട്ടും പെൻഷൻ കിട്ടാതെ വന്ന വിഷയം മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നുള്ള  അന്വേഷണത്തിലാണ് പൂജ്യം വില്ലനായ കഥ പുറത്തായത്.

നാലായിരത്തോളം പേർക്കാണ് പെൻഷൻ കിട്ടാനുള്ളത്. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ശാരീരിക അവശതകളുള്ളവർക്കും ലഭിക്കേണ്ട  പെൻഷൻ തുക ലഭ്യമാക്കുന്ന വിഷയം എത്ര അലംഭാവത്തോടെയും നിരുത്തരവാദപരവുമായാണ് ബന്ധപ്പെട്ടവർ കൈകാര്യം ചെയ്തതെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. 2200 രൂപയും 1200 രൂപയും വീതമാണ് രണ്ട് വിഭാഗങ്ങളിലായി എൻഡോസൾഫാൻ ദുരിത ബാധിതർക്ക് പെൻഷനായി ലഭിക്കുന്നത്. പൂജ്യം ചേർത്ത് ഇനി എപ്പോഴായിരിക്കും അക്കൗണ്ടിൽ പണമെത്തുന്നതെന്ന് കാത്തിരിക്കയാണ് ദുരിത ബാധിത കുടുംബങ്ങൾ.

LatestDaily

Read Previous

അട്ടപ്പാടി മധു വധക്കേസ്; സാക്ഷിയുടെ കാഴ്ച പരിശോധിച്ച ഡോക്ടറെ നാളെ വിസ്തരിക്കും

Read Next

കെഎസ്ആർടിസി കണ്ടക്ടറെ ആക്രമിച്ച  സ്വകാര്യ ബസ്  ജീവനക്കാർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്